|    Apr 24 Tue, 2018 6:29 pm
FLASH NEWS
Home   >  News now   >  

ശരിയാക്കലിലെ ശരികേടുകള്‍

Published : 31st May 2016 | Posted By: G.A.G

IMTHIHAN-SLUG-smallവന്‍ഭൂരിപക്ഷത്തോടു കൂടി ഇടതു മുന്നണി മന്ത്രി സഭ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയിട്ട് ദിവസങ്ങളേ ആയുളളൂ. ഒരാഴ്ച പോലും തികഞ്ഞിട്ടില്ല. കേരളീയ സമൂഹം സാമ്പത്തിക-സാമൂഹിക -രാഷ്ട്രീയ  രംഗങ്ങളില്‍ അനുഭവിച്ചു കൊണ്ടിരുന്ന വിവിധ പ്രശ്‌നങ്ങളെ ഉയര്‍ത്തി കാട്ടി അവയോരൊന്നും ശരിയാക്കാന്‍ എല്‍ഡിഎഫ് വരണമെന്നാവശ്യപ്പെട്ട് വോട്ടു നേടിയാണ് അവര്‍ അധികാരത്തിലേറിയത്.

മന്ത്രിസഭ ഒരു വര്‍ഷമെങ്കിലും പൂര്‍ത്തീകരിക്കാതെ അതെക്കുറിച്ച് അഭിപ്രായം പറയുന്നതും ശരിയല്ല.
എന്നാല്‍ മുഖ്യമന്ത്രി പിണറായിയും ചില മന്ത്രിമാരും വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വന്‍ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളെ കടുത്ത ഇഛാഭംഗത്തിലാക്കുന്നതാണ് എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇടതു മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ ജനപക്ഷത്തു നില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ വികസ നയമാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.

വിശിഷ്യാ ജനകീയ സമരമുഖങ്ങളിലെ ആവേശോജ്വല സാന്നിധ്യമായ വി എസ് അച്ചുതാനന്ദന്‍ ഇടതു മുന്നണിയുടെ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരകനായിരുന്ന സാഹചര്യത്തില്‍.
പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റതിനു ശേഷം ആദ്യം നടത്തിയ ഡല്‍ഹി യാത്ര കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതും പരിസ്ഥിതി സ്‌നേഹികളുടെ ഉറക്കം കെടുത്തുന്നതുമായിപ്പോയി.

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മൂന്ന് ഉറപ്പുകളാണ് നല്‍കിയത്. ഒന്ന് ദേശീയ പാത വികസനം 45 മീറ്ററില്‍ പൂര്‍ത്തീകരിക്കും. രണ്ട് ഗെയ്ല്‍ പദ്ധതി നടപ്പാക്കുന്നതിലെ തടസ്സങ്ങള്‍ നീക്കും. മൂന്ന് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്നും കേരളം പിന്‍മാറും.
ദേശീയ പാത വികസനം അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളിലെ അതേ മാനദണ്ഡം തന്നെ അടിച്ചേല്‍പിക്കുന്നത് അത്യന്തം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വീടും ഉപജീവനോപാധികളും നഷ്ടപ്പെടുന്ന അനേകായിരങ്ങള്‍ വര്‍ഷങ്ങളായി ഇതിനെതിരെ സമരമുഖത്താണ്.

പലേടങ്ങളിലും ഇടതു പക്ഷ പ്രസ്ഥാനങ്ങളും ഇരകളോടൊപ്പമുണ്ട്. ഇടതു മുന്നണി അധികാരത്തിലേറുന്നതിനു മുമ്പ് ദേശീയ പാത സമരസമിതിക്കു നല്‍കിയ ഉറപ്പും അപ്രകാരമാണ് എന്നതിന് പ്രകനപത്രിക തെളിവാണ്. മാത്രമല്ല 45 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കുമ്പോള്‍ കേന്ദ്രനയമനുസരിച്ച് ബി ഒ ടി അടിസ്ഥാനത്തിലാണ് അതു നിര്‍മ്മിക്കപ്പെടുകയെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതാകട്ടെ ടോള്‍ പിരിവിനു വഴി വെക്കുന്നതാണു താനും.

സമാനമാണ് ഗെയ്ല്‍ അഥവാ ദ്രവീകൃത വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ അവസ്ഥയും. ഒട്ടേറെ ജനവാസ മേഖലകളില്‍ കൂടി;സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും പലപ്പോഴും വീടുപോലും രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്ന ഗെയിലിനെതിരെ പദ്ധതി പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത പ്രതിഷേധ സമരങ്ങളിലാണ്.

ഇക്കാര്യങ്ങളൊന്നും അറിയാത്ത ആളല്ല ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നമ്മുടെ മുഖ്യമന്ത്രി. എന്നാല്‍ കേരളത്തിലെ സിപിഎം ആര്‍എസ്എസ് സംഘട്ടനങ്ങളെക്കുറിച്ച് പരാതി പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് നിങ്ങളുടെ ആളുകളോട് ആദ്യം നിര്‍ത്താന്‍ പറയൂ എന്നു പറഞ്ഞ പിണറായിയുടെ കമ്മ്യൂണിസ്റ്റ് ആര്‍ജ്ജവും നട്ടെല്ലും ലക്ഷകണക്കിനു സാധാരണക്കാരുടെ ജീവല്‍പ്രശ്‌നത്തോട് പിണറായി കാണിച്ചില്ല.  കാണിച്ചിരുന്നെങ്കില്‍ പുതിയ മുഖ്യമന്ത്രി  ഇരകളുടെ നീറിപ്പുകയുന്ന മനസില്‍ മിശിഹാ ആയി എന്നെന്നും വാഴ്ത്തപ്പെട്ടേനെ. അഥവാ വികസനമെന്നത് അടിത്തട്ടിലുളളവനേക്കൂടി കണക്കിലെത്തായിരിക്കണമെന്ന സോഷ്യലിസ്റ്റ് ധാരക്കു പകരം വരേണ്യരുടെ അതിവരേണ്യതയായി പിണറായിയും കരുതുന്നുവോ.
മൂന്നാമതായി മുല്ലപ്പെരിയാര്‍. മറ്റു രണ്ടു വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിഷയം. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ വലിയൊരളവോളം ശരിയുണ്ടെന്നതും അംഗീകരിക്കുന്നു. അതോടൊപ്പം ഒരുപാടു കാലമായി ശരിയായോ തെറ്റായോ കേരളത്തിലെ മൂന്നു ജില്ലകളിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര അവധാനത മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നതാണു വാസ്തവം. വിഷയം തമിഴ്‌നാടുമായി രമ്യതയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് രാജ്യാന്തര വിദഗ്ധരുടെ സംഘത്തെക്കൊണ്ട്  അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അണക്കെട്ടിനെ മുന്‍ നിര്‍ത്തിയുളള മുതലെടുപ്പുകള്‍ക്ക് അവസാനമാകുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss