|    Dec 10 Mon, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: സുരേന്ദ്രന്‍ റിമാന്‍ഡില്‍

Published : 19th November 2018 | Posted By: kasim kzm

 

പത്തനംതിട്ട: നിയന്ത്രണങ്ങള്‍ ലംഘിച്ച് ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പോലിസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.
ശനിയാഴ്ച രാത്രിയാണ് നിലയ്ക്കലില്‍ നിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയിലാണ് നിലയ്ക്കല്‍ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.30ന് സുരേന്ദ്രനെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. സംഘംചേരല്‍, പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരേ ചുമത്തിയത്. അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്.
ചിറ്റാര്‍ പോലിസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ ഏഴോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി.
അതിനിടെ, ചിറ്റാര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധവും നടന്നു. രാവിലെ പ്രതിഷേധം ശക്തമാവാനുള്ള സാധ്യത കണക്കിലെടുത്താണ് പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറുമണിയോടെ തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ തീരുമാനിച്ചത്.
രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച സുരേന്ദ്രന്‍, തന്നെ പോലിസ് ജിപ്പിലിട്ട് മര്‍ദിച്ചുവെന്നും മരുന്നു കഴിക്കാന്‍ അനുവദിച്ചില്ലെന്നും പറഞ്ഞിരുന്നു. വെള്ളം കുടിക്കാന്‍ അനുവദിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടി തുടങ്ങിയ പരാതിയും സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പറഞ്ഞു.
കൊടുംകുറ്റവാളിയോട് എന്നപോലെയാണ് പോലിസ് പെരുമാറിയതെന്നും ആരോപിച്ചിരുന്നു. തനിക്കെതിരായ പോലിസ് നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss