|    Mar 26 Sun, 2017 6:47 pm
FLASH NEWS

ശമ്പളം ലഭിച്ചില്ല; ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ സൂപ്രണ്ടിനെ ഉപരോധിച്ചു

Published : 5th August 2016 | Posted By: SMR

ആലുവ: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. അമ്പതോളം പേര്‍ ചേര്‍ന്ന് സൂപ്രണ്ട് പി എസ് റോസമ്മയെ മണിക്കുറുകളോളം തടഞ്ഞുവച്ചത്. സാധാരണയായി മാസത്തിലെ രണ്ടാമത്തെ പ്രവൃത്തി ദിവസത്തിലാണു ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. ഈ മാസം ഇത് അവധിയായതിനാല്‍ പിറ്റേന്ന് ലഭിക്കേണ്ടിയിരുന്നെങ്കിലും നാലാം ദിവസമായിട്ടും ശമ്പളം മുടങ്ങിയതാണു നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചത്.
ലേ സെക്രട്ടറി ബില്ലുകള്‍ തയ്യാറാക്കാത്തതാണു പ്രതിസന്ധിക്ക് ഇടയാക്കിയത്. ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ്(8 മണിക്കൂര്‍ ജോലി) അനുവദിച്ചതിനു സര്‍ക്കാര്‍ ഉത്തരവ് ഇല്ലാത്തതാണു ശമ്പള ബില്ലുകള്‍ തയ്യാറാക്കാതിരുന്നതെന്നാണു ലേ സെക്രട്ടറി ജി ഷാജികുമാര്‍ പറഞ്ഞത്.
എന്നാല്‍ ശ്രീദേവി കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1999 ജൂലൈ മുതല്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ഷിഫ്റ്റ് സമ്പ്രാദയം ഉണ്ടെന്നും നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നുവെന്നും കേരള ഗവണ്‍മെന്റ് നഴ്‌സേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഒ റീത്ത പറഞ്ഞു. പുതിയ ലേ സെക്രട്ടറി വന്നതോടെയാണു ശമ്പളക്കാര്യത്തില്‍ തര്‍ക്കം ഉണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ മൂന്ന് ഷിഫ്റ്റ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇല്ലെന്ന് സൂപ്രണ്ട് പി എസ് റോസമ്മ പറഞ്ഞു. എന്നാല്‍ രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ നഴ്‌സുമാര്‍ സഹകരിച്ച് മൂന്ന് ഷിഫ്റ്റായി ജോലി ചെയ്യുന്നതിനാല്‍ മാറി വന്ന സൂപ്രണ്ടുമാരും ഇതിനെ എതിര്‍ത്തിരുന്നില്ലെന്ന് സൂപ്രണ്ട് വ്യക്തമക്കി. ജൂണ്‍ 17നാണ് പുതിയ ലേ സെക്രട്ടറി ചുമതലയേറ്റെടുത്തത്.
ഷിഫ്റ്റ് സമ്പ്രാദയത്തിനു സര്‍ക്കാര്‍ ഉത്തരവില്ലെന്ന കാര്യം ഇപ്പോള്‍ മാത്രമാണു തന്റെ ശ്രദ്ധയിപ്പെട്ടതെന്ന് ലേ സെക്രട്ടറി പറഞ്ഞു. താല്‍ക്കാലം നിലവിലെ സ്ഥിതി തുടരുന്നതിനു ബില്ലുകള്‍ തയ്യാറാക്കി നല്‍കണമെന്ന് ലേ സെക്രട്ടറിയോട് സൂപ്രണ്ട് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു സെക്രട്ടറി ശമ്പളത്തിനായുള്ള നടപടികള്‍ ആരംഭിച്ചത്. ബില്ലുകള്‍ ട്രഷറിയില്‍ എത്താന്‍ വൈകിയതിനാല്‍ വ്യാഴാഴ്ചയും നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിച്ചില്ല. സാങ്കേതികമായ തടസ്സങ്ങള്‍ ഇല്ലെങ്കില്‍ വെള്ളിയാഴ്ചയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷിഫ്റ്റ് സമ്പ്രാദയത്തെക്കുറിച്ച് സര്‍ക്കാറില്‍നിന്നും വ്യക്തമായ ഉത്തരവ് ലഭിക്കുന്നവരെ നിലവിലെ സ്ഥിതി തുടരാനും അതുവരെ ലേ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെ സമരം അവസാനിപ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക