|    Jan 16 Mon, 2017 6:29 pm

ശബരിമല സുരക്ഷാ യാത്ര ; അപകട മേഖലകളുടെ രൂപരേഖ തയ്യാറാക്കി

Published : 18th July 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിനു മുന്നോടിയായി ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശബരിമല സുരക്ഷാ യാത്രയില്‍ അപകട മേഖലകളുടെയും അപകട സാധ്യതാ മേഖലകളുടെയും രൂപരേഖ തയാറാക്കി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ 18 ഓളം ഉദ്യോഗസ്ഥരാണ് പമ്പ മുതല്‍ പത്തനംതിട്ട വരെ സുരക്ഷാ യാത്ര നടത്തിയത്. സുരക്ഷാ യാത്ര സംഘം തയ്യാറാക്കിയ രൂപരേഖ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സത്വര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനം മുന്‍ വര്‍ഷങ്ങളില്‍ വിജയം കണ്ടതോടെ ഇത്തവണയും തുടരാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ശബരിമലയുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നേരിട്ട് വിലയിരുത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുന്ന അവസരങ്ങളില്‍ ഭക്തര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ വിശ്രമിക്കുന്നതിനായി താല്‍ക്കാലിക വിശ്രമ കേന്ദ്രം ഒരുക്കാനും കുളിക്കടവുകളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും സംഘം നിര്‍ദേശിച്ചു.
വനം വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണം, സേന വിഭാഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കണം, കുളിക്കടവുകളുടെ ആഴം അറിയാന്‍ സംവിധാനമേര്‍പ്പെടുത്തണം, 24 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം, മൈലപ്ര ജംഗ്ഷനില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണം, മണ്ണാറക്കുളഞ്ഞി റോഡില്‍ കലുങ്കുകള്‍ക്കും ചന്തയ്ക്കും സമീപം സുരക്ഷാ രേഖ അടയാളപ്പെടുത്തണം, അപകട സാധ്യതയുള്ള റോഡിന്റെ വശങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കണം, വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാല്‍ എന്തുചെയ്യണമെന്നതു സംബന്ധിച്ച് തീര്‍ഥാടകര്‍ക്കായി മാര്‍ഗരേഖ തയാറാക്കണം, റോഡിന്റെ വശങ്ങളില്‍ വീണുകിടക്കുന്ന മരങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക, അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുക, നിലയ്ക്കലിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
മുന്‍ വര്‍ഷത്തെ സുരക്ഷാ യാത്രയില്‍ അപകട മേഖലയായി കണ്ടെത്തി ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്ന ളാഹയിലെ വലിയ വളവില്‍ അടുത്തിടെയുണ്ടായ ബസ് അപകടത്തില്‍ ആളപായം ഒഴിവായിരുന്നു. മേജര്‍ ഇറിഗേഷന്‍, മോട്ടോര്‍ വാഹനം, വനം, ഫയര്‍ ആന്റ് റസ്‌ക്യു, പൊതുമരാമത്ത് നിരത്തു വിഭാഗം, പോലീസ്, അയ്യപ്പസേവാ സംഘം, തിരുവനന്തപുരം ഐ.എല്‍.ഡി.എം എന്നിവര്‍ സുരക്ഷാ യാത്രയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക