|    Mar 23 Thu, 2017 8:01 pm
FLASH NEWS

ശബ്ദമലിനീകരണം; സ്‌കൂള്‍തലത്തില്‍ ബോധവല്‍ക്കരണം വേണം

Published : 7th May 2016 | Posted By: SMR

കൊച്ചി: ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നാഷനല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍ഐഎസ്എസ്) കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗം ആവശ്യപ്പെട്ടു.
ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടക്കമിട്ട സംരംഭമാണ് എന്‍ഐഎസ്എസ്. ശബ്ദമലിനീകരണം സ്‌കൂള്‍ തലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഐഎംഎ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കൊച്ചി ഭദ്രാസനം മെത്രാപോലീത്ത ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞു. ഇതിനെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സഹകരിക്കാമെന്ന് അസോസിയേഷന്‍ പ്രസിഡന്റും സീനിയര്‍ അഭിഭാഷകനുമായ ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു. അനിയന്ത്രിതമായ ശബ്ദം തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. ശാരീരികപ്രശ്‌നങ്ങള്‍ക്കു പുറമേ കുട്ടികളിലെ പഠനനിലവാരം കുറയുന്നതടക്കം സംഭവിക്കുമെന്ന് ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. സുനില്‍ കെ മത്തായി പറഞ്ഞു.
2000ത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പാര്‍പ്പിടമേഖലകളില്‍ 45 ഡെസിബലും വാണിജ്യ, വ്യാപാര മേഖലയില്‍ 55 ഡെസിബലും വ്യവസായ മേഖലകളില്‍ 75 ഡെസിബലുമാണ് അനുവദനീയമായ ശബ്ദനിലവാരം. 15 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയമം അതിന്റെ അന്തസത്തയുള്‍ക്കൊണ്ട് നടപ്പാക്കുവാനുള്ള ഒരു ശ്രമവുമുണ്ടായിട്ടില്ലെന്ന് എന്‍ഐഎസ്എസ് കൊച്ചിന്‍ ഘടകം ചെയര്‍മാന്‍ ഡോ. വി ഡി പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. അമിത ശബ്ദത്തിലുള്ള വെടിക്കെട്ടുകള്‍ പെെട്ടന്നുള്ള തകരാറുകള്‍ വരുത്തിവയ്ക്കും. കൊല്ലത്തെ വെടിക്കെട്ടപകടത്തില്‍ നൂറുകണക്കിനു പേര്‍ക്കു സ്ഥിരമായ കേള്‍വിക്കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍, ഉച്ചഭാഷിണികള്‍, ആഘോഷങ്ങള്‍, വ്യവസായങ്ങള്‍, വീടിനുള്ളിലെ ശബ്ദം തുടങ്ങിയവയാണ് ശബ്ദമലിനീകരണത്തിന്റെ സാധാരണ ഉറവിടങ്ങള്‍. ഇവയുമായി കൂടുതല്‍ ബന്ധപ്പെടുന്നവരാണ് ശബ്ദമലിനീകരണത്തിനു പ്രധാനമായും ഇരകളാവുന്നത്. വെടിക്കെട്ടുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാം, ഡ്രൈവര്‍മാര്‍ ഹോണ്‍ പരമാവധി ഒഴിവാക്കണം. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണികള്‍ തീര്‍ത്തും ഒഴിവാക്കണം. കുട്ടികളുടെ ഇയര്‍ഫോണ്‍ ഉപയോഗവും കുറയ്ക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

(Visited 90 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക