|    Jan 22 Sun, 2017 3:41 pm
FLASH NEWS
Home   >  Opinion   >  

ശരീഅത്ത് പരിഷ്‌കരണം അനിവാര്യം

Published : 18th August 2015 | Posted By: admin

Tue, 18 Aug 2015 13:44:57

വി.എ. കബീര്‍/തേജസ് ദ്വൈവാരിക


 

വളരെ പ്രാഥമികമായ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ് ഒരാള്‍ ഏതു വസ്ത്രം ധരിക്കണമെന്നത്. വ്യക്തിപരമായ ഇഷ്ടങ്ങളില്‍ പെട്ടതാണത്. വ്യക്തിപരമായ അഭിരുചിയാണ് അതിന്റെ അടിസ്ഥാനം. മതപരമായും വിശ്വാസപരമായുമുള്ള വിഷയമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ഒരവകാശവുമാണ്.
മെഡിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് എന്തെങ്കിലും തടസ്സമില്ലാത്തവിധം ശിരോവസ്ത്രം ധരിക്കുന്നതിനു പ്രശ്‌നമില്ല. പരീക്ഷയ്ക്കു മുമ്പ് പരിശോധനയ്ക്കു വിധേയമാവണമെന്നേയുള്ളൂ എന്നു സി.ബി.എസ്.ഇ. വ്യക്തമാക്കിയതാണ്. അതിനപ്പുറം കോടതി ഈ വിഷയത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമൊന്നുമില്ല. മാത്രമല്ല, ഹരജി നല്‍കിയതിന്റെ അടിസ്ഥാനം പൊതുതാല്‍പ്പര്യമല്ല. അവരുടെ ഈഗോയാണെന്നാണ് കോടതി പറഞ്ഞത്. അത് അതിരുകവിഞ്ഞ വായനയാണ്. കോടതിക്കു നിയമപരമായി വസ്തുത എന്താണെന്നു നിരീക്ഷിച്ചാല്‍ മതിയാകും. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് എടുത്ത പുതിയ നടപടി കൊണ്ട് ഒരു വിഭാഗത്തിനു ക്ഷതമുണ്ടാകുന്നുണേ്ടാ എന്നു പരിശോധിക്കുക എന്നല്ലാതെ അതു മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യം കോടതിക്കില്ല. അപ്രകാരം ഇടപെടുന്നതിലൂടെ കോടതിയും കക്ഷിയായി മാറുകയാണ്.
ശിരോവസ്ത്രം മാത്രമല്ല, മറ്റു വസ്ത്രങ്ങളായാലും മാല്‍പ്രാക്ടീസ് സാധ്യമാണല്ലോ. അതിനാല്‍, പരീക്ഷയ്ക്ക് നഗ്നരായി വരണമെന്നു പറയാന്‍ പറ്റില്ലല്ലോ. സിഖുകാരുടെ തലപ്പാവിന്റെ പ്രശ്‌നത്തിലൊക്കെ വളരെ മുമ്പുതന്നെ ഇളവുള്ളതാണ്. തലപ്പാവ് ധരിക്കാന്‍ അവര്‍ക്ക് മുമ്പേതന്നെ കോടതി അനുവാദം കൊടുത്തതാണ്. യു.കെയിലും മറ്റും പോലിസില്‍ ധാരാളം സിഖുകാരുണ്ടായിരുന്നു. കോടതി ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ ഇടപെട്ട് പറയുന്നത് അത് ഇവിടത്തെ പൊതുബോധത്തിന് എതിരാണെന്നാണ്. പൊതുബോധം എന്നത് ഹിന്ദു പൊതുബോധമെന്നാണ് അര്‍ഥം കല്‍പ്പിക്കുന്നത്. എല്ലാ കാര്യവും അങ്ങനെയായി മാറ്റുകയാണ്.
സൂര്യനമസ്‌കാരവും സൂര്യനെ നോക്കുന്നതും ഒരേപോലെയല്ലല്ലോ. സൂര്യനെ എല്ലാവരും നോക്കാറുണ്ട്. പക്ഷേ, അതുപോലെയല്ല സൂര്യനമസ്‌കാരം എന്നു മനസ്സിലാക്കുന്നില്ല. അതേപോലെത്തന്നെയുള്ള വിഷയമാണ് നിലവിളക്ക്. ആരും വെളിച്ചത്തിന്റെ ശത്രുവല്ല. നിലവിളക്കിനെ വിമര്‍ശിക്കണമെന്നു നബി കല്‍പ്പിച്ചിട്ടില്ലല്ലോ. പക്ഷേ, അതൊരു മതവിശ്വാസത്തിന്റെ ഭാഗവും ആരാധനയുമാകുമ്പോഴാണ് പ്രശ്‌നം. വേണമെന്നുള്ളവര്‍ ചെയ്തുകൊള്ളട്ടെ. ഒരാള്‍ക്ക് അതില്‍ വിശ്വാസമില്ലെങ്കില്‍ ചെയ്യണമെന്നു പറയുന്നത് ബലാല്‍ക്കാരമാണ്.
ഫ്രാന്‍സ് വളരെ അഡ്വാന്‍സ്ഡ് സെക്കുലര്‍ ആയിട്ടുള്ള രാജ്യമാണ്. ഇതര യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മതവിരോധം ശക്തമാണിവിടെ. ഫ്രാന്‍സില്‍ അങ്ങനെയൊരു മതേതരത്വമാണ് നിലനില്‍ക്കുന്നത്. ശിരോവസ്ത്രം മാത്രമല്ല, നിഖാബിന്റെ പ്രശ്‌നങ്ങളുമുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലുള്ള വസ്ത്രധാരണങ്ങളുണെ്ടങ്കില്‍ അതിനു മുന്‍കരുതലുകള്‍ എടുക്കേണ്ടിവരും. മറുവശത്ത് അത്ര തീവ്രത പാലിക്കേണ്ടതില്ല. തുര്‍ക്കിയിലും തലയില്‍ തട്ടമിടാന്‍ തന്നെ പാടില്ലെന്ന നിലയുണ്ട്. അമേരിക്കയില്‍ ഇങ്ങനെയില്ല. അവിടെ ശിരോവസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമേയില്ല. അതു വസ്ത്രധാരണത്തിന്റെ ഒരു സ്വാതന്ത്ര്യമാണ്.
 muslims1 ജോര്‍ദാനില്‍ ഒരു ഫെമിനിസ്റ്റുണ്ട്- തൂജാന്‍ ഫൈസല്‍. ഫ്രാന്‍സില്‍ ശിരോവസ്ത്രധാരണം വിവാദമായപ്പോള്‍ ഫ്രഞ്ച് ടി.വി. അവരെ ഒരു ഇന്റര്‍വ്യൂവിനു സമീപിച്ചിരുന്നു. അവര്‍ അഭിമുഖം കൊടുത്തില്ല. അവര്‍ പറഞ്ഞു: ”എനിക്ക് നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. ഞാന്‍ മതമൗലികവാദത്തിന്റെ ഇരയാണ്. എങ്കിലും വസ്ത്രസ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടുന്നത് ശരിയല്ല.” അഭിമുഖം വളച്ചൊടിക്കപ്പെടുമോ എന്ന ധാരണ കാരണം അവര്‍ ഇന്റര്‍വ്യൂവിനു തന്നെ നിന്നുകൊടുത്തില്ല. അവര്‍ വലിയ സെക്കുലറും ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്നവരുമൊക്കെയാണ്.

ജോര്‍ദാന്‍ പാര്‍ലമെന്റിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ്. അവരെ മതവിഭാഗങ്ങള്‍ വളരെ രൂക്ഷമായി വിമര്‍ശിച്ചതാണ്. എന്നിട്ടുപോലും അവര്‍ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ നിലപാടാണ് എടുത്തത്. മുസ്‌ലിം പെണ്‍കുട്ടികള്‍ തല മറയ്ക്കുന്നതിനോട് വിരോധമുള്ള ആളുകളുണ്ട്. അധികമായ എതിര്‍പ്പുള്ളവരുണ്ട്. അവര്‍ ഇങ്ങനെയുള്ള സംഗതികള്‍ പ്രചാരവേലകള്‍ക്ക് ആയുധമാക്കി ഉപയോഗപ്പെടുത്തുന്നു.
സംശയമില്ല.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിശ്വാസസ്വാതന്ത്ര്യത്തിന്റെ ലംഘനം തന്നെയാണ് ഇത്തരം നീക്കങ്ങള്‍. മാത്രമല്ല, എല്ലാ മുസ്‌ലിം വിഭാഗങ്ങളും അഭിപ്രായഭിന്നതയില്ലാതെ ശക്തമായി പ്രതികരിച്ച വിഷയമാണിത്. കോടതികള്‍ മതേതരത്വത്തിന്റെ തത്ത്വങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണെ്ടങ്കില്‍ ഇങ്ങനെ തടസ്സങ്ങള്‍ ഉണ്ടാക്കുകയല്ല, നീക്കുകയാണ് വേണ്ടത്. ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. ക്രിസ്ത്യാനികള്‍ക്കും അതുണ്ടായിട്ടുണ്ട്. മാത്രമല്ല, ക്രിസ്ത്യന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളുകളില്‍ അവര്‍ ധരിക്കുന്ന വസ്ത്രം പോലെ മുസ്‌ലിം പെണ്‍കുട്ടികള്‍ തല മറച്ചു വരാന്‍ പാടില്ല എന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്.

 

 Muslim-women-Re ഇവിടെ ധുവീകരണമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമമുണ്ട്. അതിനാണ് ബി.ജെ.പിയുടെ പ്രമേയം. വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന പിന്നാക്കജാതികളെ കൂടി ഹിന്ദു ഐക്യത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രചരിപ്പിക്കുന്ന ഒരു ആശങ്കയാണത്. യഥാര്‍ഥമായ ഒരു സെക്കുലര്‍ രാഷ്ട്രമാണെങ്കില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്, ഏതെങ്കിലുമൊരു സമുദായത്തിനു കൂടുതല്‍ ജനസംഖ്യയുണ്ടാകുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നത്? എന്നും ഒരു കൂട്ടര്‍ മാത്രം ഭൂരിപക്ഷമാവുക എന്നതാണോ സെക്കുലറിസത്തിന്റെ ചൈതന്യം?
ഭൂരിപക്ഷ മതാധികാരമാണ് ഇവിടത്തെ സെക്കുലറിസം.  

എപ്പോഴും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടു മാത്രമേ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുള്ളൂ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ അങ്ങനെയാണ്. ഗാന്ധി വധിക്കപ്പെട്ട ഉടനെ ആര്‍.എസ്.എസിനെ നിരോധിക്കേണ്ടിവന്നപ്പോള്‍ മുസ്‌ലിംലീഗിന്റെ നാഷനല്‍ ഗാര്‍ഡിനെയും നിരോധിച്ചു. നാഷനല്‍ ഗാര്‍ഡ് ഗാന്ധിവധത്തില്‍ ഒരു പങ്കും വഹിക്കാത്ത കക്ഷിയാണ്. അടിയന്തരാവസ്ഥയില്‍ ആര്‍.എസ്.എസിനെ നിരോധിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, അതു തകര്‍ത്തതുമായി ഒരു പങ്കുമില്ലാത്ത ജമാഅത്തിനെയും ഐ.എസ്.എസിനെയും ആര്‍.എസ്.എസിനൊപ്പം നിരോധിച്ചു.മാത്രമല്ല, ട്രൈബ്യൂണല്‍ രൂപീകരിച്ചതിനു ശേഷം ആര്‍.എസ്.എസിനെ കുറ്റവിമുക്തമാക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം നിലനിര്‍ത്തുകയുമാണ് ചെയ്തത്. സുപ്രിംകോടതിയിലൂടെയാണ് ജമാഅത്തിന്റെ നിരോധനം നീക്കിക്കിട്ടിയത്.

പേഴ്‌സനല്‍ ലോ എന്നത് ശരിയായ ഒരു ഇസ്‌ലാമിക വ്യക്തിനിയമമൊന്നുമല്ല. ബ്രിട്ടിഷുകാരുടെ കാലത്തുണ്ടായതാണത്. 1937ല്‍ ഹുഖൂഖു സൗജ എന്ന പുസ്തകത്തില്‍ മൗദൂദി അതിനെ എതിര്‍ത്തിട്ടുണ്ട്. മുസ്‌ലിം പേഴ്‌സനല്‍ ലോ മുഖേന സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ പരിഷ്‌കരണം വേണമെന്നു വാദിച്ച പുസ്തകമാണത്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ ബ്രിട്ടിഷുകാരുടെ കാലത്താണ് മൗദൂദി ഇങ്ങനെ ആവശ്യപ്പെട്ടത്. ആ പുസ്തകം ഇപ്പോഴുമുണ്ട്. മുത്ത്വലാഖ് പോലുള്ള പ്രശ്‌നങ്ങളില്‍ മുസ്‌ലിംകള്‍ തന്നെ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം.
അശ്‌റഫ് സാനവി മുമ്പ് ഇടപെട്ടിട്ട് മാര്യേജ് ഡിസ്സൊലൂഷന്‍ ആക്ട് കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് ത്വലാഖ് ചൊല്ലാന്‍ പാടില്ല എന്നാണ് ഹനഫീ മദ്ഹബ്. സ്ത്രീകള്‍ക്കു വിവാഹമോചനം നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ മതം മാറാന്‍ നിര്‍ബന്ധിതരാവും. അതിനാല്‍ മുസ്‌ലിം പേഴ്‌സനല്‍ ലോയില്‍ മാര്യേജ് ആക്ടില്‍ ഇമാം മാലികിന്റെ ഒരു തത്ത്വം സ്വീകരിച്ച് മാറ്റം വരുത്തുകയുണ്ടായി. ഖുര്‍ആനില്‍ പറഞ്ഞ രീതി സ്വീകരിക്കുന്നതിനു പകരം ആചാരപരമായ രീതികള്‍ സ്വീകരിക്കണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്? ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ആക്ടുകളൊക്കെ പരിശോധിച്ചുകൊണ്ട് അതിനനുസരിച്ച ഒരു ക്രോഡീകരണം ഉണ്ടായിട്ടില്ലെങ്കില്‍ എഴുതിവച്ച പഴയ നിയമങ്ങള്‍ക്കനുസരിച്ചേ കോടതിക്ക് വിധിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ ഗവണ്‍മെന്റ് അതില്‍ ഇടപെടും. നമ്മള്‍ സ്വയം ഇടപെടാതെ മറ്റു മാര്‍ഗമില്ല. അത് മനസ്സിലാക്കി വിവേകപൂര്‍വം നീങ്ങിയിട്ടില്ലെങ്കില്‍ സമുദായം വലിയ വില കൊടുക്കേണ്ടിവരും.

 28-12-14_How-Did-Islam-Spread-in-India  

ഏക സിവില്‍കോഡ് എന്നത് യാതൊരു രൂപവുമില്ലാതെ പറയുന്ന സംഗതിയാണ്. എന്താണ് ഇവിടെ അതിന്റെ സാംഗത്യം? ഗോള്‍വാള്‍ക്കര്‍ പോലും അതിന് അനുകൂലമായിരുന്നില്ല. കാരണം, ഹിന്ദുത്വത്തില്‍ ഉള്ള പല വൈരുധ്യങ്ങളും നിലനില്‍ക്കേണ്ടതുണ്ടായിരുന്നു. പല ആചാരങ്ങളും നിലനില്‍ക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് എഴുപതുകളില്‍ ഓര്‍ഗനൈസര്‍ പത്രത്തിനു നല്‍കിയ ഒരു അഭിമുഖത്തില്‍, ഏക സിവില്‍കോഡിന് താന്‍ അനുകൂലമല്ലെന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. അവരുടെ നേതാവ് തന്നെ എതിര്‍ത്ത ഒരു സംഗതി നടപ്പാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അവര്‍ മുറവിളി കൂട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 173 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക