|    May 26 Fri, 2017 5:15 am
FLASH NEWS

ശമ്പളം മുടങ്ങി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. കൊല്ലം, പുനലൂര്‍, പത്തനാപുരം ഡിപ്പോകളില്‍ ജീവനക്കാര്‍ നിരാഹാരസമരം തുടങ്ങി. ഇന്നലെ കൊട്ടാരക്കര ഡിപ്പോയുടെ പ്രവര്‍ത്തനം ജീവനക്കാര്‍ സ്തംഭിപ്പിച്ചു. സപ്തംബര്‍ മാസത്തെ ശമ്പളമാണ് മുടങ്ങിയത്. കഴിഞ്ഞമാസം 30ന് ലഭിക്കേണ്ട ശമ്പളം 5 ദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മാത്രമാണ് ഇതുവരെ ശമ്പളം കൊടുത്തത്. വയനാട് ജില്ലയില്‍ ഭാഗികമായി കൊടുത്തിട്ടുണ്ട്. കൃത്യസമയത്ത് വായ്പ ലഭിക്കാത്തതാണ് ശമ്പളം നല്‍കാന്‍ തടസ്സമായതെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷമായി എസ്ബിടി, കെടിഡിഎഫ്‌സി എന്നിവിടങ്ങളില്‍നിന്നു വായ്പയെടുത്താണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും നല്‍കിവരുന്നത്.
എഐടിയുസി, സിഐടിയു എന്നിവരും സമരവുമായി രംഗത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് സത്യഗ്രഹസമരം നടത്തുമെന്നും വീണ്ടും വൈകിയാല്‍ പണിമുടക്കിലേക്കു നീങ്ങുമെന്നും കെഎസ്ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ അറിയിച്ചു.
36,000 സ്ഥിരം ജീവനക്കാരും 4,000ഓളം എം-പാനലുകാരും അടക്കം 40,000ഓളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 74 കോടിയാണ് പ്രതിമാസം ആവശ്യം. എന്നാല്‍ ലയനത്തിനുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വായ്പാനടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതി—ലുള്ള തടസ്സമാണ് എസ്ബിടിയില്‍ നിന്നു വായ്പ ലഭിക്കാത്തതിന്റെ കാരണം. തുടര്‍ന്ന് കെടിഡിഎഫ്‌സിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇന്ന് വൈകീട്ടോടെതന്നെ ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day