|    Dec 16 Sun, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: പ്രതിഷേധം ശക്തമാക്കാന്‍ നീക്കവുമായി സംഘപരിവാരം

Published : 5th November 2018 | Posted By: kasim kzm

പത്തനംതിട്ട: ചിത്തിര ആട്ട പൂജയ്ക്കായി ഇന്നു ശബരിമല നട തുറക്കാനിരിക്കെ ഇതുവരെ യുവതികളാരും ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചിട്ടില്ലെന്നും ആരും സുരക്ഷയ്ക്കായി അനുമതി തേടിയിട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പരമാവധി ആളുകളെ സന്നിധാനത്തെത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും തീരുമാനം.
തുലാമാസ പൂജയ്ക്ക് നട തുറന്ന ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പോലിസും സ്വീകരിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായതിനേക്കാള്‍ വലിയ പ്രതിഷേധം തീര്‍ക്കാനാണ് സംഘപരിവാര സംഘടനകളുടെ നീക്കം.
യുവതി പ്രവേശനം അനുവദിക്കില്ലെന്ന കടുത്ത നിലപാടിനൊപ്പം പ്രത്യക്ഷ സമരവും അരങ്ങേറിയേക്കും. പരമാവധി ആളുകളെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ഓരോ പ്രതിഷേധ മേഖലകളുടെയും ചുമതല നല്‍കിയിട്ടുണ്ട്. അതിനാല്‍ സംഘടിത പ്രതിഷേധത്തിനാവും പലയിടവും വേദിയാവുക. ഭക്തരെ അധിക സമയം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നാണ് പോലിസ് നിലപാട്. എന്നാല്‍, ഭക്തര്‍ക്ക് 24 മണിക്കൂര്‍ വരെ തങ്ങാമെന്നും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രാജു എബ്രഹാം എംഎല്‍എ വ്യക്തമാക്കി. കലാപകാരികള്‍ക്ക് ശബരിമലയില്‍ ഇടമില്ലെന്നും വിശ്വാസികളെ പോലിസ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികള്‍ക്കെതിരേ പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്തുവന്നു. പോലിസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടിവരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി. പോലിസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും. കോടതി വിധിക്കെതിരേ കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ഇന്നു വൈകീട്ട് പ്രാര്‍ഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം, പാലസ് വെല്‍ഫെയര്‍ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രാര്‍ഥനാ യജ്ഞം നടത്തുക.
സ്ത്രീ പ്രവേശനം ഉണ്ടായാല്‍ നട അടയ്ക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടേയെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം, ശബരിമല സംഘര്‍ഷങ്ങളിലെ അറസ്റ്റ് തുടരുന്നതോടെ പിടിയിലായവരുടെ എണ്ണം 3731 ആയി. ഇനി 400 പേര്‍ ഒളിവിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss