|    Mar 24 Sat, 2018 5:50 pm
FLASH NEWS

ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കുമെന്ന് സര്‍ക്കാര്‍

Published : 29th June 2016 | Posted By: SMR

തൊടുപുഴ: അങ്കമാലി -എരുമേലി ശബരിപ്പാത യാഥാര്‍ഥ്യമാക്കുന്നതിന് എല്‍.ഡി.എഫ് ഗവണ്‍മെന്റ് പരിഗണന നല്‍കണമെന്നും ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പദ്ധതിയ്ക്കായി 200 കോടി രൂപ നീക്കി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ശബരി റയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റയില്‍വേ മന്ത്രി ജി സുധാകരന്‍, ധനകാര്യ മന്ത്രി തോമസ് ഐസക്ക് എന്നിവരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.
ശബരി റയില്‍ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തുമെന്നും മുഖ്യമന്ത്രിയും ധന റയില്‍വേ മന്ത്രിമാരും അറിയച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി യും കണ്‍വീനര്‍ മുന്‍ എം.എല്‍.എ ബാബുപോളും അറിയിച്ചു. അങ്കമാലി മുതല്‍ കാലടി വരെയുള്ള ഒന്നാം റീച്ചിന്റെയും കാലടി റയില്‍വേ സ്റ്റേഷന്റെയും പെരിയാറിനു കുറുകെയുള്ള പാലത്തിന്റെയും 80% നിര്‍മ്മാണം മാത്രമാണ് നടന്നത്. എറണാകുളം ജില്ലയിലെ തുടര്‍ന്നുള്ള ഭാഗത്തെയും ഇടുക്കി ജില്ലയിലെയും അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അലൈന്റ്‌മെന്റിനെ സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം ലഭിക്കാനുണ്ട്.
ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ പുതിയ ഗവണ്‍മെന്റിനു മുന്നില്‍ നിവേദനവുമായി എത്തിയത്. ധാരണാ പത്രം അനുസരിച്ചുള്ള ജോയിന്റ് വെഞ്ചര്‍ കമ്പനി (ജെവിസി) രൂപീകരിക്കുന്നതിനുള്ള പ്രാരംഭ മൂലധനമായി 100 കോടി രൂപയും ജെ.വി.സി യുടെ കീഴില്‍ ശബരിപ്പാതയ്ക്ക് മാത്രമായി രൂപം നല്‍കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളി(എസ്പിവി)നായി 200 കോടി രൂപയും ആദ്യ ബജറ്റില്‍ തന്നെ വകയിരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് നിവേദകസംഘവുമായി നടന്ന ചര്‍ച്ചയില്‍ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക് നല്‍കിയത്.
നിവേദക സംഘത്തില്‍ എം.എല്‍.എ മാരായ എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവരും മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ മാരായ ഗോപി കോട്ടമുറിയ്ക്കല്‍, ജോണി നെല്ലൂര്‍, ആക്ഷ ന്‍ കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ. പി എം ഇസ്മായില്‍, എ മുഹമ്മദ് ബഷീര്‍, ഡിജോ കാപ്പന്‍, അഡ്വ: സി കെ വിദ്യാസാഗര്‍, ആര്‍ മനോജ് പാല, അഡ്വ: ഇ എ റഹിം, ജിജോ പനിച്ചനാനി, അനീഷ് കരിങ്കുന്നം, ഗോപാലന്‍ വെണ്ടുവഴി, അജി റാന്നി എന്നിവരുമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss