|    Nov 18 Sun, 2018 3:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല ദര്‍ശനത്തിനു യുവതിയെത്തി; ശശികലയുടെ നേതൃത്വത്തില്‍ പ്രതിഷേധം

Published : 6th November 2018 | Posted By: kasim kzm

ശബരിമല: ശബരിമല ദര്‍ശനത്തിനു യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണു ദര്‍ശനത്തിനായി എ ത്തിയത്. ഭര്‍ത്താവ് വിജിത്തിനും അഞ്ചും ആറും വയസ്സുള്ള രണ്ട് കുട്ടികള്‍ക്കുമൊപ്പമാണു പമ്പയില്‍ എത്തിയത്. അതേസമയം യുവതി എത്തിയതറിഞ്ഞതോടെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തില്‍ പമ്പാ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ നാമജപ പ്രതിഷേധ സമരം നടത്തി.
പ്രതിഷേധം ശക്തമായതോടെ അഞ്ജുവും കുടുംബവും സുരക്ഷ ആവശ്യപ്പെട്ടു പോലിസിനെ സമീപിച്ചു. പോലിസുമായി നടത്തിയ ചര്‍ച്ചയില്‍ യുവതി മല കയറുന്നില്ലെന്നും തിരികെ പോകാന്‍ തീരുമാനിച്ചതായും പമ്പയുടെ ചുമതലയുള്ള എസ്പി രാ ഹുല്‍ ആര്‍ നായര്‍ അറിയിച്ചു. യുവതി സുരക്ഷ ആ വശ്യപ്പെട്ടില്ലെന്നും ഭര്‍ത്താവാണു സുരക്ഷ ചോദിച്ചതെന്നും അതിനാല്‍ സുരക്ഷ നല്‍കേണ്ടതില്ലെന്നും എസ്പി വ്യക്തമാക്കി. ഭര്‍ത്താവ് വിജിത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദര്‍ശനത്തിന് എത്തിയതെന്ന് യുവതി പറഞ്ഞു.
ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ ദര്‍ശനം നടത്താതെ തിരികെപ്പോവാന്‍ തയ്യാറാണെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. എന്നാല്‍, വിജിത്തിനെ അനുനയിപ്പിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ഭാര്യക്ക് ദര്‍ശനം സാധ്യമാക്കണമെന്ന നിലപാടിലാണു വിജിത്ത്. ഈ സാഹചര്യത്തില്‍ ബന്ധുക്കളെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നു വരുത്തി കനത്ത സുരക്ഷയില്‍ മടക്കി അയക്കാനാണു തീരുമാനം. വിവിധ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ 8000ത്തോളം പേര്‍ സന്നിധാനത്തേക്കുള്ള വഴിയില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നാണു പോലിസ് നിഗമനം. പമ്പയില്‍ നിന്നു നീലിമല വഴി സന്നിധാനത്തിലേക്ക് നാലു കീലോ മിറ്ററോളം ദൂരമുണ്ട്. ഇതുവഴി യുവതിയെ സന്നിധാനത്തേക്കു കൊണ്ടുപോയാല്‍ വലിയ പ്രതിഷേധത്തിനു വഴിവയ്ക്കുമെന്നതിനാല്‍ ബലപ്രയോഗത്തിലേക്ക് നീങ്ങേണ്ടെന്ന നിലപാടാണു പോലിസ് സ്വീകരിച്ചത്. ഇക്കാര്യം യുവതിയെ ബോധ്യപ്പെടുത്തിയതോടെയാണ് അവര്‍ പിന്‍മാറിയത്. അതേസമയം, ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss