|    Dec 17 Mon, 2018 11:05 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: 69 പേര്‍ റിമാന്‍ഡില്‍; പ്രശ്‌നങ്ങളുണ്ടാക്കിയത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് എജി

Published : 20th November 2018 | Posted By: kasim kzm

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച സന്നിധാനത്ത് പ്രതിഷേധവുമായി സംഘടിച്ച 69 സംഘപരിവാര പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. നാമജപ പ്രതിഷേധം നടത്തിയ ഇവരെ ഇന്നലെ വൈകീട്ട് പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ നാളെ പത്തനംതിട്ട കോടതി പരിഗണിക്കും.
സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നു, പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ ജാമ്യമില്ലാ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെ പിന്നീട് മൂന്നു ബസ്സുകളിലായി കൊട്ടാരക്കര സബ് ജയിലിലേക്കു കൊണ്ടുപോയി. ഇത്രയുംപേരെ ഉള്‍ക്കൊള്ളാന്‍ ജയിലില്‍ സ്ഥലമില്ലാത്തതിനാല്‍ ഇവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ഇന്നലെ ഉച്ചയ്ക്കുശേഷം വലിയ പ്രതിഷേധമാണ് കോടതിക്കു പുറത്ത് നടന്നത്. ഇതേത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കുശേഷം ശക്തമായ പോലിസ് കാവലില്‍ ചെറുസംഘങ്ങളായാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ കാണാനും അഭിവാദ്യമര്‍പ്പിക്കാനുമാണ് കോടതിക്കു പുറത്ത് സംഘപരിവാര പ്രവര്‍ത്തകര്‍ സംഘടിച്ചത്. സന്നിധാനത്തു നിന്ന് അറസ്റ്റ് ചെയ്തവരെ ഇന്നലെ പുലര്‍ച്ചെയോടെ മണിയാര്‍ പോലിസ് ക്യാംപില്‍ എത്തിച്ചിരുന്നു. ഇവിടെനിന്നാണ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചത്. മണിയാര്‍ ക്യാംപിനു പുറത്തും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ആര്‍എസ്എസ് എറണാകുളം വിഭാഗിനെയാണ് കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിനായി നിയോഗിച്ചിരുന്നത്.
നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ആരോപിച്ചുള്ള അറസ്റ്റ് ബലപ്രയോഗത്തിനും കാരണമായി. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്കു മാറ്റി. അറസ്റ്റിലായ സംഘത്തില്‍ 18 വയസ്സില്‍ താഴെയുള്ള ഒരാളും ഉണ്ടായിരുന്നു. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും.
ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖ് ആര്‍ രാജേഷ്, ആര്‍എസ്എസ് മൂവാറ്റുപുഴ ജില്ലാ കാര്യവാഹക് പി ജി സജീവന്‍, ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനും ആര്‍എസ്എസ് മൂവാറ്റുപുഴ ജില്ലാ കാര്യകാരി അംഗവുമായ പി ആര്‍ കണ്ണന്‍ (പുഷ്പരാജ്), ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ബി ബിജു എന്നിവരാണ് അറസ്റ്റിലായത്. സന്നിധാനത്തു നടന്ന പ്രതിഷേധം ആസൂത്രിതമാണെന്നാണ് പോലിസ് വിലയിരുത്തല്‍. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ നടപ്പന്തലും താഴെ തിരുമുറ്റവും പോലിസ് നിയന്ത്രണത്തിലാക്കി. ദര്‍ശനത്തിന് എത്തുന്നവരെ പോലിസ് ഇവിടെ വിശ്രമിക്കാന്‍ അനുവദിക്കുന്നില്ല. രണ്ടിടത്തും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തേ നാമജപം നടന്ന താഴെ തിരുമുറ്റത്ത് ആരെയും തങ്ങാന്‍ അനുവദിക്കുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss