|    Aug 18 Fri, 2017 11:47 pm
FLASH NEWS

ശമ്പളം തടഞ്ഞുവച്ചു; തൊടുപുഴ എഇഒ ഓഫിസ് ഉപരോധവുമായി അധ്യാപകര്‍

Published : 28th October 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ എഇഒ ഓഫിസിനു കീഴിലുള്ള അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍  പ്രതിഷേധിച്ച് കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ തൊടുപുഴ എഇഒ ഓഫിസ് ഉപരോധിച്ചു.ഓഫിസിനുള്ളില്‍ കുത്തിയിരുന്നാണ് അധ്യാപകര്‍ പ്രതിഷേധിച്ചത്.പ്രശ്‌നത്തിനു പരിഹാരം കാണുന്നതുവരെ ഉപരോധ സമരം തുടരാനാണു അധ്യാപകരുടെ തീരുമാനം.  2011 മുതല്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന വാഴക്കാല എല്‍എഫ് യുപി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ ശമ്പളം കഴിഞ്ഞ ജൂലൈ മുതല്‍ തടഞ്ഞിരിക്കുകയാണ്.ഓഡിറ്റ് പരാമര്‍ശത്തിന്റെ പേരില്‍ ആരുടെയും ശമ്പളം തടയരുതെന്ന് ഇടുക്കി ഡിഡിഇയുടെ ഉത്തരവ് ഉണ്ടായിട്ടും ഇതിനെ മറികടന്നാണ് തൊടുപുഴ എഇഒ ഈ അധ്യാപകരുടെ ശമ്പളം തടഞ്ഞിരിക്കുന്നതെന്നു അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ മെയ് 31നു നിയമനാംഗീകാരം ലഭിച്ചിട്ടും ശമ്പളം പാസാക്കുന്നതിനു സ്പാര്‍ക്കിലെ ‘പെന്‍ നമ്പര്‍’  നല്‍കാതെ അഞ്ച് അധ്യാപകരുടെ നിയമനങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണ്.ഹെഡ്മാസ്റ്റര്‍മാരായി പ്രമോഷന്‍ ലഭിച്ച എട്ട് അധ്യാപകരുടെ നിയമനങ്ങള്‍ അഞ്ചു മാസമായി പാസാക്കിയിട്ടില്ല.29/16 സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിയമതടസങ്ങളും ഇല്ലാത്ത ഏകദേശം 40അധ്യാപകരുടെ നിയമനങ്ങള്‍  ഇതുവരെ അംഗീകരിക്കാന്‍ എഇഒ നടപടി സ്വീകരിച്ചിട്ടില്ല. പുതിയ എഇഒയും സീനിയര്‍ സൂപ്രണ്ടും ചാര്‍ജ് എടുത്തതിനു ശേഷം ഇതുവരെ ഒരു നിയമനങ്ങളും ഇവിടെ പാസായിട്ടില്ല.തൊടുപുഴ എഇഒയുടെ കീഴില്‍ 1,000 അധ്യാപകരാണുള്ളത്. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ഈ ഓഫിസുകൊണ്ട് യാതൊരു ഉപകാരവുമില്ലാത്ത അവസ്ഥയാണ് തൊടുപുഴയിലെന്നു അധ്യാപകര്‍ ആരോപിച്ചു.അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ തിരിച്ചുപോകില്ല എന്ന നിലപാടുമായി വനിതകള്‍ ഉള്‍പ്പെടെ 50  അധ്യാപകരാണ് എഇഒ ഓഫിസ് ഉപരോധിച്ചത്.വി എം ഫിലിപ്പച്ചന്‍,റോയി ടി ജോസ് ആന്റണി,പി എം ദേവസ്യാച്ചന്‍,ഇ പി ജോര്‍ജ്,ടി എം ഏലിയാസ്,ജോളി.എം മുരിങ്ങമറ്റം,സോഫിയാമ്മ ജോസ്,ബിജു ജോസഫ്,ഷിന്റോ ജോര്‍ജ്,അനീഷ്. കെ ജോര്‍ജ്  നേതൃത്വം നല്‍കി.ഉപരോധ വിവരമറിഞ്ഞ് തൊടുപുഴ എസ് ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഡിഡി സ്ഥലത്തെത്താന്‍ തയ്യാറായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക