|    Sep 24 Sun, 2017 9:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: റോഡ് പണികള്‍ ഉല്‍സവത്തിന് മുമ്പ് പൂര്‍ത്തീകരിക്കും- മന്ത്രി സുധാകരന്‍

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് കേരള ഹൈക്കോടതി നിര്‍ദേശിച്ചവയടക്കം 26 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുപോവുകയാണെന്ന് മന്ത്രി ജി സുധാകരന്‍. 126 പണികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. സപ്തംബര്‍ ഒന്നോടുകൂടി എല്ലാ പ്രവൃത്തികളും ആരംഭിച്ച് ഒക്‌ടോബര്‍ 31നുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ശബരിമല റോഡ് നിര്‍മാണത്തില്‍ റബ റൈസ്ഡ് ബിറ്റുമിന്‍, വേസ്റ്റ് പ്ലാസ്റ്റിക്, കയര്‍ ജിയോ ടെക്‌സ്റ്റൈല്‍സ് എന്നീ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ ഈടുറ്റതും ഉറപ്പുമുള്ള റോഡ് നിര്‍മിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഉല്‍സവം തുടങ്ങുംമുമ്പുതന്നെ കാലേകൂട്ടി പ്ലാന്‍ ചെയ്ത് ഇത്തരം പ്രവൃത്തികള്‍ മരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ പോവുന്നത്. തന്റെ നിര്‍ദേശമനുസരിച്ച് എല്ലാ പണികളുടെയും എസ്റ്റിമേറ്റുകള്‍, പൊതുമരാമത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരും എന്‍ജിനീയര്‍മാരും സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റുകള്‍ സ്‌ക്രൂട്ടനൈസ് ചെയ്തതിനുശേഷമാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയത്. റോഡ് നിര്‍മാണത്തിനുശേഷം പൈപ്പ്, കേബിള്‍ എന്നിവ റോഡില്‍ ഇടുന്നതിന് യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അഴിമതി ഇല്ലാതാവുന്നതിന്റെ ഭാഗമായി ഈ പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിങ് പൂര്‍ത്തീകരണശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. റോഡ് പണികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ ബഹുജനങ്ങളും പിന്തുണ നല്‍കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക