|    Jun 26 Mon, 2017 12:37 am
FLASH NEWS

ശബരി റയില്‍വേ: തുക കൈമാറിയില്ല; ഭൂവുടമകള്‍ ദുരിതത്തില്‍

Published : 23rd November 2016 | Posted By: SMR

റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: അങ്കമാലി-ശബരി റയില്‍പാതയ്ക്ക് സര്‍ക്കാര്‍ വകവച്ച തുക പദ്ധതിക്കായി റയില്‍വേക്ക് കൈമാറിയിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലം മുതല്‍ ശബരി വരെയുളള സ്ഥലമെടുപ്പുടമകള്‍ ക്രയവിക്രയം ചെയ്യാതെ വലയുന്നു.ആധികാരിക വിജ്ഞാപനം റദ്ദ് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ ബജറ്റില്‍ വകവച്ച 50 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇനിയും റയില്‍വേക്ക് കൈമാറാത്തത്. 1978ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അങ്കമാലി-അഴുത റയില്‍ പാതയുടെ പ്രാരംഭനടപടി 1998ലാണ് ആരംഭിച്ചത്. 550 കോടി രൂപ പദ്ധതിക്കായി അന്ന് കണക്കാക്കിയിരുന്നു. തുടര്‍ന്ന് പല ഘട്ടങ്ങളിലായി അങ്കമാലി, നെടുമ്പാശ്ശേരി, മറ്റൂര്‍ വില്ലേജിലും സ്ഥലമെടുപ്പും കാലടി റയില്‍പാലവും ഏറെക്കുറെ പണി തീര്‍ന്നെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്. ചേലാമറ്റം, കൂവപ്പടി, പെരുമ്പാവൂര്‍, അശമന്നൂര്‍ എന്നീ പെരുമ്പാവൂര്‍ മണ്ഡലത്തിലെ വില്ലേജുകളിലേയും കോതമംഗലം വില്ലേജായ ഇരമല്ലൂര്‍, മുളവൂര്‍, വെള്ളൂര്‍കുന്നം തുടങ്ങി മൂവാറ്റുപുഴ വില്ലേജുകളിലേയും സ്ഥലമെടുപ്പു പൂര്‍ത്തിയാവാത്തത് ഉടമകളെ വലച്ചിരിക്കുകയാണ്.എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആകെ 512 ഹെക്ടര്‍ ഭൂമിയാണ് റയില്‍വേക്ക് ഏറ്റെടുക്കേണ്ടത്. എന്നാല്‍ ഇതുവരെ 24 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി നടക്കാതായപ്പോള്‍ റയില്‍വേയും സംസ്ഥാന ഗവണ്‍മെന്റും ചേര്‍ന്ന് സംസ്ഥാനത്തെ റയില്‍വേ വികസനത്തിനായി കമ്പനി ആരംഭിച്ചുവെങ്കിലും വേണ്ടത്ര ഓഫിസുകളോ ഉദ്യോഗസ്ഥരെയോ നിയമിച്ചില്ല. ചില സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയമിച്ചെങ്കിലും പെരുമ്പാവൂര്‍ മണ്ഡലത്തിന്റേതടക്കം അതിര്‍ത്തി കല്ലിട്ടതല്ലാതെ കൂടുതല്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതേസമയം അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിലെ ഓഫിസുകള്‍ പ്രവര്‍ത്തനമില്ലാതെ അടച്ചുപൂട്ടുകയും ചെയ്തു. 90 മീറ്റര്‍ വീതിയില്‍ കാലടിയിലെ റയില്‍വേ സ്റ്റേഷന്‍ പണി ഏറെകുറെ നടന്നിട്ടുണ്ട്. ഇനി പെരുമ്പാവൂര്‍ പട്ടാലിലാണ് സ്ഥലം ഏറ്റെടുത്ത് റയില്‍വേ സ്റ്റേഷന്റെ പണി നടക്കേണ്ടത്.ഭൂരിഭാഗം സ്ഥലവും ഏറ്റെടുക്കാതായതോടെ ഭൂവുടമകള്‍ക്ക് ക്രയവിക്രയം ചെയ്യാന്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. പഴയ വീടുകള്‍ പൊളിച്ച് കളയാനോ സ്ഥലമുള്ളവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുവാനോ നിര്‍ധനര്‍ക്ക് സ്ഥലം വിറ്റ് പെണ്‍മക്കളുടെ വിവാഹം നടത്തുവാനോ കഴിയാതായി. ചെലവേറിയ ആശുപത്രി ചികില്‍സയ്്ക്ക് പോലും റയില്‍വേക്ക് കല്ലിടല്‍ നടന്നതു മുതല്‍ സ്ഥലം വില്‍ക്കാന്‍ കഴിയാതായി. എന്നാല്‍ ഇതു സംബന്ധിച്ച് കോതമംഗലം ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുകുഴി ഹൈക്കോടതിയെ സമീപിച്ച് റയില്‍വേ ഏറ്റെടുത്ത സ്ഥലം വില്‍ക്കുന്നതിന് നിയമ തടസ്സമില്ലെന്ന് വിധി സമ്പാദിച്ചെങ്കിലും വാങ്ങുവാന്‍ ആരും തയ്യാറാവുന്നില്ല.റയില്‍വേ വരുമെന്ന് കാത്തിരുന്ന് നടക്കാതായതോടെ പഴക്കം ചെന്ന ചില വീടുകള്‍ പുതുക്കി പണിതവരുമുണ്ട്. ഇനിയും സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നിയമനടപടികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ അന്ന് 550കോടി കണക്കാക്കിയിരുന്നിടത്ത് ഇന്ന് 1500 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാര നയം കൂടിയപ്പോള്‍ പദ്ധതി പുനരാരംഭിക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് ഭൂവുടമകള്‍ക്കുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക