|    Dec 19 Wed, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: നിരോധനാജ്ഞ നീട്ടി

Published : 23rd November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടി. ഇതോടെ, തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 നിലവില്‍വന്നു. നിരോധനാജ്ഞാ ഉത്തരവ് പത്തനംതിട്ട കലക്ടറാണ് ഇറക്കിയത്.
ശബരിമലയിലെ നിരോധനാജ്ഞ മണ്ഡല-മകരവിളക്ക് സീസണ്‍ അവസാനിക്കുന്ന 2019 ജനുവരി 14 വരെ നീട്ടണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയാണ് ജില്ലാ കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കിയത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യല്‍ ഓഫിസറുടെയും റിപോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് കലക്ടര്‍ പി ബി നൂഹ് നിരോധനാജ്ഞ ഏതാനും ദിവസത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചത്. ശബരിമല ഉള്‍പ്പെടെ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്നലെ അവസാനിച്ചതോടെയാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട എസ്പി ടി നാരായണന്‍ റിപോര്‍ട്ട് നല്‍കിയത്.
നേരത്തേ നിരോധനാജ്ഞ തുടരണമെന്ന് ആവശ്യപ്പെടാന്‍ പോലിസ് തീരുമാനിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. നിരോധനാജ്ഞ സാങ്കേതികം മാത്രമാണെന്നും കടകംപള്ളി പറഞ്ഞിരുന്നു.
ഭക്തരെ തടയുന്ന നിരോധനാജ്ഞ ശബരിമലയില്‍ ഇല്ല. അത്തരമൊരു സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെയും ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.
അതേസമയം, നിയന്ത്രണങ്ങള്‍ നീക്കിയിട്ടും ആറാം ദിനവും തീര്‍ത്ഥാടകരുടെ തിരക്കേറിയിട്ടില്ല. കഴിഞ്ഞ നാലു ദിനവും സന്നിധാനത്ത് പ്രതിഷേധക്കാരുടെ നാമജപ കൂട്ടായ്മ നടന്നിരുന്നു. കൂട്ട അറസ്റ്റ് നടന്ന ഞായറാഴ്ച ഒഴികെ പ്രകോപനനീക്കങ്ങള്‍ ഉണ്ടായില്ലെങ്കിലും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതിഷേധക്കാര്‍ നാമജപ കൂട്ടായ്മ നടത്തുന്നതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധക്കാര്‍ ദിനംപ്രതി എത്തുന്നുമുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനാല്‍ പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ ഏകമാര്‍ഗം നിരോധനാജ്ഞയാണെന്നാണ് പോലിസ് നിഗമനം. ഇതിനു മുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss