|    Nov 21 Wed, 2018 8:13 am
FLASH NEWS
Home   >  Editpage  >  Readers edit  >  

ശബരിമല തീര്‍ത്ഥാടനം: ഹൃദയാഘാതം തടയാന്‍

Published : 18th December 2016 | Posted By: SMR

slug-enikku-thonnunnathuഡോ. അബ്ദുല്‍ ഖാദര്‍, കോഴിക്കോട്

ശബരിമല മണ്ഡലകാലയളവില്‍ ഇതിനകം ആറു പേര്‍ ഹൃദയാഘാതം മൂലം മരിച്ചുകഴിഞ്ഞു. ഒരാള്‍ സന്നിധാനം കാര്‍ഡിയാക് സെന്ററിന്റെ മുന്‍വശത്തുവച്ചും മൂന്നു പേര്‍ മല കയറുമ്പോഴും മരിച്ചു. മരിച്ച ഒരാള്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങില്‍ കഴിഞ്ഞ വര്‍ഷം പരിശീലനം ലഭിച്ച അയ്യപ്പസേവാ സംഘം വോളന്റിയര്‍ ആയിരുന്നു. ശബരിമലയില്‍ ഉണ്ടാവുന്ന ഹാര്‍ട്ട് അറ്റാക്കും കുഴഞ്ഞുവീണുള്ള മരണവും കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം ആരോഗ്യവകുപ്പിന്റെയും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. ഈ വര്‍ഷം ആദ്യമായി ഹാര്‍ട്ട് അറ്റാക്ക് വന്നവരെ പമ്പയില്‍ എത്തിക്കാന്‍ എമര്‍ജന്‍സി ആംബുലന്‍സ് തുടങ്ങിയിട്ടുമുണ്ട് എന്ന കാര്യം കണക്കിലെടുത്തു വേണം ഇപ്പോഴുണ്ടായതുപോലുള്ള മരണം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്നു ചിന്തിക്കാന്‍. ശബരിമലയില്‍ വന്നുചേരുന്ന ആളുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ ഈ മരണത്തിന്റെ എണ്ണം  അത്ര കൂടുതലല്ലെങ്കിലും ഓരോ മരണവും അവരുടെ കുടുംബത്തിനും നാടിനും ഉണ്ടാക്കുന്ന നഷ്ടം കണക്കാക്കുമ്പോള്‍ ഒഴിവാക്കുക തന്നെ വേണം.
ശബരിമലയിലെ സാഹചര്യം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാനുള്ള സാധ്യതകള്‍ ഏറെയുള്ളതാണ്. കുത്തനെയുള്ള കയറ്റം, തണുപ്പ് എന്നിവ ഹൃദയത്തിനു വേണ്ട പ്രാണവായുവിന്റെ  ഡിമാന്റ് കൂട്ടുകയും സപ്ലൈ കുറയ്ക്കുകയും ചെയ്യും. സപ്ലൈ-ഡിമാന്റ് ബാലന്‍സ് തെറ്റുമ്പോഴാണ് നെഞ്ചുവേദന വരുന്നത്. പെെട്ടന്ന് മലകയറുമ്പോഴാണ് ഹൃദയസ്പന്ദനം, ബിപി എന്നിവ അധികരിച്ചു ഹൃദയധമനിയിലെ പൊറ്റ അടര്‍ന്നു രക്തക്കട്ട ഉണ്ടായി ധമനി അടയുകയും ഹാര്‍ട്ട് അറ്റാക്കിനു കാരണമാവുകയും ചെയ്യുന്നത്. മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ശബരിമലയില്‍ ഹാര്‍ട്ട് അറ്റാക്ക് കുറയ്ക്കാനുള്ള ഏറ്റവും അത്യാവശ്യ നടപടിയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവില്ല. നാട്ടിലുടനീളം ഇടത്താവളങ്ങളും അമ്പലങ്ങളും ഉള്ളപ്പോള്‍ ബോധവല്‍ക്കരണത്തിനു പ്രയാസം ഉണ്ടാവേണ്ട കാര്യമില്ല.
നിലവിലുള്ള എല്ലാ മാധ്യമങ്ങളും പുതിയ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കും അതിനായി ഉപയോഗിക്കണം. ഇപ്പോള്‍ ലോകത്തെല്ലായിടത്തുനിന്നും ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്തുപോലും അയ്യപ്പദര്‍ശനത്തിനായി ഭക്തന്‍മാര്‍ വരുന്നുണ്ട്. അവര്‍ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കാനും മുന്‍കരുതലെടുക്കാനുമുള്ള സംവിധാനം വികസിക്കേണ്ടതുണ്ട്. റെയില്‍വേയും വിമാനത്താവളവുമൊക്കെ സ്ഥാപിച്ച് ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കാനുള്ള  ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ എല്ലാ മുന്നൊരുക്കങ്ങള്‍ക്കും ഇപ്പോഴേ തുടക്കം കുറിക്കണം.
എല്ലാ അയ്യപ്പഭക്തര്‍ക്കും സന്ദര്‍ശനാനുമതിയും ഐഡന്റിറ്റി കാര്‍ഡും  കൊടുക്കുന്നതിനെക്കുറിച്ചും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആലോചിക്കേണ്ടതുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇത്തരം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം പല അത്യാഹിതങ്ങളും ഒഴിവാക്കാന്‍ പറ്റി. സന്നിധാനത്ത് ഡ്യൂട്ടി എടുക്കാനുള്ള പോലിസ്-ആരോഗ്യപ്രവര്‍ത്തകരുടെ ഒരു ആപ്പ് വളരെ നേരത്തെത്തന്നെ തയ്യാറാക്കുകയാണെങ്കില്‍ സേവനത്തിനു വളരെയധികം ആളുകള്‍ തയ്യാറാവും. കൂടുതല്‍ പേരെ സന്നിധാനത്തേക്ക് ആകര്‍ഷിക്കാനുമാവും, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ നിന്ന്.
എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ ശ്രമം ഉണ്ടായാല്‍ ശബരിമല മണ്ഡലദര്‍ശനകാലഘട്ടം ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു ദേശീയ തീര്‍ത്ഥാടനമായി മറ്റാനാവും.

(കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss