|    Dec 10 Mon, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍; സ്ത്രീപ്രവേശനത്തിന്‌സ്‌റ്റേയില്ല

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലേക്ക് എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള പുനപ്പരിശോധനാ ഹരജികളും റിട്ട് ഹരജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വിധി സ്റ്റേ ചെയ്യാത്തതിനാല്‍ യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന മുന്‍ ഉത്തരവ് നിലനില്‍ക്കും.
ഹരജികളില്‍ ജനുവരി 22ന് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, രോഹിന്‍ടണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഹരജികള്‍ തുറന്ന കോടതിയില്‍ ഉചിതമായ ബെഞ്ച് കേള്‍ക്കുമെന്ന് അറിയിച്ച കോടതി, സപ്തംബര്‍ 28ലെ വിധിക്ക് സ്‌റ്റേ ഇല്ലെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുമുണ്ട്. വിധി പുനപ്പരിശോധിക്കണോ എന്ന കാര്യം തുറന്ന കോടതിയിലെ വാദത്തിനുശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന സപ്തംബര്‍ 28ലെ സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി ചോദ്യം ചെയ്തുള്ള 49 പുനപ്പരിശോധനാ ഹരജികളും നാല് റിട്ട് ഹരജികളുമാണ് കോടതിയുടെ മുമ്പിലുള്ളത്. രാവിലെ റിട്ട് ഹരജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ കോടതിമുറിയില്‍ പരിഗണിച്ചെങ്കിലും വൈകീട്ട് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പുനപ്പരിശോധനാ ഹരജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനാണ് തീരുമാനമെങ്കില്‍ അതോടൊപ്പവും അല്ലെങ്കില്‍ സ്വതന്ത്രമായും റിട്ട് ഹരജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനിടെ, ഇതേ ഹരജിക്കാര്‍ തന്നെയാണ് പുനപ്പരിശോധനാ ഹരജിയും നല്‍കിയതെന്നും അതിനാല്‍ നിയമപരമായി റിട്ട് ഹരജികള്‍ നിലനില്‍ക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അതിലേക്ക് കടന്നില്ല. തുടര്‍ന്ന് വൈകീട്ട് മൂന്നോടെ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് പുനപ്പരിശോധനാ ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിശോധിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് ഉത്തരവിറക്കുകയായിരുന്നു.
പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് ശബരിമല ആചാര സംരക്ഷണ ഫോറത്തിന്റെ അഭിഭാഷകന്‍ വി കെ ബിജു ഇന്നലെ രാവിലെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ഹരജികള്‍ മൂന്നുമണിക്ക് ചേംബറില്‍ കേള്‍ക്കാനിരിക്കെ ഇക്കാര്യം ഉന്നയിക്കുന്നത് ശരിയല്ലെന്നു വ്യക്തമാക്കി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. നിങ്ങള്‍ കോടതിയോട് ഉചിതമായല്ല പെരുമാറുന്നതെന്ന വിമര്‍ശനവും ചീഫ് ജസ്റ്റിസ് നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss