|    Dec 12 Wed, 2018 9:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: യുവതി പ്രവേശനം ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ യുവതീപ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹൈക്കോടതി.
തീര്‍ ത്ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ നിന്ന് പാസ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ചോദ്യം ചെയ്ത് കാക്കനാട്ടെ എംജിഎസ് ലോജിസ്റ്റിക്‌സ് മാനേജിങ് പാര്‍ട്ണറായ എം എസ് അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വാഹനങ്ങള്‍ പരിശോധിക്കാനുള്ള അധികാരം പോലിസിനുണ്ടെന്ന് കോടതി പറഞ്ഞു. പോലിസ് അവരുടെ ഡ്യൂട്ടിയാണ് നിര്‍വഹിക്കുന്നത്. ഭക്തര്‍ വരുന്ന സ്ഥലത്തെ പോലിസില്‍ നിന്ന് പാസ് വാങ്ങിയാല്‍ നിലയ്ക്കലില്‍ പാര്‍ക്കിങ് എളുപ്പമാവും. ശബരിമലയില്‍ കലാപകാരികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട് പറയുന്നത്. അപ്പോള്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരും. സമാനമായ ആവശ്യമുന്നയിച്ച ഒരു പൊതുതാല്‍പര്യ ഹരജി കഴിഞ്ഞ ദിവസം ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയതാണ്. അതിനാല്‍, ഇങ്ങനെയൊരു ഹരജി ഇനിയും പരിഗണിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. വാഹനങ്ങള്‍ക്ക് പാസ് നല്‍കിയാല്‍ അക്കാര്യം നിലയ്ക്കലിലേക്ക് അറിയിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രയാസങ്ങളൊന്നുമില്ലാതെ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്യാം.
ആയിരക്കണക്കിനു വാഹനങ്ങളാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്ക് പോകുന്നത്. അപകടങ്ങളുണ്ടായാ ല്‍ ആരൊക്കെയാണ് വാഹനങ്ങളില്‍ ഉണ്ടായിരുന്നതെന്ന് അറിയാന്‍ പാസ് സംവിധാനം സഹായിക്കും. നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
നിയന്ത്രണങ്ങള്‍ ഭക്തരെ പ്രയാസപ്പെടുത്തുമെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും സുരക്ഷാ സാഹചര്യം പരിഗണിക്കുമ്പോള്‍ തെറ്റാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതല്ലാതെ സര്‍ക്കാരിന് മറ്റെന്താണ് ചെയ്യാനാവുക? തിരശ്ശീലയ്ക്ക് പിറകില്‍ മറഞ്ഞിരിക്കുന്ന ചിലര്‍ സാഹചര്യം ഉപയോഗിക്കാന്‍ ശ്രമിച്ചേക്കുമെന്നും കോടതി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss