|    Dec 15 Sat, 2018 6:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: സഭയില്‍ ഭരണ-പ്രതിപക്ഷ പോര്

Published : 4th December 2018 | Posted By: kasim kzm

തിരുവനന്തപുരം: നിയമസഭയില്‍ നാലാം ദിവസവും ശബരിമല വിഷയത്തില്‍ ഭരണ-പ്രതിപക്ഷ ബഹളവും സഭാ സ്തംഭനവും. രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ നീക്കം ചെയ്യല്‍, തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, പ്രഫ. എന്‍ ജയരാജ് എന്നീ മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ സഭാകവാടത്തിനു മുന്നില്‍ സത്യഗ്രഹം തുടങ്ങുകയാണെന്ന് ചെന്നിത്തല അറിയിച്ചു.
അതോടെ, ആര്‍എസ്എസും യുഡിഎഫും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒത്തുകളി സിപിഎമ്മും ആര്‍എസ്എസും തമ്മിലാണ് എന്നു പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. വല്‍സന്‍ തില്ലങ്കേരിയെ വിളിച്ച് ക്രമസമാധനപാലനം ഏല്‍പിച്ചത് അതിന് ഉദാഹരണമാണെന്നും അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്കാണ് അനുമതി കൊടുത്തതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍, യുഡിഎഫിന് ഇപ്പോള്‍ അമിത്ഷായാണ് നേതാവെന്നും അദ്ദേഹത്തെയാണ് അനുസരിക്കുന്നത് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതിനു മറുപടി പറയാന്‍ പ്രതിപക്ഷ നേതാവ് എഴുന്നേറ്റെങ്കിലും ഇതു ചോദ്യോത്തരവേളയാണെന്നും പ്രസംഗങ്ങള്‍ ഈ സമയത്ത് അനുവദിക്കില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിച്ച് സ്പീക്കറുടെ കാഴ്ച മറച്ചു. കാഴ്ച മറയ്ക്കുന്ന ബാനര്‍ ഉയര്‍ത്തിയതോടെ ഭരണപക്ഷ എംഎല്‍എമാരും രംഗത്തിറങ്ങി.
ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. 18ാം മിനിറ്റില്‍ ചോദ്യോത്തരവേള റദ്ദാക്കി. സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍ എന്നിവയും റദ്ദാക്കി. പ്രതിപക്ഷം പിന്മാറാന്‍ കൂട്ടാക്കാതിരുന്നതോടെ ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്കു പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss