|    Oct 17 Tue, 2017 3:26 pm
Home   >  Todays Paper  >  Page 1  >  

ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ രണ്ടാം ഭാഗം സമര്‍പ്പിച്ചു; അവധി ദിവസങ്ങള്‍ കുറയ്ക്കണം

Published : 1st January 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അവധിദിനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും സ്ഥാനക്കയറ്റത്തിനു സീനിയോറിറ്റിയേക്കാള്‍ ജോലിയിലെ പ്രകടനം കൂടി കണക്കിലെടുക്കണമെന്നും 10ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ രണ്ടാം ഭാഗം റിപോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നത് ശുപാര്‍ശ ചെയ്യുന്ന ആദ്യ റിപോര്‍ട്ട് കഴിഞ്ഞ ജൂലൈ 13ന് സര്‍ക്കാരിനു കൈമാറിയിരുന്നു.
ജീവനക്കാരുടെ പ്രതിവര്‍ഷ കാഷ്വല്‍ അവധി 20ല്‍ നിന്നു 15 ആയി കുറയ്ക്കണം. പൊതു അവധിദിനങ്ങള്‍ 25ല്‍ നിന്നു 15 ദിവസമാക്കണം. നിലവില്‍ അനുവദിച്ച 10 നിയന്ത്രിത അവധി 5 ആക്കണം. ഒരു പൊതു അവധിക്കു മുമ്പോ പിമ്പോ അനുവദിക്കുന്ന അവധികള്‍ ബന്ധപ്പെട്ട വിഭാഗത്തിലെ ജീവനക്കാര്‍ക്കു മാത്രമായി ചുരുക്കണം. ഒരു വര്‍ഷം കുറഞ്ഞത് 285 പ്രവൃത്തിദിനങ്ങളെങ്കിലും ഉറപ്പാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്.
ജീവനക്കാരുടെ പ്രകടനം സംബന്ധിച്ച് പ്രതിമാസ-വാര്‍ഷിക റിപോര്‍ട്ടുകള്‍ ഓഫിസ് മേധാവികള്‍ തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാവൂ. ഉന്നത തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കരുത്. മികച്ച പ്രകടനം കൂടി കണക്കിലെടുക്കണം. ഇതിനായി പരീക്ഷ നടത്തണം. അധികമുള്ള ജീവനക്കാരെ കണ്ടെത്തി കൃഷിവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുനര്‍വിന്യസിക്കണം. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാത്രമേ ഡെപ്യൂട്ടേഷനില്‍ വിടാവൂ. നിര്‍ദിഷ്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സെക്രട്ടേറിയറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക പരിശോധനാ വിഭാഗത്തിനു രൂപം നല്‍കണം. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഈ ടീമിനു സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസിലും ഏതു സമയത്തും പരിശോധിക്കാനുള്ള അധികാരം ഉണ്ടായിരിക്കും. എല്ലാ വകുപ്പുകളിലും ജീവനക്കാര്‍ക്കും പഞ്ചിങ് ഹാജര്‍ നിര്‍ബന്ധമാക്കണം. പഞ്ചിങ് സമ്പ്രദായം സ്പാര്‍ക്കുമായി ബന്ധിപ്പിക്കുകയും ലീവ് പരിധി കഴിഞ്ഞ ശേഷം ഹാജര്‍ കുറഞ്ഞാല്‍ സ്പാര്‍ക്കില്‍ നിന്നും ശമ്പളം പിടിക്കുകയും വേണം. ഫീല്‍ഡ് ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഹാജര്‍ ഉറപ്പുവരുത്തുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ വേണം.
എല്ലാ വകുപ്പുകളിലും രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരീക്ഷ നടത്തണം. സമാന തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തിയാല്‍ മതിയാവും. സുപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷാ നടത്തിപ്പ് രണ്ടു തലത്തിലാവണം. റാങ്ക്‌ലിസ്റ്റുകളുടെ പരമാവധി കാലാവധി രണ്ടു വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. ജീവനക്കാര്‍ക്കായി പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. പെന്‍ഷന്‍കാര്‍ക്കും ഇത്തരത്തില്‍ പദ്ധതി ഏര്‍പ്പെടുത്താവുന്നതാണ്.
ഇതിനായി ജീവനക്കാരില്‍ നിന്ന് ഒരു നിശ്ചിത തുക പ്രീമിയമായി ഈടാക്കാം. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ലൊരു തുക മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റായി നല്‍കുന്നുണ്ട്. ഈ തുക പദ്ധതിക്കായി വക മാറ്റാം. അംഗമാവുന്നതിനു മുമ്പുണ്ടായിരുന്ന രോഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക