|    May 23 Wed, 2018 6:27 pm
FLASH NEWS

ശരപ്പക്ഷി സംരക്ഷണം: പ്രകൃതി സംരക്ഷണസമിതി പ്രത്യേക പ്രചാരണം നടത്തും

Published : 9th October 2016 | Posted By: SMR

കല്‍പ്പറ്റ:   അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളുടെ അളവ് നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ശരപ്പക്ഷികളുടെ സംരക്ഷണം മുന്‍നിര്‍ത്തി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രത്യേക പ്രചാരണം നടത്തും. ബ്രഹ്മഗിരിയിലെ പക്ഷിപാതാളത്തില്‍ 1990കളില്‍ ആയിരക്കണക്കിനുണ്ടായിരുന്ന ശരപ്പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണിതെന്നു സമിതി പ്രസിഡന്റ് എന്‍ ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു. ജില്ലയില്‍ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പ്രചാരണം. ഇത് എപ്പോള്‍ തുടങ്ങണമെന്നതടക്കം കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
വയനാട്ടില്‍ പക്ഷിപാതാളത്തിലും ചെമ്പ്രമലയുടെ ചരിവുകളിലുമാണ് ശരപ്പക്ഷികളുടെ സാന്നിധ്യം. കറുപ്പുകലര്‍ന്ന തവിട്ടുനിറവും 10-12 സെന്റിമീറ്റര്‍ നീളവും 15-18 ഗ്രാം തൂക്കവുമുള്ള കുഞ്ഞന്‍ പക്ഷികളാണിവ. കൂട്ടമായി ജീവിക്കുന്ന ശരപ്പക്ഷികള്‍ മലഞ്ചെരിവുകളില്‍ ഉപരിതലത്തിനുതാഴെ ഗുഹകളിലെ അറകളിലാണ് കൂടുകൂട്ടുന്നത്. ഉമിനീര്‍ ഖരരൂപത്തിലാക്കിയാണ് കൂട് നിര്‍മാണം.
പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുവെന്നാണ് ശരപ്പക്ഷികളുടെ കൂടിനു ഖ്യാതി. ഇതിനു വിദേശങ്ങളിലടക്കം രഹസ്യവിപണികളില്‍ തീവിലയാണ്. സൂപ്പ് നിര്‍മാണത്തിനാണ് കൂട് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടുകള്‍ കട്ടുകടത്താനും വില്‍ക്കാനും തക്കംപാര്‍ക്കുന്നവരാണ് ശരപ്പക്ഷികളുടെ മുഖ്യ വൈരികള്‍. ഇവരുടെ ബാഹുല്യമാണ് ചൈനയില്‍ ഈയിനം പക്ഷികളുടെ കഥകഴിച്ചത്. ആന്തമാനില്‍ ശരപ്പക്ഷികള്‍ വംശനാശത്തിന്റെ വക്കോളം എത്തിയതാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഗവേഷകര്‍ ഭരണതലത്തില്‍ നടത്തിയ ഇടപെടലാണ് അവ കുറ്റിയറ്റുപോവുന്നതിന് തടയിട്ടത്.
അന്തരീക്ഷത്തിലെ സൂക്ഷ്മജീവികളാണ് ശരപ്പക്ഷികളുടെ മുഖ്യ ആഹാരമെന്നു പക്ഷിശാസ്ത്രജ്ഞന്‍ സി കെ വിഷ്ണുദാസ് പറഞ്ഞു. ഇതാണ് പരിസ്ഥിതി സന്തുലനത്തില്‍ ശരപ്പക്ഷികള്‍ക്ക് പ്രാധാന്യം നല്‍കുന്നതും. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിനു പുറത്തും കാണപ്പെടുന്ന ശരപ്പക്ഷികളെ വനം-വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതീവസംരക്ഷണം അര്‍ഹിക്കുന്ന വന്യജീവി കളാണ് ഈ പട്ടികയില്‍. പകല്‍ കൂട്ടത്തോടെ ഉയര്‍ന്നുപറക്കുന്ന സ്വഭാവക്കാരാണ് ശരപ്പക്ഷികള്‍. അന്തരീക്ഷം മഴമേഘാവൃതമാവുമ്പോഴാണ് താഴ്ന്നുപറക്കല്‍. ഗതകാലത്ത് ശരപ്പക്ഷികളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ബ്രഹ്മഗിരിയിലെ ദുര്‍ഘടമേഖലയിലുള്ള പക്ഷിപാതാളം. മുഖ്യമായും കര്‍ണാടകയില്‍നിന്നുള്ള വേട്ടസംഘങ്ങളാണ് സാഹസികമായി ഇവിടെയെത്തി കൂടുകള്‍ കടത്തിയിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പക്ഷിപാതാളത്തില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ശരപ്പക്ഷികളുടെ ഏതാനും കൂടുകള്‍ മാത്രമാണ് കാണാനായതെന്നു വിഷ്ണുദാസ് പറഞ്ഞു. അപൂര്‍വയിനത്തില്‍പ്പെട്ട വേറെയും കിളികളുടെ താവളമാണ് പക്ഷിപാതാളം.
ഇവയുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് 2014ല്‍ വടക്കേവയനാട് ഡിഎഫ്ഒ ആയിരുന്ന എ ഷാനവാസ് പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിങ് വിലക്കിയത്. അടുത്തകാലത്ത് ബ്രഹ്മഗിരിയില്‍ വനംവകുപ്പ് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നിര്‍മാണങ്ങള്‍ നടത്തിയിരുന്നു. ഇതു വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ കടുത്ത ക്ഷതമേല്‍പ്പിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss