|    Dec 15 Sat, 2018 4:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: ഹിതപരിശോധന നടത്തേണ്ടതായിരുന്നുവെന്ന് വി എം സുധീരന്‍

Published : 18th November 2018 | Posted By: kasim kzm

തൃശൂര്‍: ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മുഖ്യമന്ത്രിയുടെ അനാവശ്യ വ്യഗ്രതയാണ് സ്ഥിതി വഷളാക്കിയതെന്നും ബിജെപിയുടെ നിലപാട് കള്ളത്തരമാണെന്നും സുധീരന്‍ പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
1932ല്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിഷയത്തില്‍ ഹിതപരിശോധന നടത്തിയിരുന്നു. ഇതിനു സമാനമായി ശബരിമല വിഷയത്തില്‍ ഹിതപരിശോധനാ നിര്‍ദേശമാണ് സുപ്രിംകോടതി നല്‍കേണ്ടിയിരുന്നത്. യുവതീപ്രവേശനം അനുവദിച്ച വിധി പുനപ്പരിശോധിക്കണമെന്ന ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്നു പറഞ്ഞ സുപ്രിംകോടതി ആദ്യ വിധിക്ക് സ്‌റ്റേ ഇല്ലെന്നു പറയേണ്ടിയിരുന്നില്ല. മണ്ഡലകാലത്തെ പ്രശ്‌നങ്ങളും ഗുരുതരാവസ്ഥകളും കോടതി കാണാതെ പോയത് ഉചിതമായില്ല. വിഷയം സംഘര്‍ഷമില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ സുപ്രിംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു തെറ്റുപറ്റി. വൈകാരിക സംഘട്ടനമുണ്ടാവുന്ന സാഹചര്യത്തില്‍ കോടതി കൂടുതല്‍ ജാഗ്രതപാലിക്കണമായിരുന്നു.
കേരളത്തെ അരാജകമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന സാഹചര്യം വിധിയിലൂടെ ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. കേരളത്തെ രമ്യമായ അവസ്ഥയിലേക്ക് അടിയന്തരമായി എത്തിക്കാനുള്ള ശ്രമം സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. ദേശീയപാതയോരത്ത് മദ്യശാലകള്‍ ഒഴിവാക്കണമെന്ന സുപ്രിംകോടതിവിധി അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കാനായി അനാവശ്യ തിടുക്കമാണു കാട്ടിയത്. വിധി നടപ്പാക്കാന്‍ കോടതി സമയം നിശ്ചയിച്ചിരുന്നില്ല. അതു കണക്കിലെടുത്ത് സമാധാനപരമായി കൈകാര്യം ചെയ്യാമായിരുന്നു. എന്നാല്‍, ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ബിജെപി നടത്തുന്നത് പ്രഹസന സമരമാണ്. ആ പാര്‍ട്ടിയും മോദിയും സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss