|    Dec 16 Sun, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

‘ശബരിമല സുവര്‍ണാവസരം’; ശ്രീധരന്‍പിള്ളയുടെ പ്രസംഗം; ബിജെപി വെട്ടില്‍

Published : 6th November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമലയിലെ സമരം ബിജെപി ആസൂത്രണം ചെയ്തതാണെന്നും ശബരിമലയെ ഒരു സുവര്‍ണാവസരമായി ഉപയോഗപ്പെടുത്തണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണാവസരമാണ്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്കു പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരന്‍പിള്ള പറയുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിന്റെ ഓഡിയോയും വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പദ്ധതിയാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. നമ്മുടെ ജനറല്‍ സെക്രട്ടറിമാര്‍ ക്യാംപ് ചെയ്ത് അതു വിജയകരമായി നടപ്പാക്കി. ബിജെപിക്കു കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണിത്. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരാണ് തടഞ്ഞത്.
തുലാമാസപൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്. നട അടയ്ക്കുന്നത് കോടതിയലക്ഷ്യമാവില്ലേ എന്ന് തന്ത്രി ചോദിച്ചപ്പോള്‍, അങ്ങനെയൊരു നിലപാടെടുത്താല്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും അതിനു പതിനായിരങ്ങളുടെ പിന്തുണയുണ്ടാവുമെന്നും താന്‍ ഉറപ്പുനല്‍കിയിരുന്നു.
തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി കണ്ഠരര് രാജീവര് പ്രവര്‍ത്തിച്ചത്. പോലിസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടയ്ക്കുമെന്ന നിലപാടിലാണ്.
ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാര്‍ട്ടിയും മാത്രമായിരിക്കും. ശബരിമല സമരത്തിനു നേതൃത്വം നല്‍കാന്‍ പ്രവീണ്‍ തൊഗാഡിയ രണ്ടു ദിവസത്തിനകം എത്താന്‍ സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ അനുയായികളടക്കം അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കുമായിരുന്നു. അതിനു മുമ്പായി തന്നെ അത് ഹൈജാക്ക് ചെയ്യാന്‍ പാര്‍ട്ടിക്കായെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.
ശബരിമലയില്‍ യുവതീപ്രവേശനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത് സംഘപരിവാര അനുകൂലികളാണെന്ന കാര്യം നേരത്തേ പുറത്തുവന്നിരുന്നു. ബിജെപിക്ക് കേരളത്തില്‍ സ്വാധീനം നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ശബരിമല സമരമെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പിള്ളയുടെ പ്രസംഗം. ശബരിമല തന്ത്രിയെ ഉള്‍പ്പെടെ തങ്ങളുടെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ ബിജെപിക്കും പിള്ളയ്ക്കും ഒരുപോലെ വിനയായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss