|    Nov 20 Tue, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: റിട്ട് ഹരജികള്‍ മൂന്നംഗ ബെഞ്ചിന്‌

Published : 4th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല വിധിക്കെതിരേ നല്‍കിയ റിട്ട് ഹരജികള്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് 13നാണ് റിട്ട് ഹരജികള്‍ പരിഗണിക്കുക. എന്നാല്‍, പുനപ്പരിശോധനാ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 13ാം തിയ്യതി 3 മണിക്ക് പരിഗണിക്കും.
ശബരിമല കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ പകരം ആരായിരിക്കുമെന്ന് 12ന് അറിയാം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, രോഹിങ്ടന്‍ നരിമാന്‍, എ എം ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
അതേസമയം, ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതിവിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്മാറി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠരര് രാജീവര്, രാമരാജവര്‍മ, മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ നടപടിയെടുക്കുന്നതില്‍ നിന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ പിന്‍മാറിയത്. പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. കോടതിയലക്ഷ്യ ഹരജികളില്‍ നടപടിയുമായി മുന്നോട്ടുപോകണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്.
കേസില്‍ നേരത്തേ ദേവസ്വം ബോര്‍ഡിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. ഇതാവാം അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. നേരത്തേ ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ വേണുഗോപാല്‍ നിലപാടെടുത്തിരുന്നു.കോടതിയലക്ഷ്യ നടപടിക്കുള്ള അനുമതി തേടി ഗീനാകുമാരി, എ വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷ കെ കെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. ഒന്നുരണ്ടു ദിവസത്തിനകം അപേക്ഷയില്‍ തീരുമാനമെടുക്കുമെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss