|    Dec 15 Sat, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമല സന്നിധാനത്ത് പകല്‍സമയത്തും നിയന്ത്രണമെന്ന് പരാതി

Published : 19th November 2018 | Posted By: kasim kzm

ശബരിമല: തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താമെന്ന മന്ത്രിയുടെ ഉറപ്പുകള്‍ സന്നിധാനത്ത് പാലിക്കുന്നില്ലെന്ന് പരാതി. രാത്രിയില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പകല്‍സമയത്തും പോലിസ് തോന്നിയപോലെ നടപ്പാക്കുന്നുവെന്നാണ് പരാതി ഉയരുന്നത്. പലയിടങ്ങളിലും വിശ്രമിക്കാനിരുന്ന തീര്‍ത്ഥാടകരെ പോലിസ് എഴുന്നേല്‍പിച്ച് വിട്ടതായും പരാതിയുണ്ട്. ബാരിക്കേഡ് വച്ച് മറച്ചതോടെ വാവര്‍ സ്വാമി നടയിലേക്കുള്ള തീര്‍ത്ഥാടക വരവ് കുറഞ്ഞതായും വിമര്‍ശനം ഉയരുന്നു.
രാത്രിയില്‍ മാത്രമല്ല, പകല്‍സമയത്തും അരമണിക്കൂറിലേറെ ഒരിടത്ത് വിശ്രമിക്കാന്‍ അനുവദിക്കില്ല. ആറിടങ്ങളില്‍ വിശ്രമിക്കാന്‍ പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലേക്ക് മാറിയിരിക്കുന്നതില്‍ പ്രശ്‌നമില്ല. ഈ സ്ഥലത്തേക്ക് മാറിയാല്‍ പോലും നെയ്യഭിഷേകം കഴിഞ്ഞാലുടനെ മലയിറങ്ങണം. മണിക്കൂറുകള്‍ യാത്ര ചെയ്ത് മല കയറിയെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ അനുമതിയില്ലെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയായിട്ടും ഇന്നലെ സന്നിധാനത്ത് അധികം തിരക്കില്ലായിരുന്നു. ഇന്നലെ എത്തിയ തീര്‍ത്ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. സംഘപരിവാര സംഘടനകളുടെ അതിക്രമങ്ങളും പോലിസ് നിയന്ത്രണങ്ങളും തിരക്കു കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. പകല്‍ മലകയറാനുള്ള നിയന്ത്രണങ്ങളും ഇന്നലെ വന്നതായി തീര്‍ത്ഥാടകര്‍ പറയുന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ മല കയറാന്‍ വിലക്ക് വന്നു. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2 വരെ നിലവിലുള്ള വിലക്കിനു പുറമേയാണിത്.
കെഎസ്ആര്‍ടിസി സര്‍വീസിന് കഴിഞ്ഞ ദിവസം മുതല്‍ രാത്രിവിലക്ക് വന്നിരുന്നു. രാത്രി 9.30 മുതല്‍ 12 വരെയുള്ള സമയത്ത് പമ്പ-നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് ഓടില്ല. ഞായറാഴ്ച പകല്‍ 10 മുതല്‍ 12 വരെയും വിലക്ക് ഏര്‍പ്പെടുത്തി. പോലിസ് പറയുന്ന പ്രകാരം വാഹനങ്ങള്‍ ഓടിയാല്‍ മതിയെന്നാണ് നിര്‍ദേശം.
സന്നിധാനത്ത് രാത്രി വിരിവെക്കാനും പ്രസാദം വാങ്ങാനുമുള്ള വിലക്ക് കഴിഞ്ഞ ദിവസം ഇളവ് ചെയ്തിരുന്നു. നടപ്പന്തലിലും തിരുമുറ്റത്തും വിരി അനുവദിക്കുന്നില്ലെങ്കിലും അവിടെനിന്ന് മാറി വിരിവെക്കാന്‍ അനുവദിച്ചിട്ടുണ്ട്. രാത്രി കടകള്‍ അടയ്ക്കണമെന്ന വിലക്കും പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ ദര്‍ശനം, നെയ്യഭിഷേകം എന്നിവ കഴിയുന്നവര്‍ ഉടനെ സ്ഥലം വിടണമെന്നാണ് പോലിസ് നിര്‍ദേശം. ഈ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഗവര്‍ണറെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
പോലിസ് ലാത്തിയുമായി തന്നെയാണ് തീര്‍ത്ഥാടകരെ നീക്കുന്നത്. മറ്റുള്ള സ്ഥലങ്ങളിലേതു പോലെത്തന്നെ പെരുമാറിയാല്‍ മതിയെന്ന് പോലിസിനു നല്‍കിയിട്ടുള്ള നിര്‍ദേശം. സുരക്ഷാഭീഷണിയാണ് വിലക്കുകള്‍ക്ക് കാരണമെന്നാണ് ഡിജിപി പറഞ്ഞത്. പ്രശ്‌നക്കാര്‍ നുഴഞ്ഞുകയറുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ വിടുന്നില്ല. പാസ് എടുത്ത വണ്ടികള്‍ മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ. മടക്കയാത്രയ്ക്ക് അടക്കമുള്ള ടിക്കറ്റ് നിലയ്ക്കല്‍ കൗണ്ടറില്‍ നിന്ന് എടുക്കാനും പൂര്‍ണവിവരങ്ങള്‍ നല്‍കണം.
കഴിഞ്ഞ ദിവസം ഉച്ച മുതല്‍ മാധ്യമപ്രവര്‍ത്തകരെ പമ്പയിലേക്ക് കടത്തിവിടാതിരുന്ന പോലിസ് ഇന്നലെ പ്രവേശന പാസ് പോലും ആവശ്യപ്പെടാതെ ഒരു ദൃശ്യമാധ്യമ സ്ഥാപനത്തിന്റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടത് മറ്റു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് മറ്റു മാധ്യമങ്ങള്‍ക്കും പാസ് ഉപയോഗിച്ച് പ്രവേശനം അനുവദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss