|    Nov 18 Sun, 2018 3:27 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ശബരിമല: ബിജെപിയുടെ കണ്ടുപിടിത്തങ്ങള്‍

Published : 4th November 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – എം അബ്്ദുല്‍ അസീസ്, സംക്രാന്തി
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള നടത്തിയ കണ്ടുപിടിത്തങ്ങള്‍ വായിച്ച് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ശബരിമല യുവതീപ്രവേശനമാണു വിഷയം. കോടതി ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് തടസ്സമില്ല എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. ഇതാവട്ടെ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്.
വിധിയെ ആദ്യം സ്വാഗതം ചെയ്തത് ബിജെപിയുടെ കേന്ദ്രനേതൃത്വമാണ്. അന്നും ഇന്നും ആര്‍എസ്എസ് നേതൃത്വം സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍, ശ്രീധരന്‍പിള്ളയും കൂട്ടരും മലക്കംമറിഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില സീറ്റുകളില്‍ ജയിക്കണം. അതിന് സ്ത്രീകളെ തെരുവിലിറക്കി തല്ലുകൊള്ളിക്കുകയോ രക്തിസാക്ഷികളെ സൃഷ്ടിക്കുകയോ വേണം. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഈ സന്ദേശവുമായിട്ടാണു കേരളത്തിലെത്തിയത് എന്നു തോന്നുന്നു. മുഖ്യമന്ത്രിക്കസേര സ്വപ്‌നംകണ്ടാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആചാരസംരക്ഷണത്തിനു മുന്നിട്ടിറങ്ങിയത്.
ഇടതുപക്ഷമാണെങ്കില്‍ ഇതിന്റെ രാഷ്ട്രീയലാഭത്തില്‍ കണ്ണുടക്കിനില്‍ക്കുകയാണ്. ഇടതുപക്ഷം പറയുന്നത് വിഷയം വിശ്വാസികളുടേതാണ് എന്നാണ്. കോടതിവിധിയെ ബഹുമാനിക്കുന്നു എന്നു വരുത്താന്‍ മൂന്നുനാലു പെണ്ണുങ്ങളെ പതിനെട്ടാംപടിക്ക് താഴെ കൊണ്ടുവന്ന് പൂജ മുടക്കാനും മറ്റും അവര്‍ക്കു കഴിഞ്ഞു. പ്രശ്‌നത്തിനു വേണ്ടത്ര വര്‍ഗീയമസാല ചേര്‍ത്തിട്ടില്ല എന്നു കണ്ടതുകൊണ്ടാണ് ബിജെപി വക്കീല്‍ പതിനെട്ടാംപടിക്ക് താഴെ സ്ത്രീകളെ എത്തിച്ചത് എസ്ഡിപിഐക്കാരായ പോലിസുകാരാണെന്നു കണ്ടെത്തിയത്. ഈ കണ്ടുപിടിത്തത്തിന് അങ്ങേര്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കും, തീര്‍ച്ച.
എന്തെങ്കിലുമൊക്കെ കേരളത്തില്‍ നിന്നു കിട്ടുമെന്നു കരുതുന്ന ആത്മവിശ്വാസം നല്ലതാണ്. ഒ രാജഗോപാലിനെ ജയിപ്പിച്ചെടുത്ത തന്ത്രം പയറ്റാമെന്ന് സംഘികള്‍ കരുതുന്നതില്‍ തെറ്റില്ല. വിശേഷിച്ചും കേരളത്തില്‍ അവരുമായി ചില ഒത്തുതീര്‍പ്പൊക്കെ ആവാമെന്നു കരുതുന്ന കോണ്‍ഗ്രസ്സുകാര്‍ ഉണ്ടാവും. ഉമ്മന്‍ചാണ്ടിയെ നാടുകടത്തുകയും പലതും കൈപ്പിടിയിലൊതുക്കുകയും ചെയ്തയാള്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അതിനു സാധ്യത കൂടും.
എന്നാല്‍, നാമജപരാഷ്ട്രീയത്തില്‍ പ്രതീക്ഷിച്ച വിജയം കൊയ്യാന്‍ ബിജെപിക്കു കഴിയുമെന്നു തോന്നുന്നില്ല. ഓരോ ദിവസവും നേതാക്കളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം ഒരു ബലിദാനിയെ ഉണ്ടാക്കി ഹര്‍ത്താല്‍ ആഘോഷിച്ചതോടെ അണികള്‍ക്കുപോലും നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെട്ടുകാണും. രാഷ്ട്രീയനേട്ടത്തിന് തങ്ങളെ കരുവാക്കുന്നതാണെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നിടത്ത് ഈ തിരി അണയും.
എല്ലാവരും ആദരിക്കുന്ന ക്ഷേത്രമാണ് ശബരിമല. മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്ത സ്ഥാനം. പതിനെട്ടാംപടിക്ക് താഴെ വരെ നാനാജാതിമതസ്ഥര്‍ ചെറുതും വലുതുമായ കച്ചവടം ചെയ്യുന്ന സ്ഥലം. മതസൗഹാര്‍ദം വേണ്ടുവോളമുള്ള ദേവസ്ഥാനം. വര്‍ഗീയവിഷം ചീറ്റിച്ച് അതു മലിനമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ത്രീകള്‍ തിരിച്ചറിയണം. ഈ സമരം വിശ്വാസസംരക്ഷണത്തിനല്ല. ദര്‍ശനത്തിനെത്തുന്നവര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സാധാരണ ജനങ്ങളെ വര്‍ഗീയചിന്തയുള്ളവരാക്കി മാറ്റാനുള്ള ശ്രമമാണു നടക്കുന്നത്. സമരം കൈവിട്ടുപോവും എന്ന ഘട്ടം വരുമ്പോള്‍ സംഘപരിവാരം പല കാര്‍ഡും ഇറക്കും. ഹിന്ദുമതവിശ്വാസികളുടെ എന്തോ ഒരവകാശത്തിനുമേല്‍ കോടതി കടന്നുകയറിയിരിക്കുന്നു എന്നാണ് വിളംബരം ചെയ്യുന്നത്. ലൗകിക ജീവിതത്തിലല്ല, ആത്മീയചൈതന്യത്തിലാണ് വിശ്വാസം ഉറയ്ക്കുന്നത്. അതാണു നാം മനസ്സിലാക്കേണ്ട സത്യമായ കാഴ്ചപ്പാട്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss