|    Dec 14 Fri, 2018 3:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: യുവതിയെ കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു

Published : 22nd November 2018 | Posted By: kasim kzm

കോട്ടയം/എരുമേലി: ശബരിമല തീര്‍ത്ഥാടകസംഘത്തിനൊപ്പമെത്തിയ യുവതിയെ കോട്ടയത്തും പൊന്‍കുന്നത്തും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ആന്ധ്രപ്രദേശ് വിജയവാഡയിലെ ഏലൂര്‍ സ്വദേശിയായ ഷൈലജ (40)യാണ് മകന്‍ ശിവ (16), സഹോദരന്‍മാരായ സേവാ (19), കിരണ്‍ (21) എന്നിവര്‍ക്കൊപ്പം ഇന്നലെ രാവിലെ കോട്ടയത്തെത്തിയത്. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഇവരെ വളഞ്ഞു.
സന്നിധാനത്തേക്ക് പോവുന്നുവെന്നു ചിലര്‍ സംശയം ഉന്നയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. മകനും സഹോദരങ്ങള്‍ക്കും മാത്രമാണ് ഇരുമുടിക്കെട്ടുണ്ടായിരുന്നത്. ശബരിമലയ്ക്ക് പോവാന്‍ ഉദ്ദേശ്യമില്ലെന്നും പമ്പ ഗണപതി കോവിലില്‍ തൊഴുതുമടങ്ങാനാണ് ഉദ്ദേശ്യമെന്നും ഇവര്‍ അറിയിച്ചതോടെയാണ് കോട്ടയത്തുനിന്ന് ഇവര്‍ക്ക് മടങ്ങാനായത്.
ഉച്ചയ്ക്ക് 12.40ന് കോട്ടയത്തുനിന്നു പമ്പ സ്‌പെഷ്യല്‍ ബസ്സില്‍ യുവതി കയറിയെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് കര്‍മസമിതി പ്രവര്‍ത്തകരായ സംഘപരിവാരം പൊന്‍കുന്നത്ത് സംഘടിച്ച് ബസ് തടയുകയായിരുന്നു. പൊന്‍കുന്നം പോലിസും സ്ഥലത്തെത്തിയിരുന്നു. പോലിസും പ്രവര്‍ത്തകരും യുവതിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് എരുമേലിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് ഉറപ്പുകിട്ടിയതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
എരുമേലിയിലും പ്രതിഷേധമുണ്ടാവുമെന്ന കണക്കുകൂട്ടലില്‍ പോലിസ് യുവതിയെ കാഞ്ഞിരപ്പള്ളിയിലിറക്കി. തുടര്‍ന്ന്, കാഞ്ഞിരപ്പള്ളി എസ്‌ഐ അന്‍സിലിന്റെ നേതൃത്വത്തില്‍ പോലിസ് ജീപ്പില്‍ ഇവരെ എരുമേലിയിലേക്ക് കൊണ്ടുപോയി. പോലിസിന്റെ നിര്‍ദേശപ്രകാരം മകനും സഹോദരങ്ങളും ശബരിമല ദര്‍ശനത്തിനു പോയി. ഇവര്‍ മടങ്ങിവരുന്നതു വരെ യുവതിയെ സ്‌റ്റേഷനടുത്തുള്ള ലോഡ്ജില്‍ പോലിസ് ഇടപെട്ട് താമസിപ്പിച്ചിരിക്കുകയാണ്. ആന്ധ്രയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന തനിക്ക് ശബരിമലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് യുവതി പോലിസിനോട് പറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss