|    Oct 19 Thu, 2017 10:15 pm
FLASH NEWS

ശമ്പളം നല്‍കുന്നില്ല; ശിശുപരിപാലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ശമ്പളം നല്‍കാത്തതിനാല്‍ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും ആദിവാസിമേഖലയിലും നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശിശുപരിപാലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ആറു മാസം മുതല്‍ ആറു വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ പകല്‍ സമയം പരിപാലിക്കുന്ന പദ്ധതിയാണ് രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്—കീം. കഴിഞ്ഞ 17 മാസമായി ക്രഷ് യുണിറ്റുകളിലെ അധ്യാപകര്‍ക്കും സഹായികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. കുട്ടികള്‍ക്ക് പോഷകാഹാര വിതരണത്തിനും തുക നല്‍്കുന്നില്ല. കേരളത്തില്‍ ക്രഷ് യുണിറ്റുകളുടെ ചുമതല സന്നദ്ധ സംഘടനകളെയാണ് ഏല്‍പിച്ചിട്ടുള്ളത്. 271 സംഘടനകള്‍ക്കായി 471 ക്രഷ് യുണിറ്റുകള്‍ കേരളത്തില്‍ ഉണ്ട്. അധ്യാപകര്‍ക്ക് പ്രതിമാസം 3,000 രുപയും സഹായിക്ക് 1,500 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്. ഒരുകുട്ടിക്ക് പോഷകാഹാരം നല്‍കാന്‍ 12 രൂപ വീതവും നല്‍കിയിരുന്നു. ഇപ്പോള്‍ സന്നദ്ധസംഘടനകള്‍ ഇതിനുള്ള പണം സ്വയം കണ്ടെത്തുകയാണ്. ഇനിയും ഇങ്ങനെ ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്—കീം സംയുക്ത സമരസമിതി പറയുന്നു. മേയ് 13ന് ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്രഷുകള്‍ നടത്താന്‍ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരും വഹിക്കണം. ഈ ഉത്തരവ് കേരളം ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിക്കഴിഞ്ഞു. എന്നാല്‍ ക്രഷ് നടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ചോ കുടിശ്ശിക നല്‍കുന്നതിനെക്കുറിച്ചോ സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് സന്നദ്ധസംഘടനകളെ ഒന്നുമറിയിച്ചിട്ടില്ല. കേരളത്തില്‍ ക്രഷ് യൂണിറ്റുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ എറ്റെടുക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക