|    Jun 28 Wed, 2017 7:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശമ്പളവും പെന്‍ഷനും മുടങ്ങില്ല; 1000 കോടി രൂപ റിസര്‍വ് ബാങ്ക് ഇന്നു നല്‍കും

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി 1000 കോടി രൂപ ഇന്നു ലഭ്യമാക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണമുള്ളതിനാല്‍ ആഴ്ചയില്‍ 24,000 രൂപ വീതമേ പിന്‍വലിക്കാനാവൂ. ട്രഷറിയിലും ബാങ്കില്‍ നിന്നും ഇന്നു രാവിലെ മുതല്‍ പണം പിന്‍വലിക്കാനാവുമെന്ന് ധനമന്ത്രി അറിയിച്ചു.
കറന്‍സി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പള വിതരണത്തെക്കുറിച്ച് തീരുമാനിക്കാന്‍ ആര്‍ബിഐ-ബാങ്ക് പ്രതിനിധികളുമായി ധനമന്ത്രിയും ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 രൂപ വീതം ശമ്പളവും പെന്‍ഷനും വാങ്ങുന്ന പത്തു ലക്ഷം പേര്‍ക്കു നല്‍കാന്‍ 2400 കോടി രൂപ ആദ്യവാരം വേണ്ടതുണ്ട്. ഇതില്‍ 1000 കോടി ഇന്നു ബാങ്കുകളിലും ട്രഷറികളിലും എത്തിക്കാമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കി. ബാക്കി തുക അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കും.
ചെറിയ തുകയുടെ വേണ്ടത്ര കറന്‍സി കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ അനുവദിക്കുന്ന പണം ഭൂരിഭാഗവും 2000ന്റെയും 500ന്റെയും നോട്ടാവാനാണ് സാധ്യത. ഇതു വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രി റിസര്‍വ് ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഴ്ചയില്‍ 24,000 രൂപ വീതം പിന്‍വലിക്കാമെന്നത് കേന്ദ്രത്തിന്റെ വാഗ്ദാനമായതിനാല്‍ അതിനു വേണ്ട പണം ലഭ്യമാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്.
അശാസ്ത്രീയമായ നോട്ട് നിരോധനം കാരണം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടാവുന്ന നഷ്ടം അടുത്ത മാസമേ അറിയാനാകൂ. അടുത്ത മാസം ശമ്പളം നല്‍കാന്‍ ആവശ്യമായ പണം കുറയും. ആ തുക സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവായ്പയായി അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രഷറികളുടെ പ്രവര്‍ത്തനസമയം ഇന്ന് 6 മണി വരെ നീട്ടാന്‍ തീരുമാനിച്ചതായി ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക