|    Apr 26 Wed, 2017 11:08 pm
FLASH NEWS

ശരീഅത്ത് നിയമത്തില്‍ സ്ത്രീകള്‍സുരക്ഷിതര്‍: വ്യക്തിനിയമ ബോര്‍ഡ്

Published : 30th October 2016 | Posted By: mi.ptk

uniform-civil-code

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ ശരീഅത്ത് നിയമത്തില്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ഏകസിവില്‍കോഡ് ആവശ്യമില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. മുത്വലാഖിനെക്കുറിച്ച് നടക്കുന്ന വിവാദങ്ങള്‍ക്കിടയിലാണു വ്യക്തിനിയമബോര്‍ഡിന്റെ വിശദീകരണം. പൊതുവേ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഏക സിവില്‍ കോഡ് ആവശ്യമില്ല. അവര്‍ ശരീഅത്ത് നിയമത്തില്‍ പൂര്‍ണമായും സുരക്ഷിതരാണ്-വ്യക്തിനിയമ ബോര്‍ഡംഗം കമാല്‍ ഫാറൂഖി പറഞ്ഞു. മുത്വലാഖ് നിര്‍ത്തലാക്കുന്നതിനെതിരേ ബോര്‍ഡ് ഒപ്പുശേഖരണ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, യുപി, ബിഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മുസ്‌ലിം വനിതകള്‍ ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും ബോര്‍ഡിന് പ്രതിനിധികളില്ലാതിരുന്നിട്ടും നല്ല പ്രതികരണമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ ഒറ്റക്കെട്ടായി വ്യക്തിനിയമം സംരക്ഷിക്കണമെന്നാവശ്യപ്പെടുമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം അസ്്മ സെഹറ പറഞ്ഞു. മറ്റു മതങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം കുറവാണ്. മാത്രമല്ല, വിവാഹമോചിതയ്ക്ക് നഷ്ടപരിഹാരത്തിനുള്ള അവകാശവുമുണ്ട്- അസ്മ വ്യക്തമാക്കി.അതേസമയം, ബോര്‍ഡിന്റെ നിലപാട് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ചില സ്ത്രീ സന്നദ്ധപ്രവര്‍ത്തകര്‍ ആരോപിച്ചു. മുത്വലാഖിനെ ചോദ്യംചെയ്തു സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ സംഘടനകളില്‍പ്പെട്ട ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ നേതാവ് നൂര്‍ജഹാന്‍ സഫിയ നിയാസ്, മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നതു തടയാന്‍ ആര്‍ക്കും കഴിയില്ലെന്നാണു പറഞ്ഞത്. ഈ സംഘടന ബിജെപിയുടെ ഉപകരണമാണെന്ന് അസ്മ തിരിച്ചടിച്ചു. അതിനിടെ യുപിയിലെ രാംപൂരിലെ ജുമാമസ്ജിദ് മുത്വലാഖ്, ഏകസിവില്‍കോഡ് വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇസ്‌ലാമിനെ സൃഷ്ടിച്ചത് മനുഷ്യരല്ല. ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് അത് സ്ഥാപിതമായത്. ഇസ്‌ലാമിനെ അപമാനിക്കാനുള്ള ശ്രമമാണ് മുത്വലാഖ് റദ്ദാക്കാനുള്ള നീക്കത്തിനു പിന്നില്‍-ജുമാമസ്ജിദ് ഇമാം മൗലാനാ ഫായിസല്‍ ഖാന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day