|    Nov 21 Wed, 2018 7:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല സ്വച്ഛ് ഐക്കോണിക് പ്ലെയ്‌സ്: മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും

Published : 8th July 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമലയെ സ്വച്ഛ് ഐക്കോണിക് പ്ലെയ്‌സാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങ ള്‍ മൂന്ന് ഘട്ടങ്ങളിലായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ 100 കോടി രൂപയുടെ താല്‍ക്കാലിക എസ്റ്റിമേറ്റ് കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന് കൈമാറി. ഹൈദരാബാദില്‍ നടന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് ജില്ലാ കലക്ടര്‍ പി ബി നൂഹ് താല്‍ക്കാലിക എസ്റ്റിമേറ്റ് കൈമാറിയത്. മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് ഘട്ടങ്ങളിലായി ശബരിമലയെ ശുചിത്വ മാതൃകാ സ്ഥലമാക്കി മാറ്റാനാണ് ശ്രമം.
കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ 100 പ്രധാന കേന്ദ്രങ്ങളെ സ്വച്ഛ് ഐക്കോണിക് സ്ഥലങ്ങളായി മാറ്റുന്നതിന് തീരുമാനിച്ചിരുന്നു. പൈതൃകപരമായും മതപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെയാണ് സ്വച്ഛ് ഐക്കോണിക് പ്ലെയ്‌സുകളാക്കി മാറ്റുന്നത്. ഓരോ ഘട്ടത്തിലായി 10 കേന്ദ്രങ്ങളെ വീതമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ മൂന്നാംഘട്ടത്തില്‍ ആണ് ശബരിമലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ, മുംബൈ സിഎസ്ടി, പഞ്ചാബിലെ സുവര്‍ണക്ഷേത്രം, അസമിലെ കാമാക്യ ക്ഷേത്രം, ഉത്തര്‍പ്രദേശിലെ മൈകര്‍ണികാഘട്ട്, തമിഴ്‌നാട്ടിലെ മീനാക്ഷി ക്ഷേത്രം, കശ്മീരിലെ വൈഷ്ണവദേവീക്ഷേത്രം, ഒറീസയിലെ ജഗന്നാഥ ക്ഷേത്രം, ആഗ്രയിലെ താജ്മഹല്‍, ഉത്തരാഖണ്ഡിലെ ഗംഗോത്രി എന്നിവയാണ് സ്വച്ഛ് ഐക്കോണിക് കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ ഉത്തരാഖണ്ഡിലെ യമുനോത്രി, മധ്യപ്രദേശിലെ മഹാകാളേശ്വര ക്ഷേത്രം, തെലങ്കാനയിലെ ചാര്‍മിനാര്‍, ഗോവയിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, കേരളത്തിലെ ആദിശങ്കര ജന്മസ്ഥലം, കര്‍ണാടകയിലെ ഗോ മതേശ്വര്‍, ജാ ര്‍ഖണ്ഡിലെ ബേജാനാഥ്, ബിഹാറിലെ തീര്‍ഥ്ഗയ, ഗുജറാത്തിലെ സോമനാഥക്ഷേത്രം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ സ്വച്ഛ് ഐക്കോണിക് പ്ലെയ്‌സുകളാക്കാന്‍ തീരുമാനമെടുത്തിട്ടുള്ളത്.
കേന്ദ്ര നഗരവികസന മന്ത്രാലയം, ടൂറിസം മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കുവേണ്ട സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്‍കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികള്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ശബരിമലയില്‍ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് തീരുമാനിച്ചു. ശബരിമലയിലെയും അനുബന്ധ സ്ഥലങ്ങളിലെയും ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിച്ച് ശുചിത്വപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക, ദേവസ്വം ബോര്‍ഡ്, വനംവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ പൂര്‍ണ സഹകരണത്തോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും പദ്ധതി.
പ്രതിവര്‍ഷം രണ്ട് മുതല്‍ മൂന്ന് കോടി വരെ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതായാണ് കണക്കുകള്‍.  കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍. നിലവില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലുള്ള ശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തുകയും പദ്ധതിയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി ആവശ്യത്തിന് ശൗചാലയങ്ങള്‍ പുതുതായി നിര്‍മിക്കുകയും പദ്ധതിയിലെ പ്രധാന ഇനമായിരിക്കും. നിലയ്ക്കല്‍, എരുമേലി, അഴുതക്കടവ്, പമ്പാവാലി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, പന്തളം, ആറന്‍മുള, പുനലൂ ര്‍, പത്തനംതിട്ട, റാന്നി, കോന്നി, കുമളി, കുമളി സത്രം, കൊട്ടാരക്കര, വടശ്ശേരിക്കര, റാന്നി പെരുനാട്, ളാഹ, ആങ്ങമൂഴി, അഴുത, അഴുതക്കടവ് മുതല്‍ ചെറിയാനവട്ടം വരെയുള്ള കാനനപാതകളിലും പമ്പയിലും സന്നിധാനത്തും ആണ് പുതിയ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളത്.
പദ്ധതിയിലുള്‍പ്പെടുത്തി അനുയോജ്യമായ സ്ഥലങ്ങളില്‍ ബയോടോയ്‌ലറ്റുകളും സ്ഥാപിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനായി സന്നിധാനത്തും പമ്പയിലും അഞ്ച് എംഎല്‍ഡി ശേഷിയുള്ള രണ്ട് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും നിലയ്ക്കലില്‍ ഒരു എംഎല്‍ഡിയുടെ ഒരു സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല, ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസംഘടനകളും സംയുക്തമായി നടത്തുന്ന പുണ്യം പൂങ്കാവനം തുടങ്ങിയ പരിപാടികളുമായി സംയോജിപ്പിച്ചുകൊണ്ടായിരിക്കും സ്വച്ഛ് ഐക്കോണിക് പദ്ധതി നടപ്പാക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss