|    Mar 20 Tue, 2018 4:01 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ശബ്ദമലിനീകരണത്തിന്റെ അപകടങ്ങള്‍

Published : 20th January 2016 | Posted By: SMR

slug-sasthram-samoohamശബ്ദവും വെളിച്ചവുമാണ് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ മൃഗങ്ങളുടെയും പ്രധാനപ്പെട്ട വിവരശേഖരണ ഉപാധികള്‍. എന്നാല്‍, പരിധിയില്‍ അധികമായാല്‍ ഇവ ശരീരത്തിനു ഹേമം ഏല്‍പിക്കാമെന്നത് പലരും തിരിച്ചറിയുന്നില്ല. കര്‍ണാടക സംഗീതചരിത്രം വായിക്കുമ്പോള്‍ കേട്ടിട്ടുള്ള കാര്യമാണ്, പണ്ട് 22 ശ്രുതികള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ചില സ്വരങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടപ്പോള്‍ ശ്രുതികളുടെ എണ്ണം 17 ആയും പിന്നീട് 12 ആയും കുറച്ചുവെന്നും. എന്തുകൊണ്ടാവാം ആ ശേഷി നഷ്ടപ്പെട്ടത്?
പണ്ടുകാലത്ത് പ്രകൃതിയുടേതല്ലാത്ത ശബ്ദങ്ങളൊന്നും ഇല്ലാതിരുന്നപ്പോള്‍ ശ്രുതിയിലുള്ള ചെറിയ വ്യത്യാസങ്ങള്‍ പോലും തിരിച്ചറിയാനാവുമായിരുന്നു. എന്നാല്‍, മനുഷ്യന്റെ പുരോഗതിക്ക് അനുസരിച്ച് ശബ്ദപ്രപഞ്ചവും വലുതായി വന്നു. അതോടെ ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാനും ശബ്ദത്തിലെ ചെറിയ വ്യത്യാസങ്ങള്‍ തിരിച്ചറിയാനുമുള്ള കഴിവ് മനുഷ്യനു നഷ്ടമായെന്നുവേണം കരുതാന്‍.
കാഴ്ചയുടെ കാര്യത്തിലും അതു സംഭവിക്കുന്നത് കാണാവുന്നതാണ്. ഇന്നു മിക്കവാറും കുട്ടികള്‍ക്ക് ട്യൂബ്‌ലൈറ്റിന്റെ വെളിച്ചമില്ലെങ്കില്‍ വായിക്കാനാവുന്നില്ല. വെറും 50 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇതേ പ്രായത്തിലുള്ളവര്‍ നിലവിളക്കിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍ സുഖമായി വായിച്ചിരുന്നു എന്നോര്‍ക്കുക.
നാം എത്രമാത്രം നമ്മുടെ ശേഷികള്‍ ഉപയോഗിക്കാതിരിക്കുന്നുവോ അത്രമാത്രം അതു ക്ഷയിക്കും. ഉദാഹരണമായി, പ്ലാസ്റ്ററിലിട്ട കൈയോ കാലോ ഒരു മാസം കഴിഞ്ഞു പ്ലാസ്റ്റര്‍ അഴിക്കുമ്പോള്‍ ക്ഷീണിച്ചിരിക്കുന്നതു കാണാം. അത് ഉപയോഗിച്ചുതുടങ്ങാനായി പലപ്പോഴും വ്യായാമം ചെയ്തു ശക്തിപ്പെടുത്തേണ്ടിവരാറില്ലേ? പക്ഷേ, അതു മാത്രമല്ല ശബ്ദമലിനീകരണത്തിന്റെ പ്രശ്‌നം. അനാവശ്യ ശബ്ദങ്ങള്‍ ഉള്ളപ്പോള്‍ നാം ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കാനാവില്ലെന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. അതു കൂടാതെ, വലിയ ശബ്ദങ്ങള്‍ ഏറെ സമയം കേള്‍ക്കുകയാണെങ്കില്‍ ചെവിക്ക് ഹേമം സംഭവിക്കുകയും ചെയ്യും. അതെങ്ങനെയെന്നു പരിശോധിക്കാം.
സാധാരണഗതിയില്‍ പ്രായമാവുന്നതനുസരിച്ച് കേള്‍വിയില്‍ ചെറുതായ കുറവു സംഭവിക്കാറുണ്ട്. ഇതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ‘പ്രെസ്ബിക്യൂസിസ്’ എന്നു പറയുന്നു. ചില തരം രോഗങ്ങള്‍ കാരണവും സര്‍ജറിയുടെ ഫലമായും ശക്തമായ മാനസികാഘാതം നിമിത്തവും ചില മരുന്നുകള്‍ ദീര്‍ഘകാലം കഴിച്ചതിനാലും കേള്‍വിക്കുറവ് ഉണ്ടാകാറുണ്ട്. എന്നാല്‍, ആധുനികകാലത്ത് വലിയ പ്രശ്‌നമായിരിക്കുന്നത് ജോലിസ്ഥലത്തും താമസസ്ഥലത്തും കേള്‍ക്കുന്ന വലിയ ശബ്ദങ്ങളാണ്.
സാങ്കേതികവിദ്യ പ്രയോഗിക്കുന്ന എല്ലാ സ്ഥലങ്ങളിലും അതിന്റെ ശബ്ദം പ്രകടമാണല്ലോ. ഉദാഹരണമായി, വീട്ടില്‍ പണ്ടുകാലത്ത് അരയ്ക്കാന്‍ ഉപയോഗിച്ചിരുന്ന അരകല്ലായാലും ആട്ടുകല്ലായാലും വലിയ ശബ്ദമൊന്നും ഉണ്ടാക്കാറില്ലായിരുന്നു. ഇന്ന് അവയുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന മിക്‌സര്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ താരതമ്യേന എത്ര വലിയ ശബ്ദമാണ് ഉണ്ടാക്കുന്നതെന്ന് ആലോചിക്കുക. ഇങ്ങനെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിക്ക കാര്യങ്ങളിലും വളരെ കൂടുതല്‍ ശബ്ദമാണ് ഉണ്ടാവുന്നത്.
ഇക്കാലത്ത് നഗരങ്ങളില്‍ ഏറ്റവുമധികം ശബ്ദമലിനീകരണത്തിനു കാരണമാവുന്നത് വാഹനങ്ങളാണത്രേ. ഏറ്റവുമധികം വായുമലിനീകരണം സൃഷ്ടിക്കുന്നതും അവ തന്നെ. ഇന്ത്യയിലാണെങ്കില്‍ യാതൊരു ചിട്ടയുമില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നതു നിമിത്തം അമിതമായി ഹോണ്‍ ശബ്ദിപ്പിക്കേണ്ട ആവശ്യകതയും ഉണ്ടാകുന്നു.
എന്നാല്‍, കേരളത്തിലെങ്കിലും ഏറ്റവുമധികം ശബ്ദകോലാഹലം സൃഷ്ടിക്കുന്നത് ഉച്ചഭാഷിണികളാണ്. വെളുപ്പാന്‍കാലത്ത് അമ്പലങ്ങളിലെ ഉച്ചഭാഷിണികള്‍ പാടിത്തുടങ്ങുന്നതു മുതല്‍ എല്ലാ തരം സമ്മേളനങ്ങളിലും ഉപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ വരെ വലിയ ശബ്ദമാണ് സൃഷ്ടിക്കുന്നത്. സമ്മേളനസ്ഥലത്ത് എത്തിച്ചേരുന്നവര്‍ക്ക് കേള്‍ക്കാന്‍ ആവശ്യമായതില്‍ എത്രയോ അധികം ശബ്ദത്തിലാണ് പാട്ടുകളായാലും പ്രസംഗങ്ങളായാലും ഉച്ചഭാഷിണികള്‍ പ്രക്ഷേപണം ചെയ്യുന്നത്. ഉല്‍സവവേളകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ചെറിയൊരു മൈതാനമാണെങ്കില്‍ പോലും പത്തും ഇരുപതും സ്പീക്കര്‍ പെട്ടികളാണ് നിരത്തുന്നത്. മൈതാനത്ത് ഇരിക്കുന്നവരുടെ ചെവിയില്‍ പതിക്കുന്നത് ഒരിക്കലും സ്വാഭാവികമായ സാഹചര്യങ്ങളില്‍ പ്രതീക്ഷിക്കാന്‍ പോലുമാവാത്ത ശബ്ദമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ചെവിക്ക് താങ്ങാനാവാത്തതുമാണ്.
മനുഷ്യര്‍ക്ക് സെക്കന്‍ഡില്‍ ഏതാണ്ട് 20 ആവൃത്തി മുതല്‍ ഇരുപതിനായിരം ആവൃത്തി വരെയുള്ള ശബ്ദമാണ് കേള്‍ക്കാനാവുക. മനുഷ്യര്‍ക്കു കേള്‍ക്കാനാവുന്ന ശബ്ദതരംഗങ്ങളെ ശാസ്ത്രീയമായി സോണിക് എന്നു വിളിക്കുന്നു. അതിനേക്കാള്‍ ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദതരംഗങ്ങളെ അള്‍ട്രാസോണിക് എന്നും കുറഞ്ഞ ആവൃത്തിയുള്ളവയെ ഇന്‍ഫ്രാസോണിക് എന്നും വിളിക്കുന്നു. ചില മൃഗങ്ങള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദം കേള്‍ക്കാനാവും. ഈ ശബ്ദതരംഗങ്ങള്‍ ഉപയോഗിക്കുന്ന പീപ്പികള്‍ ഊതുമ്പോള്‍ മനുഷ്യര്‍ കേള്‍ക്കില്ലെങ്കിലും പട്ടികള്‍ക്കും മറ്റും കേള്‍ക്കാനാവും. ഇത്തരം പീപ്പികള്‍ പട്ടികളെ വിളിക്കാനായി ഉപയോഗിക്കാറുണ്ട്.
മനുഷ്യരുടെ ചെവിയെ പ്രധാനമായി ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരികകര്‍ണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിക്കാം. ഇവയില്‍ ആദ്യത്തേതാണ് നാം സാധാരണഗതിയില്‍ ചെവി എന്നു വിളിക്കുന്ന ഭാഗം. എന്നാല്‍, ശാസ്ത്രീയമായ വിഭജനത്തില്‍ ശബ്ദത്തെ ഉള്ളിലേക്കു നയിക്കുന്ന കുഴലും കൂടി ബാഹ്യകര്‍ണത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ഇതു ചെന്നവസാനിക്കുന്നത് നമ്മള്‍ ചെവിക്കല്ല് എന്നു വിളിക്കുന്ന ഭാഗത്താണ്.
ശബ്ദതരംഗങ്ങളെ നാഡീവ്യൂഹത്തിലെ വൈദ്യുത സിഗ്നലുകളായി മാറ്റുന്ന കര്‍മം ചെയ്യുന്ന ഭാഗമാണ് ആന്തരികകര്‍ണം. ഒരുതരം ദ്രാവകം നിറച്ച വര്‍ത്തുളാകൃതിയിലുള്ള ഒരു കുഴലാണ് ഇതിന്റെ പ്രധാന ഭാഗം. ഈ കുഴലിനെ കോക്ലിയ എന്നു വിളിക്കുന്നു. ബാഹ്യകര്‍ണത്തില്‍ നിന്നു ശബ്ദതരംഗങ്ങളെ ആന്തരികകര്‍ണത്തിലേക്ക് എത്തിക്കുക എന്നതാണ് മധ്യകര്‍ണത്തിന്റെ ധര്‍മം. അതിനായി മൂന്നു വളരെ ചെറിയ എല്ലുകളാണ് ഉപയോഗിക്കുന്നത്. മാലിയസ്, ഇന്‍കസ്, സ്‌റ്റേപ്‌സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശരീരത്തിലെ ഏറ്റവും ചെറിയ ഈ എല്ലുകള്‍ക്ക് പേരു പോലെത്തന്നെ ചുറ്റികയുടെയും കൂടക്കല്ലിന്റെയും കുതിരപ്പുറത്തു ചവിട്ടിക്കയറാന്‍ ഉപയോഗിക്കുന്ന സ്റ്റിറപ്പിന്റെയും ആകൃതിയാണ്. ഈ മൂന്ന് എല്ലുകള്‍ക്കും പൊതുവായി പറയുന്നത് ഓസിക്കിളുകള്‍ എന്നാണ്. ശബ്ദതരംഗങ്ങളെ ഏറ്റവും കാര്യക്ഷമമായി കോക്ലിയയിലെത്തിക്കുന്നതിനാണ് ഇത്ര സങ്കീര്‍ണമായ സംവിധാനം എന്നാണ് നമുക്കു മനസ്സിലാക്കാനാവുന്നത്.
മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ സെക്കന്‍ഡില്‍ 20 മുതല്‍ 20,000 ഹെര്‍ട്‌സ് വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങളാണ് കേള്‍ക്കാനാവുന്നത്. പല മൃഗങ്ങള്‍ക്കും ഇതിലധികം ആവൃത്തിയുള്ള ശബ്ദം കേള്‍ക്കാനാവും. ഉദാഹരണമായി, പട്ടികള്‍ക്ക് 40 മുതല്‍ 60,000 ഹെര്‍ട്‌സ് വരെ കേള്‍ക്കാനാവുമത്രേ. പൂച്ചകളുടെ ശ്രവണേന്ദ്രിയം ഇതിലും കൂടിയ ആവൃത്തിയുള്ള ശബ്ദം കേള്‍ക്കും. അവയ്ക്ക് 55 മുതല്‍ 79,000 ഹെര്‍ട്‌സ് വരെ കേള്‍ക്കാമത്രേ.
അധികമായ ശബ്ദം പതിവായി കേള്‍ക്കുകയോ വളരെ വലിയ ശബ്ദം ഇടയ്ക്ക് കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആദ്യം സംഭവിക്കുന്നത്, ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദം കേള്‍ക്കുന്നതിന്റെ ക്ഷമത കുറയുക എന്നതാണ്. പ്രായം കൂടുന്നതനുസരിച്ചും ഈ പ്രതിഭാസം ഉണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ ചില വ്യക്തികളുടെ സംസാരമോ ചില പ്രത്യേക പദങ്ങളോ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടായാണ് ഇത് ആദ്യം അനുഭവപ്പെടുക. വെടിക്കെട്ടുകള്‍ പതിവായി കേള്‍ക്കുക, വളരെ വലിയ ശബ്ദമുള്ള സ്ഥലങ്ങളില്‍ കാതിനു സംരക്ഷണമില്ലാതെ പണിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചെവിയുടെ ശ്രവണശേഷിയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് ന്യൂമാറ്റിക് ഡ്രില്‍ പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന പണിക്കാര്‍ക്ക് ചെവി അടച്ചുവയ്ക്കാനുള്ള ഹെഡ്‌ഫോണുകള്‍ കൊടുക്കുന്നത്. ഇന്ത്യയില്‍ പലരും അത് ഉപയോഗിക്കാറില്ല. അവര്‍ 40ഓ 45ഓ വയസ്സു കടക്കുമ്പോഴേക്കും ചില ശബ്ദങ്ങളെങ്കിലും കേള്‍ക്കാന്‍ വയ്യാതായിട്ടുണ്ടാവും.
ഇന്ത്യയില്‍ ഓരോ തരത്തിലുള്ള പ്രദേശത്തും എത്ര ശബ്ദമാവാം എന്നതിനു നിബന്ധനകള്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നു മാത്രം. വ്യാവസായികം, ജനവാസം, വാണിജ്യം, നിശ്ശബ്ദം എന്നിങ്ങനെ തരംതിരിച്ച് ഓരോ മേഖലയിലും പരമാവധി എത്ര ശബ്ദമുണ്ടാവാം എന്നതിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധി രാത്രിയിലും പകലും വ്യത്യസ്തവുമാണ്. എന്നാല്‍, നഗരത്തെ ഇങ്ങനെ മേഖലകളായി വിഭജിക്കാനും ഓരോ മേഖലയിലെയും പരമാവധി ശബ്ദപരിധി കര്‍ശനമായി നടപ്പില്‍വരുത്താനുമുള്ള നടപടി എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss