|    Sep 26 Wed, 2018 5:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശരിയാവാതെ പോലിസ്‌

Published : 7th June 2018 | Posted By: kasim kzm

ആലുവ: മുഖ്യമന്ത്രിയുടെയും പോലിസ് മേധാവിയുടെയും ശാസനകളും നടപടികളും തുടരുമ്പോഴും ശരിയാവാതെ പോലിസ്. ഏറ്റവുമൊടുവില്‍ ആലുവയില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തിലും പോലിസ് വീഴ്ച പുറത്തുവന്നു. പോലിസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു പോലിസുകാര്‍ക്കെതിരേ കേസെടുത്തു.
എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാനെ (39) കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് നാലു പോലിസുകാര്‍ക്കെതിരേ കേസെടുത്തത്. എടത്തല പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐമാരായ പുഷ്പരാജ്, ഇന്ദുചൂഡന്‍, സീനിയര്‍ സിപിഒ ജലീല്‍, സിപിഒ അഫ്‌സല്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ പുഷ്പരാജ്, ജലീല്‍, അഫ്‌സല്‍ എന്നിവരെ എആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഇന്ദുചൂഡന്‍ നിലവില്‍ മറ്റൊരു സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ്. നാലുപേര്‍ക്കെതിരേയും വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായ ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്. പോക്‌സോ കേസിലെ പ്രതിയെ പിടികൂടി കാറില്‍ കൊണ്ടുവരുന്നതു വഴി പോലിസുകാരെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഉസ്മാനെതിരായ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ എടത്തല സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. മഫ്തിയിലായിരുന്ന പോലിസ് സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ മറ്റൊരു ബൈക്കിലിടിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലാണ് ഉസ്മാന് മര്‍ദനമേറ്റതെന്നുമാണ് പോലിസ് പറയുന്നത്.
അതേസമയം, പോലിസ് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച സംഭവം സംസാരിച്ചുകൊണ്ടിരിക്കെ ഒരു പ്രകോപനവുമില്ലാതെ പോലിസ് ഡ്രൈവര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു.നാട്ടുകാര്‍ പോലിസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് ഇദ്ദേഹത്തിന് ചികില്‍സ ലഭ്യമാക്കാന്‍ പോലിസ് തയ്യാറായത്. മര്‍ദനത്തെ തുടര്‍ന്ന് ഉസ്മാന്റെ താടിയെല്ലിനും കവിളത്തെ എല്ലിനും സാരമായ പരിക്കേറ്റു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് ഉസ്മാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss