|    Dec 19 Wed, 2018 7:04 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ശബരിമല: രണ്ടു വിഭാഗങ്ങളും നടയിറങ്ങട്ടെ

Published : 28th November 2018 | Posted By: kasim kzm

വടക്കേടത്ത് പത്മനാഭന്‍
സമൂഹത്തെ മുന്നോട്ടുനയിക്കുന്നത് വര്‍ഗസമരങ്ങളാണെന്ന് പറഞ്ഞുവച്ച മാര്‍ക്‌സ് അതിനാവശ്യമായ ഡാറ്റകള്‍ ചരിത്രത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. യുദ്ധം, പകര്‍ച്ചവ്യാധി, വരള്‍ച്ച, ഭക്ഷ്യക്ഷാമം തുടങ്ങിയ സാമൂഹികദുരന്തങ്ങളാണ് സാമൂഹികഘടനയെ മാറ്റിമറിക്കുന്നതെന്ന് തെളിയിക്കാവുന്ന ചരിത്രരേഖകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. കാരണം, അത്തരം ഘട്ടങ്ങളിലാണ് ഒരു സമൂഹം തന്നിലേക്കു തന്നെ തിരിയുന്നത്; സ്വന്തം ബലവും ദൗര്‍ബല്യവും തിരിച്ചറിയുന്നത്; സ്വയം നഗ്നമാക്കപ്പെടുന്നത്. അതുപോലൊരു സന്ദര്‍ഭമായിരുന്നു 2018 ആഗസ്തില്‍ നാം സാക്ഷിയായ പ്രളയം. ലോകത്തിനു മുമ്പില്‍ ഈ നഗ്നത ഏറെ പ്രകീര്‍ത്തിക്കപ്പെടുകയാണ് ഉണ്ടായത്.
ആ നഗ്നതയില്‍ ഒരുമയുടെയും പാരസ്പര്യത്തിന്റെയും സമത്വത്തിന്റെയും ധാതുക്കളുണ്ടായിരുന്നു. സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ, ഒരു സാമൂഹികമാറ്റമായി വികസിക്കുമായിരുന്നു ഈ വെളിപ്പെടല്‍. പക്ഷേ, അതുണ്ടായില്ല. അതിനു മുമ്പേ, രണ്ടാമത്തെ ആഘാതമായി ശബരിമല പ്രശ്‌നം പൊട്ടിവീഴുകയായിരുന്നു. അതെ, കൃത്യമായും മുകളില്‍ നിന്ന് പൊട്ടിവീഴുകയായിരുന്നു അത്.
ആ നിമിഷം വരെ കേരളത്തിലെ ഇടതു ലിബറല്‍ ഇടങ്ങളില്‍ നിന്നോ ഫെമിനിസ്റ്റുകളില്‍ നിന്നോ അത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടില്ല. മറിച്ച്, ഈ ആവശ്യത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സൂത്രധാരന്മാര്‍ വലതു ഹിന്ദുത്വവാദികളായിരുന്നു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു കൂടി പ്രവേശനം അനുവദിക്കുക വഴി ഇന്ത്യയിലെ ഹൈന്ദവക്ഷേത്രങ്ങളുടെ ഏകീകരണമായിരുന്നു അവരുടെ ലക്ഷ്യം. ഹിന്ദുത്വ ഏകീകരണത്തിന് മുഖ്യപ്രതിബന്ധം ഇന്ത്യയുടെ പ്രാദേശിക വൈവിധ്യമാണെന്ന് മുമ്പേ തിരിച്ചറിഞ്ഞവരാണവര്‍. ഇടതു ലിബറല്‍ സെക്യുലറിസ്റ്റുകള്‍ക്കാവട്ടെ, ലിംഗസമത്വത്തിന്റെ വക്താക്കളാവാന്‍ കിട്ടിയ അപൂര്‍വാവസരവും.
വളരെ പെട്ടെന്നുതന്നെ ഇടതു ലിബറല്‍ വിഭാഗത്തിന് കിട്ടാനിടയുള്ള രാഷ്ട്രീയ മൈലേജ് തിരിച്ചറിഞ്ഞ്, ഹിന്ദുത്വവാദികള്‍ വിദഗ്ധമായി പ്ലേറ്റ് മറിച്ചിട്ടു. തങ്ങളുടെ ആചാര വിശ്വാസങ്ങളുടെ മേലുള്ള ഭരണകൂട കൈയേറ്റമായാണ് സുപ്രിംകോടതി വിധിയെ ക്ഷേത്രവിശ്വാസികള്‍ ഉള്‍ക്കൊണ്ടത്. അവരുടെ പ്രതിഷേധത്തിന്റെ മൊമന്റോ മനസ്സിലാക്കിയ സംഘപരിവാരം ആ പ്രതിഷേധത്തെ മൊത്തമായി തന്നെ ഹൈജാക്ക് ചെയ്തു.
വാസ്തവത്തില്‍, വിശ്വാസികളുടെ ഉല്‍ക്കണ്ഠയ്ക്ക് ശബരിമലയുടെ പശ്ചാത്തലത്തില്‍ ചരിത്ര സാംഗത്യമുണ്ട്. ബ്രിട്ടിഷ് മേല്‍ക്കോയ്മ അംഗീകരിച്ച രാജഭരണം അവസാനിച്ച്, ഭരണഘടനാനുസൃതമായ സെക്യുലര്‍ ഭരണകൂടത്തിന് കീഴിലേക്ക് ക്ഷേത്രഭരണം മാറിയശേഷം വിശ്വാസി സമൂഹത്തിന്റെ ഇച്ഛയെ ബൈപാസ് ചെയ്യുന്ന ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അവിടെ നടന്നിരുന്നു.
കാനനവാസിയായിരുന്ന കറുത്ത അയ്യപ്പന്‍ സവര്‍ണ നാഗരികനായത് അതിനു ശേഷമാണ്. കൊടിമരം ഉയര്‍ന്നതും സ്വര്‍ണം പൊതിഞ്ഞതുമടക്കം മറ്റേത് നാഗരിക സവര്‍ണക്ഷേത്രത്തോടൊപ്പം അതിനെയും സമീകരിച്ചു. ആദിവാസി അധഃകൃത വിഭാഗങ്ങള്‍ക്ക് ആചാരാനുഷ്ഠാനങ്ങളിലുണ്ടായിരുന്ന പങ്ക് പാടെ നിരാകരിക്കപ്പെട്ടു. ചുരുക്കത്തില്‍, ഹൈന്ദവ ക്ഷേത്ര ഏകീകരണത്തിലേക്കുള്ള പാതിവഴി, സെക്യുലര്‍ ലിബറല്‍ പുരോഗമനവാദികളുടെ വികസന പദ്ധതികളിലൂടെയാണ് ശബരിമലയില്‍ നടന്നുതീര്‍ത്തത്. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വിശ്വാസികളുടെ പ്രതിഷേധത്തെ കേവലം ലിംഗസമത്വത്തിന്റെ പ്രശ്‌നം മാത്രമായി ചുരുക്കുന്നത് കാപട്യമാവും.
ശബരിമല വിഷയം, ഈ പശ്ചാത്തലത്തില്‍ ഇടത്-സെക്യുലര്‍ പുരോഗമനവാദികളും വലതു ഹിന്ദുത്വ യാഥാസ്ഥിതികരും ഒരുപോലെ പങ്കാളികളായ മുതലാളിത്ത ആധുനികതയുടെ വികസന അജണ്ടയുടെ പ്രത്യാഘാതം കൂടിയാണ്. അവര്‍ തമ്മിലുള്ള കലഹം ഈ യാഥാര്‍ഥ്യത്തെ മൂടിവയ്ക്കാനുള്ള അടവുനയം മാത്രം. ലിംഗസമത്വം മാത്രമാണ് ഇവിടെ വിഷയമെങ്കില്‍ ഇടത്-പുരോഗമനവാദികള്‍ക്കെങ്കിലും ഇതൊരു ആത്മപരിശോധനയ്ക്കുള്ള സന്ദര്‍ഭമാകുമായിരുന്നു- അവരുടെ സ്വന്തം വേദികളിലും നേതൃത്വത്തിലും എത്രമാത്രം സ്ത്രീപ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന ഒരു പരിശോധന.
ശബരിമലയിലെ സ്ത്രീവിവേചനം അവസാനിക്കുക തന്നെ വേണം എന്നതില്‍ രണ്ടു പക്ഷമില്ല. എന്നാലത് ഹൈന്ദവ ഏകീകരണ പദ്ധതിയുടെ ഭാഗമാവാന്‍ വയ്യ. അതുപോലെ തന്നെ പ്രധാനമാണ്, സെക്യുലര്‍ ഭരണകൂടം നടപ്പാക്കുന്ന മുതലാളിത്ത ആധുനികതയുടെ വികസന അജണ്ടയുടെ ഭാഗമായിക്കൂടാ അത് എന്നതും. പോരടിക്കുന്ന ഈ രണ്ടു വിഭാഗങ്ങളും മലയിറങ്ങുമ്പോഴാണ് വിശ്വാസിസമൂഹത്തിന്റെ ആന്തരികമായ ചലനാത്മകത അതിന്റെ ധാര്‍മികമായ നിലപാട് കണ്ടെത്തുന്നത്. സെക്യുലര്‍ ആധുനികത നിഷ്‌കാസനം ചെയ്ത കീഴാള ധാര്‍മികത സ്വയം കണ്ടെത്തുന്നതും അപ്പോഴായിരിക്കും. ി

(കടപ്പാട്:
പാഠഭേദം, നവംബര്‍ 2018)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss