|    Dec 11 Tue, 2018 3:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: നിയമസഭയില്‍ ബഹളംസഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ നടപടികള്‍ ഇന്നലെയും തടസ്സപ്പെട്ടു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത്. പ്രതിപക്ഷനേതാവ് ശബരിമല വിഷയം ഉന്നയിച്ചപ്പോള്‍ എട്ടുമണിക്കൂര്‍ സമയം ശബരിമലയ്ക്കായി വിനിയോഗിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി.
പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രം കൂലി ചോദിച്ചതടക്കം അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, സോളാര്‍കാലത്ത് ആറ് അടിയന്തര പ്രമേയങ്ങള്‍ ഒരേ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. ഒരുതവണ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള പകുതിയില്‍ റദ്ദാക്കി, നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സഭ പിരിഞ്ഞു. സ്പീക്കറുടെ കാഴ്ച മറച്ചാണ് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നത്. ഇതോടെ പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും അതിരുകടക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ 21ാം സഭാനടപടികള്‍ ആരംഭിച്ച് 21ാം മിനിറ്റില്‍ സഭ പിരിഞ്ഞു. സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയുകയാണെന്നും പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ട് ചോദ്യോത്തരവേള തടസ്സപ്പെട്ടുവെന്ന വാദം തെറ്റാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസത്തെ തനിയാവര്‍ത്തനമായിരുന്നു ശബരിമല പ്രശ്‌നം ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളോട് സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മുസ്‌ലിംലീഗിലെ എന്‍ ഷംസുദ്ദീനാണ് ശബരിമലയിലെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss