|    Nov 23 Thu, 2017 11:13 am
FLASH NEWS

ശരീഅത്ത് സംരക്ഷണം; പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പമെന്ന് സമസ്ത

Published : 14th November 2016 | Posted By: SMR

പട്ടാമ്പി: ശരീഅത്ത് സംരക്ഷണ കാര്യത്തില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പം സമസ്ത നില്‍ക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി പ്രഫസര്‍ കെ ആലിക്കുട്ടി മുസ്  ലിയാര്‍ പറഞ്ഞു. വിളയൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 19, 20 തിയ്യതികളില്‍ കല്‍ക്കത്തയില്‍ വച്ച് നടക്കുന്ന പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ യോഗത്തിന് ശേഷം ശരീഅത്ത് സംരക്ഷണത്തിന് സമാധാനപരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും.  മുസ്‌ലിങ്ങള്‍ ഐക്യത്തോടെ നില്‍ക്കേണ്ട സമയത്ത് വിഘടിച്ച് നില്‍ക്കുന്നതിനോട് യോജിപ്പില്ല. ഈ കാര്യത്തില്‍ സമസ്ത പ്രതിഷേധം തുടങ്ങിയിട്ടേയുള്ളൂ. ആദ്യഘട്ടമെന്നോണം ഒപ്പു ശേഖരണം നടത്തി. മലപ്പുറത്ത് നടത്തിയ സംരക്ഷണ റാലിക്കെത്തിയ  ജനസഞ്ചയം ഈ വിഷയം ജനങ്ങളേറ്റടുത്തു എന്നതിന് തെളിവാണ്. 300 മതങ്ങളും അത്ര തന്നെ ഭാഷകളുമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രയോഗികമാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെന്നും ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. തീവ്രവാദികള്‍ എല്ലാ മതങ്ങളിലുമുണ്ടെന്നും ഒരു മതവും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും മുസ്‌ലിങ്ങളെ മാത്രം ഇക്കാര്യത്തില്‍ പഴിചാരുന്നത് ശരിയെല്ലെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളും ആലിക്കുട്ടി മുസ്‌ലിയാരോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക