|    Dec 10 Mon, 2018 10:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: നിരോധനാജ്ഞ തുടരും; ക്രമസമാധാനപാലനം മാത്രം പോലിസ് നടപ്പാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി

Published : 28th November 2018 | Posted By: kasim kzm

കൊച്ചി: 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ശബരിമലയില്‍ നിരോധനാജ്ഞ തുടരും. ക്രമസമാധാനപാലനം സംബന്ധിച്ച് ചുരുങ്ങിയ നിയന്ത്രണങ്ങള്‍ മാത്രം പോലിസ് നടപ്പാക്കിയാല്‍ മതിയെന്നും മറ്റു നിയന്ത്രണങ്ങള്‍ റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ മണ്ഡലകാലം അവസാനിക്കുംവരെ കോടതി ഉത്തരവുകളും നിയമവാഴ്ചയും സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രണ്ട് ഹൈക്കോടതി മുന്‍ ജഡ്ജിമാരും എഡിജിപിയും അടങ്ങുന്ന മൂന്നംഗ നിരീക്ഷണ സമിതിക്കും രൂപം നല്‍കി.
നാമജപം, ശരണമന്ത്രം വിളിക്കല്‍ തുടങ്ങിയവ കുറ്റകൃത്യമല്ലെന്നും അവ ചെയ്യുന്നതിനെ അക്രമത്തിനു പ്രേരിപ്പിക്കലും നിയമവിരുദ്ധമായി സംഘംചേരലുമായി കാണരുതെന്നും ഉത്തരവ് പറയുന്നു. നടപ്പന്തലിന്റെ ഒരുഭാഗത്ത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും വിരിവയ്ക്കാന്‍ അനുവദിക്കണം. മറുവശത്തെ പ്രവേശനഭാഗമായി കാണണം. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വരുകയാണെങ്കില്‍ അതിലൂടെ അവര്‍ക്കും പ്രവേശിക്കാം. രണ്ടു കൂട്ടരും കൂടിക്കലരാതിരിക്കാനായുള്ള നിയന്ത്രണങ്ങളാവാം.
ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളുടെയും ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഉത്തരവുകളുടെയും പേരില്‍ കടുത്ത വിമര്‍ശനമാണ് ഇന്നലെ കോടതി നടത്തിയത്. അന്നദാന മണ്ഡപം, പ്രസാദ കൗണ്ടര്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്കു സമയക്രമീകരണം ഏര്‍പ്പെടുത്തല്‍, കെഎസ്ആര്‍ടിസി സര്‍വീസിന് നിയന്ത്രണം കൊണ്ടുവരല്‍, മുറികള്‍ പൂട്ടി താക്കോല്‍ കൈമാറല്‍ തുടങ്ങിയ നടപടികളുടെ പേരിലാണ് വിമര്‍ശനമുണ്ടായത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ ഭക്തരോ ഭക്തരെന്ന വ്യാജേന എത്തുന്നവരോ നിയന്ത്രണങ്ങള്‍ നീക്കിയത് ദുരുപയോഗം ചെയ്യരുതെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. പ്രതിഷേധം, പ്രകടനം, ധര്‍ണ എന്നിവ ആരും നടത്തരുത്. അക്രമങ്ങള്‍ക്കു ശ്രമിക്കുന്നവരെ പോലിസ് നിയമപ്രകാരം നേരിടണം. അതിനാവശ്യമായ പരിശോധന നടത്താം. എല്ലാ മേഖലയിലും നിയമം നടപ്പാവുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങിയ നിരീക്ഷണ പാനല്‍ രൂപീകരിച്ചിരിക്കുന്നത്. സൗഹാര്‍ദവും സമാധാനാന്തരീക്ഷവും പുലരാന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് പാനല്‍ പരിശോധിക്കണം. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഈ സമിതിയുമായി ഏകോപിച്ചു പ്രവര്‍ത്തിക്കണം. എത്രയും വേഗം പാനല്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കണം. എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ പാനലുമായി സഹകരിക്കണം. വാഗ്ദാനം നല്‍കിയപോലെ കെഎസ്ആര്‍ടിസി 24 മണിക്കൂറും സര്‍വീസ് നടത്തണമെന്നും ഉത്തരവ് പറയുന്നു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss