|    Apr 22 Sun, 2018 6:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമല: സ്ത്രീകള്‍ക്കുള്ള വിലക്കിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കുമെന്ന് ഇന്നലെ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിന് പുറമെ വിഷയത്തിലെ ഭരണഘടനാ വിഷയങ്ങളും ചട്ടങ്ങളും കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസ് ആവശ്യമെങ്കില്‍ ഭരണഘടനാ ബെഞ്ചിന് വിടാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു സംബന്ധിച്ച മുന്‍ നിലപാട് മയപ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് സ്വീകരിച്ചത്.
സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്നായിരുന്നു 2008ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാട്. ആ നിലപാട് തിരുത്തി ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ വിശ്വാസികളെ അനുവദിക്കണമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. അടുത്തിടെ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പഴയ നിലപാട് തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി പുതിയത് സമര്‍പ്പിക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതിനിടെ ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്ന് ചോദിച്ചപ്പോഴാണ് ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. കെ കെ വേണുഗോപാല്‍ വ്യക്തമാക്കിയത്.
സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കുന്നുണ്ടെങ്കിലും കേസില്‍ ഭരണഘടനാവശങ്ങളും ചട്ടങ്ങളും കൂടി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 14, 25, 26 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ശബരിമലയില്‍ എല്ലാവിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. ഒരാളുടെ മൗലിക അവകാശം മറ്റൊരാളുടെ മൗലിക അവകാശത്തെക്കാള്‍ വലുതല്ലെന്നിരിക്കെ ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ക്ഷേത്രങ്ങളില്‍ വിലക്കുകള്‍ നടപ്പാക്കാനാവുമോ എന്നും ബെഞ്ച് ചോദിച്ചു.
ക്ഷേത്രം പൊതു ആരാധനാകേന്ദ്രമാണ്. അതിനാല്‍ അവിടേക്ക് പ്രാര്‍ഥനയ്ക്കായി വരുന്ന സ്ത്രീകളെ തടയാന്‍ നിങ്ങള്‍ക്കു കഴിയില്ല. അങ്ങിനെ തടയല്‍ സ്ത്രീകളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. വിഷയത്തിന്റെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ അവകാശങ്ങളും സന്തുലിതമാക്കേണ്ടതുണ്ടെങ്കിലും അതിനൊരു പരിധിയുണ്ട്. അവകാശങ്ങള്‍ സന്തുലിതപ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടിയ മൂന്നംഗ ബെഞ്ച്, ഭരണഘടനാ ബെഞ്ചിനു വിടുകയാണെങ്കില്‍ തങ്ങള്‍ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
സ്ത്രീകളുടെ പ്രവേശനത്തെ ചൊല്ലിയുള്ള തര്‍ക്കം വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് നേരത്തെ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പത്തിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് വിലക്കിയ കേരളാ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സി നാഗപ്പന്‍, ആര്‍ ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. നവംബര്‍ ഏഴിനാണ് കേസ് ഇനി പരിഗണിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss