|    Jul 26 Wed, 2017 8:25 am
FLASH NEWS

ശമ്പളമില്ല; കെഎസ്ആര്‍ടിസിയില്‍ നിസ്സഹകരണ സമരം തുടരുന്നു

Published : 6th October 2016 | Posted By: Abbasali tf

കായംകുളം/ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് ജീവനക്കാരുടെ നിസ്സഹകരണ സമരം ഇന്നലെയും തുടര്‍ന്നു. ആലപ്പുഴ ഡിപ്പോയിലെ ദീര്‍ഘദൂര ഷെഡ്യൂളുകള്‍ ജീവനക്കാര്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തലാക്കി. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിരവധി സര്‍വീസുകള്‍ റദ്ധാക്കി. തിങ്കളാഴ്ച മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മാറ്റം സംബന്ധിച്ച രജിസ്റ്ററില്‍ ഒപ്പിടാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതോടെ നിരവധി സര്‍വീസുകള്‍ റദ്ധാക്കി. സമരത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ശമ്പളം നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അപ്രതീക്ഷിത പണിമുടക്ക് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ വലച്ചു. 30-ാം തിയ്യതി ലഭിക്കേണ്ട ശമ്പളം അഞ്ച് ദിവസം പിന്നിട്ടിട്ടും ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് പണിമുടക്കാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കായംകുളം ബസ്‌സ്റ്റേഷനില്‍ ധര്‍ണ നടത്തിയിരുന്നു.ഇന്നലെ മുതല്‍ നിരാഹാര സമരം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍  ഡ്യൂട്ടിക്കെത്തിയവര്‍ നിരാഹാര സമരക്കാര്‍ക്കൊപ്പമിരുന്ന് പണിമുടക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ ബസ് കാത്ത് പലയിടങ്ങളില്‍ നിന്നവരും വിദ്യാര്‍ഥികളും ബസ്സ്റ്റാന്റില്‍ എത്തിയെങ്കിലും ട്രിപ്പ് തുടങ്ങാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല. പിന്നീട് യാത്രക്കാര്‍ സ്വകാര്യ ബസ്സുകളെ അഭയംപ്രാപിച്ചു. കായംകുളം ഡിപ്പോയില്‍ 78 ഷെഡ്യൂളുകളാണ് ഉള്ളത്. ഇതില്‍ മൂന്ന് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ ട്രിപ്പ് നടത്തിയത്. 500ഓളം തൊഴിലാളികളാണ് ഡിപ്പോയില്‍ ഉള്ളത്. ഇവര്‍ ഒന്നടങ്കം സമരരംഗത്തെത്തിയതോടെ ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി മുതലായ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ ഉദ്യോഗസ്ഥര്‍ കുഴഞ്ഞു. 50 ലക്ഷം രൂപാ ശമ്പള ഇനത്തില്‍ കായംകുളം ഡിപ്പോയിക്ക് മാത്രം ലഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക