|    Apr 29 Sat, 2017 5:22 am
FLASH NEWS

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ പേരുമാറ്റം:സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന്

Published : 30th November 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് മാറ്റിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ശരിയായില്ലെന്ന് മുന്‍ അംഗം പി കെ കുമാരന്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പേര് മാറ്റാനുണ്ടായ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. നിലവിലുള്ള പേര് മാറ്റേണ്ടതായ എന്തെങ്കിലും ആവശ്യമുള്ളതായി തോന്നുന്നില്ല. ആരുടെ നിര്‍ദേശ പ്രകാരമാണ് ബോര്‍ഡ് ഇത്തരത്തിലുള്ള സാഹസത്തിന് തയ്യാറായതെന്ന കാര്യം ഗൗരവമുള്ളതാണ്. മുന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നെന്നാണ് ബോര്‍ഡ് പറയുന്നത്. ഇത് ശരിയല്ല. താന്‍ അംഗമായിരുന്ന മുന്‍ ബോര്‍ഡില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടപടികളും ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കവും പാരമ്പര്യവും ചരിത്രപരവുമായ ഒട്ടേറെ പ്രത്യേകതകളുമുള്ള മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഘോരവനമധ്യത്തിലുള്ള ശബരിമല ക്ഷേത്രം. ആദിവാസികളടക്കമുള്ള കാനനവാസികളുടെ ആരാധനാ കേന്ദ്രമായ പുണ്യഭൂമിയായ ശബരിമലയിലെ ശ്രീധര്‍മശാസ്താവിലാണ് അയ്യപ്പന്‍ ലയിച്ചത്. മൂലക്ഷേത്രത്തിന്റെ നിര്‍മാണ വേളയില്‍ തന്നെ ശില്‍പികളും ബന്ധപ്പെട്ടവരും ശാസ്ത്രവിധി പ്രകാരം ഉചിതമായി നിശ്ചയിച്ച് നല്‍കിയ പേരാണ് ശ്രീധര്‍മശാസ്താ ക്ഷേത്രമെന്നത്. ക്ഷേത്രങ്ങള്‍ക്ക് പേരിടലും പേര് മാറ്റലും ദേവസ്വം ബോര്‍ഡിന്റെ ജോലിയാണെന്ന് തോന്നുന്നില്ല. പേരുമാറ്റല്‍ നടപടി ക്ഷേത്രാചാരങ്ങള്‍ക്കും നിലപാടുകള്‍ക്കും നിരക്കാത്ത രീതിയിലാണ് ചെയ്തത്. അതിനാല്‍ ദേവസ്വം ബോര്‍ഡിന്റേതായി സ്വീകരിച്ചിരിക്കുന്ന പേരുമാറ്റല്‍ നടപടി നിരുപാധികം പിന്‍വലിച്ച് ഭക്തജസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുന്നു.  മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ സ്ത്രീകളെ ഒഴിവാക്കി മാസ പൂജ സമയങ്ങളില്‍ ഇവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പി കെ കുമാരന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day