|    Jun 24 Sun, 2018 3:22 am
FLASH NEWS

ശമ്പള- പെന്‍ഷന്‍ വിതരണം അവതാളത്തില്‍

Published : 2nd December 2016 | Posted By: SMR

കണ്ണൂര്‍: ജനങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്തായില്ല. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള സ8ര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണം പാളി. ജില്ലയിലെ മിക്ക ട്രഷറികളിലും ഇതാണു സ്ഥിതി. ആവശ്യത്തിന് പണമില്ലാത്തതാണ് വിതരണം താറുമാറാവാന്‍ കാരണം. ഇതേച്ചൊല്ലി പലയിടത്തും ഉദ്യോഗസ്ഥരും ഇടപാടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ടോക്കണ്‍ ലഭിച്ചിട്ടും ഇടപാടുകാര്‍ക്ക് പണം കിട്ടാതെ മടങ്ങേണ്ടി വന്നു. ശമ്പളത്തിനും പെന്‍ഷനുമായി ആറു കോടിയോളം രൂപയാണു ജില്ലയില്‍ വേണ്ടത്. എന്നാല്‍ ഇന്നലെ ട്രഷറികളില്‍ എത്തിയത് മൂന്നുകോടി മാത്രം. ഉച്ചയോടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കിയതിനാല്‍ ഏത് ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാം. എന്നാല്‍ പ്രതിസന്ധി കാരണം മിക്കയിടത്തും ഗുണഭോക്താക്കള്‍ വലഞ്ഞു. ട്രഷറികളില്‍ രാവിലെ ആറുമുതല്‍ ഗുണഭോക്താക്കളുടെ നീണ്ടനിര ദൃശ്യമായിരുന്നു. എന്നാല്‍ 12ഓടെയാണ് ബാങ്കില്‍നിന്നു പണമെത്തിയത്. ലഭിച്ച പണം എണ്ണിത്തിട്ടപ്പെടുത്തേണ്ടി വന്നതിനാല്‍ ടോക്കണ്‍ നല്‍കിയെങ്കിലും വിതരണം പിന്നെയും വൈകി. ബില്ല് വരുന്ന മുറയ്ക്ക് പണം ക്രെഡിറ്റ് ചെയ്യുന്ന രീതിയായതിനാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ക്കും സമയമെടുത്തു. ഒരുകോടി 25 ലക്ഷം രൂപ ആവശ്യമുള്ള ജില്ലാ സബ് ട്രഷറിയില്‍ ഇന്നലെ ലഭിച്ചതാവട്ടെ 40 ലക്ഷം രൂപ മാത്രം. 50 പെന്‍ഷന്‍കാര്‍ക്കാണ് ഇന്നലെ തുക വിതരണം ചെയ്തത്. ശേഷിക്കുന്നവര്‍ക്ക് ഇന്നു നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ടോക്കണ്‍ കൊടുത്തെങ്കിലും പലര്‍ക്കും പണം ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇവര്‍ ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിച്ചു. പലയിടത്തും ജനബാഹുല്യം കണക്കിലെടുത്ത് നിശ്ചിത എണ്ണം ടോക്കണ്‍ മാത്രമാണു വിതരണം ചെയ്തത്. ഗ്രാമീണ മേഖലയിലെ ട്രഷറികളിലും സ്ഥിതി മറ്റൊന്നല്ല. ശ്രീകണ്ഠപുരം, പയ്യന്നൂര്‍, തളിപ്പറമ്പ് ട്രഷറികളില്‍ ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ട്. അവ വിതരണവും ചെയ്തു. എന്നാല്‍ എന്നാല്‍ ആലക്കോട്, ചക്കരക്കല്ല്, ചെറുപുഴ, പഴയങ്ങാടി ട്രഷറികളില്‍ ആവശ്യപ്പെട്ടതിന്റെ പകുതി പണം മാത്രമാണ് എത്തിയത്. കൊളച്ചേരി ട്രഷറിയില്‍ 20 ലക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വിതരണം മുടങ്ങി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ട്രഷറികള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. നോട്ടുകള്‍ വരുന്ന മുറയ്ക്ക് ട്രഷറികളിലേക്ക് കൈമാറുമെന്ന നിലപാടിലാണു ബാങ്ക് അധികൃതര്‍. ആവശ്യമായ പണം ലഭിച്ചാല്‍ രണ്ടുദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ട്രഷറികള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി. അതേസമയം, ആദ്യ ശമ്പളദിനത്തില്‍ ബാങ്കുകളിലും ജീവനക്കാരുടെ തിരക്ക് ദൃശ്യമായി. എടിഎമ്മുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പണമില്ലാത്തതിനാല്‍ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ ചില എടിഎം കൗണ്ടറുകള്‍ ഇന്നലെയും തുറന്നുപ്രവര്‍ത്തിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss