|    Nov 21 Wed, 2018 11:10 am
FLASH NEWS

ശബരിമല വിമാനത്താവളം: പഠനം നടത്താന്‍ അമേരിക്കന്‍ ഏജന്‍സിക്കു ചുമതല നല്‍കി

Published : 23rd June 2017 | Posted By: fsq

 

എരുമേലി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഉന്നതതല സമിതി അംഗീകരിച്ച പട്ടികയിലെ സ്ഥലങ്ങളില്‍ ഏതാണ് അനുയോജ്യമെന്നറിയാന്‍ പഠനത്തിനും സര്‍വേക്കുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബര്‍ഗ് ഏജന്‍സിക്കു ചുമതല ലഭിച്ചു. ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തിയ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് നീക്കം ശക്തമായി. നിലവിലുള്ള ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ കോടതിയില്‍ അവസാനിപ്പിച്ച് എസ്റ്റേറ്റ് സര്‍ക്കാരിന വിട്ടുകൊടുത്താല്‍ വിമാനത്താവള പദ്ധതിയില്‍ നിശ്ചിത ശതമാനം പങ്കാളിത്തം ബിലീവേഴ്‌സ് ചര്‍ച്ച് നിര്‍ദേശിക്കുന്ന അംഗീകൃത സ്ഥാപനത്തിന് നല്‍കാമെന്നാണ് സൂചന. അനൗദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. കൂടിയാലോചനകള്‍ക്കു ശേഷം പ്രതികരണം അറിയിക്കാമെന്നു മറുപടി ലഭിച്ചതായി പറയുന്നു. അനുകൂല പ്രതികരണമാണെങ്കില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ക്കു നടപടികളാവും. ഹരിത പദ്ധതിയായാണു നിര്‍ദിഷ്ട വിമാനത്താവള പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതികള്‍ക്കു കോട്ടമാവാത്ത മലയോര വിമാനത്താവളമായി സര്‍ക്കാര്‍ പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മാണം നടത്താനുമാണു ലക്ഷ്യമിടുന്നത്. ശബരിമലയുമായി ഏറ്റവും അടുത്തുകിടക്കുന്ന എരുമേലിയും കുമ്പഴ, ളാഹ, കോന്നി എസ്റ്റേറ്റുകളുമാണ് അന്തിമ പട്ടികയിലുളളത്. മുക്കൂട്ടുതറ പ്രപ്പോസ് എസ്റ്റേറ്റ് പട്ടികയിലുണ്ടെങ്കിലും സ്ഥല വിസ്തൃതി കുറവാണെന്ന് ഉന്നതതല സമിതിയില്‍ എതിരഭിപ്രായം ഉയര്‍ന്നിരുന്നു. മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റില്‍ കുന്നിന്‍പ്രദേശങ്ങള്‍ തടസ്സമായത് സമിതി വിലയിരുത്തിയിരുന്നു. ഹാരിസണ്‍ കമ്പനിയുമായി നടക്കുന്ന കേസുകളില്‍ തീര്‍പ്പുണ്ടായാലാണു കോന്നി കല്ലോലിക്കല്‍, കുമ്പഴ, ളാഹ എസ്റ്റേറ്റുകള്‍ എളുപ്പം ഏറ്റെടുക്കാനാവുക. അതേസമയം ശബരിമലയോട് ഏറ്റവും അടുത്തു കിടക്കുന്നതും പാരിസ്ഥിതിക്ക് തടസ്സങ്ങളില്ലെന്നു കണ്ടെത്തിയതുമായ ചെറുവള്ളിയില്‍ നിര്‍മാണ ചെലവ് ഏറെ കുറയുമെന്ന് ആദ്യ പഠനത്തില്‍ എയ്‌കോം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ റിപോര്‍ട്ട് ലൂയിസ് ബര്‍ഗിന് ലഭിച്ചിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് ലഭിക്കുന്നതിന് എക തടസ്സം കോടതിയിലെ തര്‍ക്കമാണ്. ബിലീവേഴ്‌സ് ചര്‍ച്ച് കേസില്‍ നിന്നു പിന്‍മാറിയാല്‍ തടസ്സം നീങ്ങുമെന്നിരിക്കെ ഈ സാധ്യതയാണ് നിലവില്‍ പരിഗണിച്ചിരിക്കുന്നത്. ലൂയിസ് ബര്‍ഗ് പഠനത്തിനു ശേഷം സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ ചെറുവള്ളി ഒന്നാമതായാല്‍ മാത്രം ഔദ്യോഗിക ഇടപെടലുകള്‍ മതിയെന്നാണ് നിര്‍ദേശിച്ചിട്ടുളളത്. വിദേശമലയാളി സംഘടന വിമാനതാവള പദ്ധതിക്ക് പണം മുടക്കാന്‍ സന്നദ്ധരാണെന്ന് സര്‍ക്കാരിനെ അറിയിച്ചതും ചെറുവള്ളി എസ്റ്റേറ്റ് മുന്നില്‍ കണ്ടാണ്. ബിലീവേഴ്‌സ് ചര്‍ച്ചുമായി സംഘടനയുടെ പ്രതിനിധികള്‍ കൂടിയാലോചന നടത്തിയതിനു ശേഷമാണ് പദ്ധതി ഏറ്റെടുക്കാമെന്നും 2500 കോടി രൂപ വരെ ചെലവിടാമെന്നും അറിയിച്ചതെന്ന് പറയുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി കൂടിയാണ്. ആറു മാസത്തിനകം പഠന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ലൂയിസ് ബര്‍ഗ് ഏജന്‍സിക്കു സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചു സര്‍ക്കാര്‍ അംഗീകരിച്ചാലാണു പദ്ധതിയുടെ നിര്‍മാണത്തിനു കേന്ദ്ര അനുമതി തേടുകയും നിര്‍മാണം നടത്തുന്നതിനു കരാര്‍ ക്ഷണിക്കുകയും ചെയ്യുകയെന്ന് കെഎസ്‌ഐഡിഎസ് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss