|    Nov 21 Wed, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി: കെഎസ്ആര്‍ടിസി

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഓണ്‍ലൈന്‍ ബസ് ബുക്കിങ് സംവിധാനം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. നിലക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം ബുക്ക് ചെയ്ത് യാത്രചെയ്യാവുന്ന വിധമുള്ള സംവിധാനം ആദ്യമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എറണാകുളം ഡെപ്യൂട്ടി ലോ ഓഫിസര്‍ പി എന്‍ ഹേന റിപോര്‍ട്ട് നല്‍കി. തീര്‍ത്ഥാടകരെ പമ്പ സ്റ്റാന്‍ഡില്‍ മാത്രമല്ല, മുന്നോട്ടുകൊണ്ടുപോയി ത്രിവേണിയില്‍ ഇറക്കാനുള്ള തീരുമാനവും എടുത്തതായി കെഎസ്ആര്‍ടിസി പറയുന്നു.
രണ്ട് മിനിറ്റ് കൂടുേമ്പാള്‍ എസി ബസ്സും ഒരു മിനിറ്റ് കൂടുേമ്പാള്‍ നോണ്‍ എസി ബസ്സും സര്‍വീസ് നടത്തുന്ന വിധമാണ് ഷെഡ്യൂള്‍. നിലക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും 200 നോണ്‍ എസി ബസ്സുകള്‍ ഓടുന്നുണ്ട്. നിലക്കല്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് 250 സൂപ്പര്‍ ക്ലാസ് ബസ്സുകളും സര്‍വീസ് നടത്തും.
മകരവിളക്കിനോടടുത്ത ദിവസങ്ങളില്‍ നിലക്കല്‍, പത്തനംതിട്ട ഡിപ്പോകളില്‍ നിന്ന് 1000 ബസ്സുകള്‍ ഓടിക്കും. ആവശ്യമെങ്കില്‍ അധിക ബസ്സുകള്‍ സര്‍വീസിനിറക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം പമ്പ കഴിഞ്ഞ് ത്രിവേണി വരെ തീര്‍ത്ഥാടകരെ എത്തിക്കും. അവിടെ നിന്ന് ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരെ പമ്പയിലേക്ക് സൗജന്യമായി എത്തിക്കും. ചെങ്ങന്നൂര്‍, പത്തനംതിട്ട, പമ്പ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും സജ്ജമായ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. നിലക്കലിലേയും പമ്പയിലേയും തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ബാര്‍ കോഡ് സഹിതമുള്ള ഡിജിറ്റല്‍ ടിക്കറ്റിങ് സിസ്റ്റമാണ് നടപ്പാക്കുക. കണ്ടക്ടര്‍മാരില്ലാത്ത ബസ്സിലേക്ക് ബാര്‍ കോഡ് പരിശോധിച്ച് ഉറപ്പാക്കി ആളെ കയറ്റും. നിലക്കലില്‍ 15ഉം പമ്പയില്‍ 10ഉം ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. കറന്‍സിക്ക് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകും. ക്യൂആര്‍ കോഡിന്റെ സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായി ഈ സംവിധാനം പോലിസ് വകുപ്പുമായി ബന്ധിപ്പിക്കും. നിലക്കലില്‍ പത്തും പമ്പയില്‍ അഞ്ചും സെല്‍ഫ് ടിക്കറ്റ് കിയോസ്‌കുകള്‍ സ്ഥാപിക്കും. പമ്പയിലും നിലക്കലിലും ആദ്യമായി ക്ലോക്ക്‌റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് കൊച്ചി വിമാനത്താവളം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ‘അയ്യപ്പ ദര്‍ശന്‍’ എന്ന പേരില്‍ ടൂര്‍ പാക്കേജിന് രൂപംനല്‍കിയിട്ടുണ്ട്. എസി ബസ്സുകള്‍, കുടിവെള്ളം, വൈഫൈ, മൊബൈല്‍ റീചാര്‍ജ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും അരവണ പായസം എത്തിച്ചു നല്‍കും. ഇവര്‍ക്ക് വേണ്ടി ക്ലോക്ക്‌റൂം സൗകര്യവും നല്‍കും. റെയില്‍വേ, ബസ് സ്‌റ്റേഷനുകളില്‍ നിന്നും പമ്പയിലേക്ക് ബസ് സൗകര്യമൊരുക്കും. പമ്പയിലും നിലക്കലിലും സഞ്ചരിക്കുന്ന വര്‍ക്‌ഷോപ്പുകളും പ്രവര്‍ത്തിക്കും. 800 ജീവനക്കാര്‍ മുഴുവന്‍സമയ സേവനത്തിന് സജ്ജരായി ഉണ്ടാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss