|    Oct 17 Tue, 2017 9:53 am

ശമ്പളമില്ല; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ ദുരിതത്തില്‍

Published : 5th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ ശമ്പളമില്ലാതെ ദുരിതത്തില്‍. ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ എസ്റ്റേറ്റ് മാനേജരെ തടഞ്ഞുവച്ചു. അഞ്ചു വര്‍ഷമായി തൊഴിലാളികള്‍ക്ക് യാതൊരു വിധ ആനുകൂല്യങ്ങളും മാനേജ്‌മെന്റ് നല്‍കിയിട്ടില്ല. 280ഓളം തൊഴിലാളികളാണ് ദുരിതംപേറുന്നത്. പുല്‍പ്പാറ എസ്‌റ്റേറ്റില്‍ ഉച്ചയ്ക്ക് രണ്ടുവരെ നീണ്ട ഉപരോധ സമരത്തിനൊടുവില്‍ വൈകീട്ട് ആഗസ്തിലെ ശമ്പളം നല്‍കാമെന്നു മാനേജര്‍ സമ്മതിച്ചു. നാലോടെ തൊഴിലാളികള്‍ക്ക് എസ്‌റ്റേറ്റ് ഓഫിസില്‍ നിന്നു ശമ്പളവും നല്‍കി. സപ്തംബറിലെ ശമ്പളം ഈ മാസം 20നും ശമ്പളക്കുടിശ്ശിക നവംബര്‍ 15നുള്ളിലും നല്‍കാമെന്നും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ മധ്യസ്ഥതയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജര്‍ ഉറപ്പു നല്‍കി. നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഈ മാസം 20ന് എസ്‌റ്റേറ്റിലെത്തുന്ന ഉടമസ്ഥനുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഐഎന്‍ടിയുസി നേതാവ് ഗിരീഷ് കല്‍പ്പറ്റ, സിഐടിയു നേതാവ് ബാലകൃഷ്ണന്‍, എച്ച്എംഎസിലെ ഡി രാജന്‍, ടിയുസിഐ നേതാവ് നസീറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ മാനേജരുമായി ചര്‍ച്ച നടത്തിയത്. പെരുന്തട്ട 1, 2, പുല്‍പ്പാറ എന്നിവിടങ്ങളിലായി 625 ഏക്കറിലാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റില്‍ നിന്ന് 2012ന് ശേഷം തങ്ങള്‍ക്ക് ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. ലയങ്ങള്‍ ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എസ്‌റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടറില്ല. മെഡിക്കല്‍ ബില്ല് ലഭിച്ചിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടു. കുടിവെള്ള വിതരണം പോലും നിലച്ചിരിക്കുകയാണ്. പുതപ്പടക്കമുള്ള ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ഓര്‍മ മാത്രമായി. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ മാനേജ്‌മെന്റിനെതിരേ പ്രതിഷേധിക്കാനോ മറ്റോ നിന്നില്ല. തങ്ങളുടെ തൊഴിലിനുള്ള വേതനം ലഭിക്കുന്നുണ്ടെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. എന്നാല്‍, ശമ്പളവും മുടങ്ങിയതോടെ പ്രക്ഷോഭം നടത്തേണ്ട ഗതിയിലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക