|    Nov 21 Wed, 2018 9:25 am
FLASH NEWS

ശബരിമല : മേല്‍നോട്ടത്തിന് പരിസ്ഥിതി മാനേജ്‌മെന്റ് കമ്മിറ്റി വേണമെന്ന്

Published : 11th November 2017 | Posted By: fsq

 

പത്തനംതിട്ട: ശബരിമലയില്‍ ഇനി കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല വേണ്ടതെന്ന് പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ പറഞ്ഞു.  പ്രസ്‌ക്ലബ്ബിന്റെ സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും ശബരിമലയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മാണം പ്രദേശത്തിന് ദോഷം ചെയ്യും. വളരെ ദുര്‍ബലമായ ഭ്രംശമേഖലയിലാണ് ശബരിമലയുള്ളത്. കാനനക്ഷേത്രം എന്ന സവിശേഷത നിലനിര്‍ത്താന്‍ വേണ്ടത് എല്ലാവരും ശ്രദ്ധിക്കണം.തീര്‍ഥാടകര്‍ക്ക് വേണ്ട കൂടുതല്‍ സൗകര്യം ഒരുക്കേണ്ടത് നിലയ്ക്കലാണ്. അതിനാണ് 250 ഏക്കര്‍ സ്ഥലം അവിടെ അനുവദിച്ചത്. അവിടെ വെറും വാഹനപാര്‍ക്കിങ് മാത്രമായി ചുരുക്കി.  നിലയ്ക്കല്‍ അയ്യപ്പന്‍മാരുടെ പ്രധാന ഇടത്താവളമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. തീര്‍ഥാടനത്തിന് അനിവാര്യമായ പ്രദേശങ്ങളും സംരക്ഷിത വനമേഖലയും വേര്‍തിരിച്ച് സ്ഥിരം അതിര്‍ത്തി നിര്‍ണയിച്ചാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും. ശബരിമലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പരിശോധന നടത്താന്‍ ഒരു പരിസ്ഥിതി മാനേജ്‌മെന്റ് കമ്മിറ്റി രൂപവല്‍ക്കരിക്കണം. ഇതില്‍ ദേവസ്വം, വനംവകുപ്പ് പ്രതിനിധികള്‍, പരിസ്ഥിതിശാസ്ത്രജ്ഞര്‍ ഉണ്ടാവണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ അംഗീകാരം നേടണം. പമ്പയുടെ മലിനീകരണം തടയാന്‍ വേണ്ടത് ചെയ്യണം. കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമത്തില്‍ അധികമാവുന്നു എന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് പഠനങ്ങളിലും കണ്ടത്. പലപ്പോഴും നദീജലം ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്. ശബരിമലയിലും പമ്പയിലും മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കാനുള്ള പ്രവൃത്തിയാണ് വേണ്ടത്. ഇത്രയേറെ മാലിന്യം സംസ്‌കരിക്കുക എന്ന പ്രയാസത്തില്‍ നിന്നും രക്ഷനേടാനുമാകുമെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. വിലയേറിയ പാചകവാതക ഇന്ധനമാണ് കിട്ടുക. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനും കഴിയും. ജൈവമാലിന്യം വളമായി മാറ്റാനും പദ്ധതിയുണ്ടാകണം. ഇടത്താവളങ്ങളില്‍  പഞ്ചായത്തുകള്‍ക്ക് ലഭിച്ച തുക ഉപയോഗിച്ച് മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഏബ്രഹാം തടിയൂര്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss