|    Dec 19 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശബരിമല യുവതീപ്രവേശനം: വിധി നടപ്പാക്കും; സര്‍വകക്ഷിയോഗം പരാജയം

Published : 16th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ കക്ഷിനേതാക്കളും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അലസിപ്പിരിഞ്ഞു. വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരില്ലെന്നും വിധി നടപ്പാക്കുന്നതിന് സാവകാശം തേടില്ലെന്നും യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുവതികള്‍ക്കു പ്രവേശിക്കുന്നതിന് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിക്കാനാവുമോയെന്ന് പരിശോധിക്കും. ഇക്കാര്യം ശബരിമലയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരോട് ചര്‍ച്ച ചെയ്തു തീരുമാനിക്കും.
യോഗത്തില്‍ എല്ലാ കക്ഷികളും സംസാരിച്ചശേഷം തന്റെ മറുപടിപ്രസംഗം തീര്‍ന്നപ്പോള്‍, ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതിപക്ഷനേതാവ് ബഹിഷ്‌കരണം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗം തീര്‍ന്നിട്ട് എന്തു ബഹിഷ്‌കരണമെന്ന് ചോദിച്ചതിന് മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അഭിപ്രായം കേട്ടശേഷവും യുവതീപ്രവേശനത്തില്‍ അഭിപ്രായം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്. സര്‍ക്കാരിനു പിടിവാശിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിച്ചെന്നും ദുര്‍വാശി കാണിച്ചെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റും ആരോപിച്ചത്.
എന്നാല്‍, ഒരു മുന്‍വിധിയും സര്‍ക്കാരിനില്ലെന്നും കോടതി എന്താണോ പറഞ്ഞത്, അതു നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
91ല്‍ യുവതീപ്രവേശനം നിരോധിച്ച വിധിയുണ്ടായപ്പോള്‍ 96ലും 2006ലും ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നശേഷം പുതിയ വിധി വരുന്നതുവരെയും അതുതന്നെയാണ് പാലിച്ചിട്ടുള്ളത്. ആ വിധിക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ അപ്പീല്‍ പോവുകയുണ്ടായിട്ടില്ല. നാളെ സുപ്രിംകോടതി മറ്റൊരു കാര്യം പറഞ്ഞാല്‍ അതാവും സര്‍ക്കാര്‍ നടപ്പാക്കുക. ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന രാജ്യത്ത് ഒരു വിധി നടപ്പാക്കുന്നതില്‍ ദുര്‍വാശിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ശബരിമലയെ കൂടുതല്‍ യശസ്സോടെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യം. യുവതീപ്രവേശന കാര്യത്തില്‍ സര്‍ക്കാരിന് മുന്നില്‍ വേറെ പോംവഴിയില്ല. 22ന് ഹരജികള്‍ കേള്‍ക്കുന്നുണ്ടെന്ന് മാത്രമല്ല കോടതി പറഞ്ഞിട്ടുള്ളത്. സപ്തംബര്‍ 28ന്റെ വിധി അതുപോലെ നിലനില്‍ക്കുന്നുവെന്ന് കൂടിയാണ്. അതിനര്‍ഥം 10നും 50നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കു വരാമെന്നാണ്. അപ്പോള്‍ നമുക്ക് ചെയ്യാവുന്നത് അവിടെ ചില ക്രമീകരണങ്ങള്‍ ഒരുക്കാമെന്നതു മാത്രമാണ്- മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്. മന്ത്രിമാര്‍, യുഡിഎഫ്-ബിജെപി പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
യുഡിഎഫില്‍ നിന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ മുനീര്‍ എന്നിവരും ബിജെപിയില്‍ നിന്നു സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരുമാണ് പങ്കെടുത്തത്. ഇവരെ കൂടാതെ പി സി ജോര്‍ജ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss