|    Dec 17 Mon, 2018 11:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: നാലു ഘട്ടങ്ങളിലായി സുരക്ഷയ്ക്ക് 15,259 പോലിസുകാര്‍

Published : 16th November 2018 | Posted By: kasim kzm

നിലയ്ക്കല്‍: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും സമീപപ്രദേശങ്ങളിലും സുരക്ഷയൊരുക്കാന്‍ 15,000 പോലിസുകാരെ നിയോഗിച്ചു. ആറ് മേഖലകളായി തിരിച്ച് നാലുഘട്ടങ്ങളായി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നിലയ്ക്കലില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡിഐജി മുതല്‍ അഡീഷനല്‍ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമെ ആകെ 15,259 പോലിസ് ഉദ്യോഗസ്ഥരെ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതലകള്‍ക്കു നേതൃത്വം നല്‍കും.
ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണു ഡ്യൂട്ടിയില്‍ ഉണ്ടാവുക. 12,562 എസ്‌സിപിഒ, സിപിഒമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിതാ സിഐ, എസ്‌ഐ തലത്തിലുള്ള 60 പേരും 860 വനിതാ എസ്‌സിപിഒ, സിപിഒമാരെയും ഡ്യൂട്ടിക്കുണ്ടാവും.
ദക്ഷിണ മേഖലാ എഡിജിപി എസ് അനില്‍കാന്തിനും ചീഫ് കോ-ഓഡിനേറ്റര്‍ എസ് ആനന്ദകൃഷ്ണനുമാണു പ്രധാന ചുമതലകള്‍. ഐജി മനോജ് എബ്രഹാമും ചീഫ് കോ-ഓഡിനേറ്ററാവും.
എല്ലാ മേഖലയിലും ക്രമസമാധാനനില നിരീക്ഷിക്കാന്‍ പ്രത്യേകം പോലിസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചു. ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുള്ള കേരള പോലിസ് കമാന്‍ഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുള്ള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാവും. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറില്‍ സജ്ജമാക്കിയിട്ടുണ്ട്.
ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലിസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാവും. ഒരു വനിതാ സിഐയും രണ്ട് വനിതാ എസ്‌ഐയും 30 വനിതാ സിപിഒമാരും അടങ്ങുന്ന കര്‍ണാടക പോലിസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
ശബരിമലയില്‍ അടുത്തിടെ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും ഡിജിപി നിര്‍ദേശിച്ചു. ഈ അക്രമസംഭവങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് 1.25 കോടിയുടെ നഷ്ടം ഉണ്ടായതായാണു വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ക്ക് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാംഘട്ടത്തില്‍ 3,450 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാവും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുള്ള രണ്ടാംഘട്ടത്തില്‍ 230 വനിതകള്‍ ഉള്‍പ്പെടെ 3,400 പോലിസുകാര്‍ സുരക്ഷയ്ക്കുണ്ടാവും.
കൂടാതെ എസ്‌ഐ തലത്തില്‍ 312 പേരും സിഐ തലത്തില്‍ 92 പേരും ഡിവൈഎസ്പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും.
ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാംഘട്ടത്തില്‍ 230 വനിതാ ഉദ്യോഗസ്ഥരടക്കം 4,026 പോലിസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുക. എസ്‌ഐ തലത്തില്‍ 389 പേരും സിഐ തലത്തില്‍ 90 പേരും ഡിവൈഎസ്പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാവും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാംഘട്ടത്തില്‍ 230 വനിതാ ഉദ്യോഗസ്ഥരടക്കം 4,383 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
എസ്‌ഐ തലത്തില്‍ 400 പേരും സിഐ തലത്തില്‍ 95 പേരും ഡിവൈഎസ്പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss