|    Mar 25 Sat, 2017 9:37 am
FLASH NEWS

ശബരിമല: സ്ത്രീപ്രവേശനത്തിനെതിരേ ഉറച്ചു നില്‍ക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Published : 15th August 2016 | Posted By: SMR

കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരായ നിലപാടില്‍ ദേവസ്വം ബോര്‍ഡ് ഉറച്ചു നില്‍ക്കുമെന്നും അതിനായി ഏതറ്റം വരെയും പോവുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പത്തിനും 50നും ഇടയിലുളള സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കില്ലെന്നത് എഴുനൂറുവര്‍ഷമായി തുടരുന്ന ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ്. മതപരമായ കാര്യങ്ങളില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും പ്രയാര്‍ പറഞ്ഞു. ശബരിമലയുടെ വിശുദ്ധി കാത്തുസംരക്ഷിക്കുന്നതിനായി ചിങ്ങം ഒന്നിന് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളുടെ ആഭിമുഖ്യത്തില്‍ ഉദയാസ്തമന പ്രാര്‍ഥനായജ്ഞം നടത്തും. ആചാരാനുഷ്ഠാന ശുദ്ധി, ദേശാന്തര തീര്‍ത്ഥാടന പരിശുദ്ധി ഇവ കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം.
ഇതര മതങ്ങളിലും ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കിലും അത് വിവാദമാവുന്നില്ല. എരുമേലിയിലെ വാവരു പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച് മറുപടി പറയാന്‍ കഴിയില്ല. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നത് സംബന്ധിച്ച സുപ്രിംകോടതി കേസില്‍ ബോര്‍ഡ് ശക്തമായ വാദമുഖങ്ങള്‍ നിരത്തും. അതില്‍ നിന്നും പിന്നോട്ടില്ല. നവംബര്‍ ഏഴിനാണ് കേസ് ഇനി പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ബോര്‍ഡിന്റെയും ശബരിമലയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ഈ മാസം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വികസനകാര്യങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സന്ദര്‍ശിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക