|    Oct 16 Tue, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമല സന്നിധാനത്തും പമ്പയിലും ഗസ്റ്റ്ഹൗസ് ; അഞ്ചുകോടിയുടെ പദ്ധതിക്ക് അംഗീകാരം

Published : 15th September 2017 | Posted By: fsq

 

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് പണിയാന്‍ അഞ്ചു കോടിയുടെ പദ്ധതിക്ക് അംഗീകാരം.  18,000 ചതുരശ്ര അടിയില്‍ 24 മുറികള്‍, 200 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സന്നിധാനത്തു നിര്‍മിക്കുന്ന ഗസ്റ്റ്ഹൗസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ഇവിടെയെത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ക്കും ഇസഡ് കാറ്റഗറി സുരക്ഷയുള്ള പ്രധാന വ്യക്തികള്‍ക്കും താമസിക്കുന്നതിനായി നിലവില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ ശബരിമലയിലോ പമ്പയിലോ ഇല്ല. ആകെയുള്ളത് സന്നിധാനത്തെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസ് മാത്രമാണ്. എന്നാല്‍, ഇതിന്റെ മുറികള്‍ ദേവസ്വം പ്രസിഡന്റിനും അംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കുമായി സ്ഥിരമായി വീതിച്ചുനല്‍കിയിരുന്നു. അതീവ സുരക്ഷ നല്‍കേണ്ട ആളുകളെത്തുമ്പോള്‍ ഈ മുറികള്‍ ഒഴിപ്പിച്ചാണ് അവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ വേണമെന്ന ആവശ്യവുമായി റാന്നി എംഎല്‍എ രാജു എബ്രഹാം രംഗത്തെത്തുന്നത്. ആദ്യം കെഎസ്ഇബിയുടെ സ്ഥലത്ത് ഗസ്റ്റ്ഹൗസ് നിര്‍മിക്കാന്‍ തീരുമാനമെടുത്തെങ്കിലും സ്ഥലം വിട്ടുനല്‍കാന്‍ കെഎസ്ഇബി തയ്യാറായില്ല. പിന്നീട് പമ്പയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ സമീപമുള്ള സ്ഥലത്തോടു ചേര്‍ന്ന് ഗസ്റ്റ്ഹൗസ് നിര്‍മിക്കാന്‍ ആലോചിച്ചെങ്കിലും ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയില്ല. തുടര്‍ന്നു സന്നിധാനത്ത് സ്ഥലം ലഭ്യമാക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് സന്നിധാനത്ത് വനംവകുപ്പിന്റെ ഐബിക്ക് സമീപം 10 സെന്റ് സ്ഥലം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥലം അനുവദിച്ചെങ്കിലും കെട്ടിടനിര്‍മാണത്തിന് ഫണ്ട് ലഭ്യമാവാതിരുന്നതുമൂലം തുടര്‍നടപടികള്‍ നിലച്ചു. ഈ സാഹചര്യത്തിലാണ് എംഎല്‍എ, ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രന് വിഷയം സംബന്ധിച്ചു നിവേദനം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശദമായ പ്രൊജക്റ്റ് സമര്‍പ്പിക്കുന്നതിന് ഉന്നതാധികാര സമിതിയുടെ ആര്‍കിടെക്ചര്‍ മഹേഷിനെയും ഡിടിപിസി സെക്രട്ടറി എ ഷംസുദ്ദീനെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനോടൊപ്പം നിലയ്ക്കലില്‍ കിഫ്ബി വഴി നടപ്പാക്കുന്ന ഇടത്താവള പദ്ധതിയില്‍ പ്രധാന വ്യക്തികള്‍ക്ക് താമസസൗകര്യം ഒരുക്കുംവിധം കെട്ടിടം നിര്‍മിക്കുന്നതിന് പദ്ധതിയുണ്ട്. പമ്പയിലാണ് ഇനി ഈ സൗകര്യം ലഭ്യമാക്കേണ്ടത്. സ്ഥലം ലഭ്യമായാല്‍ ഇവിടെയും ഗസ്റ്റ്ഹൗസ് നിര്‍മാണത്തിന് നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss