|    Jul 21 Sat, 2018 8:48 pm
FLASH NEWS

ശബരിമല സീസണില്‍ ജല വിതരണം തുടങ്ങും: ജല വിതരണ അതോറിറ്റി

Published : 27th September 2017 | Posted By: fsq

 

എരുമേലി: ഇത്തവണത്തെ ശബരിമല സീസണില്‍ ശുദ്ധജല വിതരണ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ തയ്യാറാണെന്നും ആകെയുള്ള തടസ്സം പമ്പ് ഹൗസിലേക്കു വൈദ്യുതി കിട്ടാന്‍ സബ് സ്റ്റേഷന്‍ പൂര്‍ത്തിയായാല്‍ മാത്രം മതിയെന്നും ജല വിതരണ അതോറിറ്റി അധികൃതര്‍. സബ് സ്റ്റേഷന്‍ പൂര്‍ത്തിയായി കമ്മീഷന്‍ ചെയ്യാന്‍ രണ്ടു മാസം മതിയെന്നാണു പ്രതീക്ഷ. കഴിഞ്ഞ രണ്ടു വര്‍ഷവും ശബരിമല സീസണില്‍ എരുമേലി ടൗണില്‍ പുതിയ പദ്ധതിയിലൂടെ ജല വിതരണം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നതാണ്. അധികൃതരെ വിശ്വസിച്ച് എംഎല്‍എയും ഇതേ പ്രഖ്യാപനം ആവര്‍ത്തിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. അതേസമയം ഇത്തവണ മുഖ്യമന്ത്രിക്കാണു ജല അതോറിറ്റി ഉറപ്പു നല്‍കിയിരിക്കുന്നത്. കഴിഞ്ഞയിടെ തലസ്ഥാനത്ത് ശബരിമല ക്രമീകരണ മുന്നൊരുക്ക യോഗത്തിലാണ് ഉറപ്പു നല്‍കിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതോറിറ്റി ഈ ഉറപ്പ് ആവര്‍ത്തിക്കുകയും ചെയ്തു. 53 കോടി രൂപ ചെലവിടുന്ന എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണം അഞ്ചു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇപ്പോള്‍ 80 ശതമാനത്തോളം പണികളും പൂര്‍ത്തിയായിട്ടുണ്ട്. ഒപ്പം അധികമായി 10 കോടിയോളം രുപ കൂടി വകയിരുത്തേണ്ടിയും വന്നു. പമ്പാ നദിയിലെ പെരുന്തേനരുവിയാണ് ജല സ്രോതസ്. ഇവിടെ പമ്പ് ഹൗസിലേക്ക് കൂടിയ അളവില്‍ വൈദ്യുതി ലഭിച്ചാല്‍ പ്രവര്‍ത്തനം ആരംഭിക്കാം. തൊട്ടടുത്ത് 33 കെവി സബ് സ്റ്റേഷന്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഒരു ഫീഡറിലെ വൈദ്യുതി മതി പമ്പ് ഹൗസിലേക്ക്. നിലവില്‍ ഒരു സബ് സ്റ്റേഷന്‍ ഇവിടെയുണ്ടെങ്കിലും അത് ചെറുകിട ജല വൈദ്യുത പദ്ധതിയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി പുതിയ സബ് സ്റ്റേഷനിലേക്ക് എത്തിച്ചാണ് പമ്പ് ഹൗസിനും മറ്റ് വിതരണത്തിനുമായി നല്‍കുക. മുക്കൂട്ടുതറ എംഇഎസ് കോളജിനടുത്ത് 100 ലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുളള പ്ലാന്റിലേക്കാണ് പമ്പ് ഹൗസില്‍ നിന്ന് വെള്ളമെത്തിക്കുക. ആദ്യഘട്ടത്തില്‍ എരുമേലി ടൗണില്‍ വിതരണം നടത്താനുള്ള പണികളാണ് പൂര്‍ത്തിയായിട്ടുള്ളത്. മറ്റിടങ്ങളില്‍ വിതരണ കുഴലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ കൂടി പൂര്‍ത്തിയാവുന്നതോടെ വിതരണം ആരംഭിക്കാം.മൊത്തം 12 സംഭരണ ടാങ്കുകളിലൂടെ എരുമേലി പഞ്ചായത്തിലും കൊല്ലമുള, ഓലക്കുളം പ്രദേശങ്ങളിലുമാണ് ജല വിതരണം നടത്തുക. ടാങ്കുകളോടനുബന്ധിച്ച് പമ്പ് സെറ്റുകളും മോട്ടോറുകളും സ്ഥാപിച്ചു കഴിഞ്ഞു. കനകപ്പലം 110 കെവി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനമായതോടെ ശുദ്ധീകരണ ശാലയില്‍ വൈദ്യുതി ഉറപ്പായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss